സി.പി.എമ്മിനെ വെട്ടിലാക്കി ജലീല്‍
കൊച്ചി: സഹകരണ ബാങ്കില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമുള്ള കോടികളുടെ നിക്ഷേപത്തെക്കുറിച്ച് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീല്‍ എം.എല്‍.എയുടെ ആവശ്യം സി.പി.എമ്മിനെ വെട്ടിലാക്കി. ജലീലിന്റെ നടപടിയില്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ഇന്നലെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. സ്വര്‍ണക്കടത്തടക്കമുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയെ സി.പി.എം എതിര്‍ക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേയാണെങ്കില്‍ പോലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാഗതം ചെയ്യുന്നതു തിരിച്ചടിയാകുമെന്നു കണ്ടാണ് ജലീലിനു സി.പി.എം പിന്തുണ നല്‍കാതെ പരസ്യമായി തള്ളിപ്പറഞ്ഞത്. സഹകരണ മേഖലയിലെ സാമ്പത്തികമായ പരാതി ഇ.ഡി അന്വേഷിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നു സര്‍ക്കാരിനും സി.പി.എമ്മിനുമറിയാം. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്കെതിരേയാണെങ്കിലും അന്വേഷണത്തിന് ഇ.ഡി വേണ്ടെന്ന് സി.പി.എം പറയുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സി.പി.എം സമരത്തിലാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ജലീല്‍ ഇ.ഡി അന്വേഷന്മാവശ്യപ്പെട്ടത്. സംസ്ഥാനത്ത് സി.പി.എമ്മിനു വലിയ സ്വാധീനമുള്ള മേഖലയാണ് സഹകരണ പ്രസ്ഥാനം. അവിടേക്കു കൂടി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെത്തിയാല്‍ അതു രാഷ്ട്രീയമായി ദോഷമാകുമെന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്. ഇതുകൊണ്ടാണ് തന്റെ അതിവിശ്വസ്തനായിട്ടും ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയനു തള്ളിപ്പറയേണ്ടിവന്നത്. പിന്നാലെ സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും സഹകരണ മന്ത്രി വി.എന്‍ വാസവനും ജലീലിനെ തള്ളിപ്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."