കാമറാമാന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റഷ്യന്‍ മന്ത്രി മലമുകളില്‍ നിന്ന് വീണു മരിച്ചു
മോസ്‌കോ: കാമറമാന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ മന്ത്രി മലമുകളില്‍ നിന്ന് വീണുമരിച്ചു. അത്യാഹിതവകുപ്പു മന്ത്രി യെവ്‌ഗെനി സിനിചെവ് (55) ആണ് മരിച്ചത്.
ആര്‍ട്ടിക് പ്രദേശത്ത് വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മലഞ്ചെരുവിന്റെ അരികില്‍ നില്‍ക്കുന്നതിനിടെ കാമറാമാന്‍ കാല്‍വഴുതി വീഴുകയായിരുന്നു. പെട്ടെന്ന് സിനിചെവ് കാമറാമാനെ രക്ഷിക്കാനായി എടുത്ത് ചാടി. ചാട്ടത്തിനടയില്‍ പാറയില്‍ ഇടിച്ച് മരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടെയുള്ളവര്‍ക്ക് മനസ്സിലാകുന്നതിന് മുമ്പ് മന്ത്രി എടുത്തുചാടിയെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിയാണ് സിനിചേവ്. സോവിയറ്റ് യൂണിയന്റെ അവസാന വര്‍ഷങ്ങളില്‍ കെ.ജി.ബി സുരക്ഷാ സര്‍വിസില്‍ അംഗമായിരുന്നു സിനിചേവ്. 2006 നും 2015 നും ഇടയില്‍ പുടിന്റെ സുരക്ഷാ വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു. കാലിനിന്‍ഗ്രാഡിന്റെ ആക്ടിംഗ് ഗവര്‍ണറായും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എഫ്.എസ്.ബി) ഡെപ്യൂട്ടി ഹെഡ്ഡായും സേവനമനുഷ്ഠിച്ചിരുന്നു.
2018 മെയ് മാസത്തിലാണ് യെവ്‌ഗെനി സിനിചെവ് അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."