ജാതി സെന്‍സസും രാഷ്ട്രീയ പാര്‍ട്ടികളും
കാനേഷുമാരിയില്‍ ജാതിപരമായ സ്ഥിതി വിവരങ്ങളും ശേഖരിക്കണമെന്ന നിലപാട് വിവാദമായി തുടരുകയാണ്. ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ചിലരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ജാതി സെന്‍സസ് നടത്താനുള്ള ശ്രമം രാജ്യം വിഭജിക്കുന്ന നടപടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു. കേരളത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജാതി സെന്‍സസിനെതിരേ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ബിഹാര്‍ നടപടിയെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തത്. പിന്നോക്ക വിഭാഗങ്ങളുടെയും അതി പിന്നോക്ക വിഭാഗങ്ങളുടെയും അംഗബലത്തിന്റെ സത്യം ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഭയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തിന്റെ അടിത്തറയില്‍ രൂക്ഷമായ ജാതി അസമത്വവും ക്രൂരമായ വിവേചനങ്ങളും മറച്ചുവച്ച് ഹിന്ദു വര്‍ഗീയതയില്‍ ജനങ്ങളെ ഏകീകരിച്ച വോട്ടു ബാങ്ക് ചോര്‍ന്നുപോകുമെന്ന ഭയമാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിറളി പിടിപ്പിക്കുന്നത്. ജാതി സെന്‍സസ് ഓരോ ജാതിയും പരസ്പരമുള്ള ഏറ്റുമുട്ടല്‍ സൃഷ്ടിക്കും എന്നാണ് അവര്‍ അനുയായികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ജാതി അതിനീചവും ക്രൂരവുമായ സാമൂഹിക വ്യവസ്ഥയും വിവേചനത്തിന്റെയും മാറ്റി നിര്‍ത്തലിന്റെയും അസമത്വത്തിന്റെയും പ്രതിഭാസവുമാണ്. ചിലര്‍ കരുതിയതു പോലെ ജാതി ഒരു മനോഭാവവും വേണ്ടെന്നു വച്ചാല്‍ ഇല്ലാതാകുന്നതുമായ ഒന്നല്ല. ജാതി ഒരു ഘടന കൂടിയാണ്. കാള്‍ മാക്‌സിന്റെ വിശകലനത്തില്‍ പറയുന്നതുപോലെ അത് കേവലം ഉപരിഘടന അല്ലെങ്കില്‍ മേല്‍ക്കൂര മാത്രമല്ല. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ സംബന്ധിച്ച് മറ്റെല്ലാ ഘടകങ്ങളെയും മതം, ജാതി, വംശബോധം, വര്‍ണം, ലിംഗം തുടങ്ങി എല്ലാ ഭേദചിന്തകളും ഉപരിഘടനയുമായി മാത്രം ബന്ധപ്പെട്ടതാണ്. ശാസ്ത്രീയം എന്ന് പരിവേഷംകൂടി നല്‍കിക്കഴിഞ്ഞതോടെ ആ ചിന്ത ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ലോകത്തെല്ലായിടത്തും രൂഢമൂലമായി. തല്‍ഫലമായാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഒരു സ്ഥായീഭാവംപോലെ കഴിഞ്ഞ മൂവായിരത്തിലധികം വര്‍ഷങ്ങളായി നിലനിന്നിട്ടും കമ്യൂണിസ്റ്റുകള്‍ അതിനെ കേവലമൊരു ഉപരിഘടനയാണെന്നും അടിസ്ഥാന ഘടനയായ സാമ്പത്തിക ഘടനയില്‍ മാറ്റം വരുന്നതിനനുസരിച്ച് താനെ മാറ്റംവരുമെന്നും കാണുവാന്‍ ഇടയായത്. അതിനാല്‍ സാമ്പത്തിക മാറ്റത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ജാതിപോലുള്ള ഉപരിഘടനയിലെ ഒരു പ്രശ്‌നം കാംപയിന്‍ എന്ന നിലയിലെ എടുക്കേണ്ടതുള്ളൂ എന്ന് അന്ധമായി വിശ്വസിച്ചത്. ജാതിയെയും മതത്തെയും ഒരേ ഗണത്തില്‍ പെടുത്തി പിന്‍തിരിപ്പന്‍ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തികളായി അവര്‍ പ്രചാരണം നടത്തുകയും ചെയ്തു. ജാതീയത ഒരാളുടെ ജന്മംകൊണ്ട് സമൂഹം ആ വ്യക്തിക്കുമേല്‍ ചാര്‍ത്തുന്നതാണ്. അതിന് രണ്ടുവശം ഉണ്ട്. ഒരു വ്യക്തി സ്വയം തെരഞ്ഞെടുക്കുകയല്ല ജാതി എന്നതുപോലെ വ്യക്തിപരമായ ആചരണം താന്‍ നടത്തുന്നില്ല എന്നതുകൊണ്ട് സാമൂഹികമായി ജാതി ഇല്ലാതാകുന്നില്ല. അക്കാര്യത്തില്‍ കമ്യൂനിസ്റ്റുകളെ വലിയ പിഴവിലേയ്ക്കാണ് അവരുടെ 'ശാസ്ത്രീയ' പ്രത്യയശാസ്ത്രം വഴിതെറ്റിച്ചത്. കമ്യൂനിസ്റ്റുകള്‍ തുടക്കംമുതലേ സംവരണനയത്തെ എതിര്‍ത്തതിന് കാരണവും അതല്ലാതെ മറ്റൊന്നുമല്ല. ജാതി വിജ്ഞാനത്തിലും അധികാരത്തിലും അവസരങ്ങള്‍ നിഷേധിക്കുന്നു. അത് കഴിവുകള്‍ മുരടിപ്പിക്കുന്നു. കഴിവുകള്‍ മുരടിപ്പിക്കുന്നത് വീണ്ടും അവസരങ്ങള്‍ നിഷേധിക്കുന്നു. കഴിവില്ലാത്തത് അല്ല മറിച്ച് അവസരങ്ങള്‍ ലഭ്യമല്ലാത്തതാണ് പ്രശ്‌നം.
1957 ല്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായി ഭരണ പരിഷ്‌കാര കമ്മിറ്റി രൂപീകരിക്കുകയും ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ശുപാര്‍ശ നടത്തുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തിയതിനാല്‍ അത് മാറ്റാന്‍ കഴിഞ്ഞില്ല. സാമ്പത്തിക സംവരണമെന്ന വിചിത്ര വാദം ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. അന്ന് മുതല്‍ ഇന്നോളം സാമ്പത്തിക സംവരണം എന്ന ജാതി സമൂഹത്തിലെ നല്ല മുദ്രാവാക്യമായി കമ്യൂനിസ്റ്റുകള്‍ അതിനെ കാണുന്നു. സാമ്പത്തിക സമത്വത്തിന് പകരം സാമ്പത്തിക സംവരണം ഉയര്‍ത്തിപ്പിടിക്കുന്നു. 1989 ല്‍ ദേശീയ മുന്നണിയുടെ വി.പി സിങ് സര്‍ക്കാര്‍ അധികാരത്തിലേറി 1,990 മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പ്രഖ്യാപിക്കുന്നത് വരെ അവര്‍ സാമ്പത്തിക സംവരണം മാത്രം ഉയര്‍ത്തിപ്പിടിച്ചു.
സോഷ്യലിസ്റ്റ്‌നേതാവ് മധു ലിമായുടെ ലേഖനത്തിന്റെ ആദ്യഭാഗം തുടങ്ങുന്നത് പാര്‍ലമെന്റില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ബ്രാഹ്മണനായ നെഹ്‌റുവിന്റെ കൊച്ചുമകന്‍ രജീവ്ഗാന്ധി, ബി.ജെ.പിയുടെ സിന്ധി ബ്രാഹ്മണന്‍ ലാല്‍ കൃഷ്ണ അഡ്വാണി, സി.പി.എമ്മിലെ ബംഗാളി ബ്രാഹ്മണന്‍ സോമനാഥ ചാറ്റര്‍ജി, സി.പി.ഐയിലെ മൈഥിലി ബ്രാഹ്മണന്‍ ഭോഗേന്ദ്ര ത്സാ എന്നിവര്‍ ആദ്യം എതിര്‍ക്കുകയുണ്ടായി എന്ന വസ്തുതയാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചു ആ പരാമര്‍ശം ജാതിപരമായ 54 ശതമാനം പിന്നോക്ക വിഭാഗങ്ങളുടെ അധികാരപങ്കാളിത്തം കേവലം ആറ് ശതമാനത്തില്‍ താഴെമാത്രമാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു. രാജ്യത്തെ വിഭജിക്കുമെന്ന വാദം അന്ന് വളരെ ശക്തിയോടെ ഉന്നയിച്ചതാണ്. അര്‍ഥമില്ലാത്ത അത്തരം വാദഗതികളെയെല്ലാം ഖണ്ഡിച്ചു പിന്നോക്ക സംവരണത്തിന്റെ ആവശ്യകത മധു ലിമായെ സമര്‍ഥിച്ചു. അത് രാജ്യത്തൊട്ടാകെ പുതിയ ചിന്താഗതി ശക്തമായി വേരുറപ്പിച്ചെടുത്തു. രാഷ്ട്രീയത്തിന്റെ ഒരു കേന്ദ്രവിഷയമായിതീര്‍ന്നു ജാതി. എന്നാല്‍ പ്രതിലോമ ശക്തികള്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. അതിനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് നൂറ്റാണ്ടുകളായുള്ള ജാതിയുടെ മനസ് ശ്രമിച്ചത്.
നമ്പൂതിരിപ്പാടും രാഷ്ട്രീയ നിലനില്‍പ്പിനായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയ വി.പി സിംഗും അക്കൂട്ടത്തില്‍ വരുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടുന്നവരുണ്ടാകാം. സംവരണം നൂറ്റാണ്ടുകളായി അധികാരപങ്കാളിത്തം കിട്ടാതെ വന്നവര്‍ക്ക് മുന്‍ഗണനാപരമായി അവസരങ്ങള്‍ ഉറപ്പാക്കുന്നത് അട്ടിമറിക്കുന്നവിധം സാമ്പത്തികമായി പാവപ്പെട്ടവര്‍ക്ക്കൂടി സംവരണം നല്‍കണമെന്ന വാദ ഗതിയാണ് അവര്‍ ഉയര്‍ത്തിയത്. പിന്നീട് വി.പി സിംഗ് 10 ശതമാനം സാമ്പത്തികമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സംവരണം വേണമെന്ന് വാദിച്ചു. ഏറെ വാചക കസര്‍ത്ത് നടത്തി, ബഹളം കൂട്ടിയ യോഗ്യത (മെരിറ്റ്) പ്രശ്‌നമല്ലാതായി മാറി. അതിന്റെ ജാതി പരമായ ഉദ്ദേശ്യം പിന്നീട് പ്രകടമായി കാണാവുന്നതാണ്. മുന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് സാമ്പത്തിക സംവരണം. പാവപ്പെട്ടവര്‍ ജാതിപരമായ പിന്നോക്ക വിഭാഗത്തില്‍പെട്ടവരുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ടാണോ. ജാതി സംവരണം താഴ്ന്ന ജാതികളിലെ പാവപ്പെട്ടവര്‍ക്ക് അല്ല. അത് സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് ആണല്ലോ. ഫലത്തില്‍ പകുതിപ്പേര്‍ക്ക് പിന്നോക്ക, മുന്നോക്ക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് അധികാരകുത്തക നിലനിര്‍ത്തുന്ന മുന്നോക്ക വിഭാഗത്തിന് 10 ശതമാനം സംവരണം എന്ന അവസ്ഥയുണ്ടാക്കും.
ബി.ജെ.പിയുടെ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോക്ക സംവരണം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് ഇടതു ജനാധിപത്യ മുന്നണിയുടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സംവരണം കൊണ്ടുവന്നത്, 90 ശതമാനം മുന്നോക്ക വിഭാഗം ജോലി ചെയ്യുന്ന അവിടെ വീണ്ടും 10 ശതമാനം മുന്നോക്ക സംവരണം. ജാതിപരമായ അസമത്വം നീക്കണമെന്നും സാമൂഹികസമത്വം സാമ്പത്തിക സമത്വം പോലെ കൈവരിക്കണമെന്നും വാദിക്കുമ്പോള്‍ സവര്‍ണരെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യണമെന്നോ അല്ല, സമത്വപൂര്‍ണമായ സമൂഹം കൈവരിക്കുകയാണ് ലക്ഷ്യം. തൊഴില്‍ എന്ന ആവശ്യത്തിനല്ല മറിച്ച് അധികാര പങ്കാളിത്തമാണ് സംവരണത്തിന്റെ ലക്ഷ്യം. വീതം വച്ചു കൊടുക്കല്‍ അല്ല, മറിച്ച് സമൂഹത്തിന്റെ പൊതുവായ ജനാധിപത്യവല്‍ക്കരണവും ലക്ഷ്യമാണ്. അതിന് മുന്നോക്ക, പിന്നോക്ക വിഭാഗങ്ങളുടെ ഐക്യമാണ് കൈവരിക്കേണ്ടത്. അതുകൊണ്ട് തന്നെ സമവാക്യ സംഖ്യാബലത്തിന്റെ കണക്കുകൂട്ടലുകള്‍ക്കല്ല പ്രസക്തി. അതേസമയം, സാമൂഹികമായ പിന്നോക്ക വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് ആ വിഭാഗങ്ങളില്‍ അവബോധം ഉണ്ടാക്കുകയും വേണം.
ജാതി സെന്‍സസും രാഷ്ട്രീയ പാര്‍ട്ടികളും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."