സഊദിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: കിഴക്കൻ സഊദിയിലെ ദമാമിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടിൽ ജോൺ – സെലിൻ ദമ്പതികളുെട മകൾ ജോമി ജോൺ സെലി(28) നെയാണ് ആശുപത്രി ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് നടന്ന മരണത്തിൽ ദുരൂഹത ഉയർത്തി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ദമാമിൽ സ്വകാര്യ ആശുപത്രിയിൽ മൂന്നുവർഷമായി നഴ്സായി ജോലിനോക്കുന്ന ജോമി രണ്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
തലേദിവസം നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജോമിയെ ബുധനാഴ്ച രാവിലെയാണ് ആശുപത്രി ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോമിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിന് സമീപമുള്ള ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, ആത്മഹത്യ ചെയ്യാൻ മാത്രമുള്ള കാര്യമായ പ്രശ്നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ശരീരത്തിൽ മറ്റ് അടയാളങ്ങളൊന്നുമില്ലെന്ന് പോലീസ് റിപ്പോർട്ടും വ്യക്തമാക്കുന്നു. ദുരൂഹതകൾക്കുള്ള മറുപടി ലഭിക്കാൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."