വല്ലിമ്മ പോയന്ന് പകൽ
ഷിദില്‍ ചെമ്പ്രശ്ശേരി
വല്ലിമ്മ പോയന്ന് പകല്‍
ഒറ്റക്കുണര്‍ന്നിരിക്കണു!
ബ്രഷുകള്‍ താനെ കുളിച്ചൊരുങ്ങി.
അട്ടിപ്പാത്രം നേരം വൈകീട്ടും
അന്നം തേടിയലഞ്ഞു.
ഊറിയ കണ്ണുകള്‍ക്ക് വര പിഴച്ചു.
യൂനിഫോമുകള്‍ ചുളിവും പേറി
സ്‌കൂളിലേക്ക് വലഞ്ഞ് നിശബ്ദമായി.
തനിയെ ആടില്ലെന്ന് ചിണുങ്ങി
ഊഞ്ഞാലു പിന്നെ
ചരടുപൊട്ടിച്ചു.
അടുപ്പില്‍ വിറകുകയറിയില്ല.
കഞ്ഞിക്കലം വെന്തില്ല.
മുറ്റത്തെ കുറ്റിച്ചൂല്
ബെല്‍റ്റയഞ്ഞ് ആരെയോ തേടി
വേലിചാടി.
അന്തിത്തിരിക്കും
മുറിവില്‍ ചുറ്റാനും
എളുപ്പം ചിന്തിക്കിട്ടും
പഴഞ്ചേലകള്‍ വീടുമാറിപ്പോയി.
തീന്‍ മുറിയില്‍
ഉപ്പോ പുളിയോ പിഴക്കവേ
രണ്ട് കൈകള്‍
വേവാത്തതിന്റെ അരുചി..!
കടിച്ചു വിഷംകളയാന്‍
തായ്ത്തടി വേരായ്
ആരും വന്നില്ല.
ആലയില്‍ പുല്ലും പിണ്ണാക്കും മുളച്ചില്ല.
വീടു പടുത്തപ്പോള്‍
അതിരുകല്ലും കിട്ടാനില്ല.
എന്നാലും,
പറമ്പില്‍ അടിമുടി
പൂത്തുലഞ്ഞങ്ങനെ നില്‍ക്കുന്നു
വകതിരിവില്ലാത്തൊരു പാഴ്മരം.
വീടപ്പടി കുഴിമൂടിവച്ചൊരാ
പുതുമണ്ണിലായതതിന്റെ ഭാഗ്യം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."