സാമുദായിക മൈത്രി തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നു: വി.ഡി സതീശന്‍
കൊച്ചി: പാലാ ബിഷപ്പിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഇതില്‍ ഏറെയും കൈകാര്യം ചെയ്യുന്നത് സംഘ്പരിവാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സംഘ്പരിവാര്‍ അജണ്ടയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ പെട്ടുപോകരുത്. പ്രസ്താവനയ്ക്കു പകരമായി ചിലര്‍ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. ഇതും എതിര്‍ക്കപ്പെടേണ്ടതാണ്. പരസ്പരമുള്ള സംഘര്‍ഷങ്ങളും പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണം. കേരളത്തില്‍ സമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷി ചേരാതെ ഇല്ലാതാക്കന്‍ ശ്രമിക്കും. കേരളത്തില്‍ മതസൗഹാര്‍ദവും മതമൈത്രിയും നിലനില്‍ക്കണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും ഇതു വഷളാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പാലാ ബിഷപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകമായി പരിഗണിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കണം. അല്ലാതെ അത് കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുത്. മുസ്‌ലിം വിരുദ്ധത ഉണ്ടാക്കാന്‍ ചിലയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ട്. ഇതിന് കൗണ്ടറായി ക്രൈസ്തവ വിരുദ്ധതയും ഉണ്ടാകും. ഇരു മതവിഭാഗങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ അകലും. എന്തിനാണ് കേരളത്തില്‍ അങ്ങനെയൊരു അകല്‍ച്ചയുടെ ആവശ്യം. താഴെതട്ടില്‍ പൊട്ടിത്തെറികളുണ്ടാതിരിക്കാന്‍ രണ്ടുവിഭാഗവും ശ്രമിക്കണമെന്നും സമുദായ സംഘര്‍ഷമുണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."