ഡൊമിനിക് ലാപിയർ കൊതിതോന്നുന്ന ജീവിതം
ഡൽഹി നോട്സ്
കെ.എ സലിം
13ാം വയസിൽ പിതാവിനൊപ്പം അമേരിക്കയിലൂടെ നടത്തിയ യാത്രകളിലാണത്രെ ഡൊമിനിക് ലാപിയറിൽ എഴുത്ത് അധിനിവേശം നടത്തിയത്. ഫ്രാൻസ് കോൺസൽ ജനറലായിരുന്നു ഡൊമിനിക്കിന്റെ പിതാവ്. വേനലവധിക്കാലങ്ങളിൽ 1927 മോഡൽ നാഷ് കാറിൽ മാതാവിനൊപ്പം അമേരിക്കയിലെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചു ഡൊമിനിക്. പിന്നീട് യാത്രകൾ തനിച്ചായി. റോഡുകളിൽ തനിക്കറിയാത്തവർക്കൊപ്പമായിരുന്നു യാത്ര. റോഡിലിറങ്ങി കൈകാണിച്ചു നിർത്തുന്ന വാഹനങ്ങളിൽക്കയറും. അത് ചിലപ്പോൾ അപരിചിതനായ യാത്രാഭ്രാന്തന്റെ കാറാകാം. അല്ലെങ്കിൽ മെക്‌സിക്കോയിലേക്ക് ചരക്കുമായി പോകുന്ന ട്രക്കാകാം. ഇത്തരത്തിലൊരിക്കൽ ഷിക്കാഗോയിൽ നിന്ന് കൂടെക്കൂട്ടിയ ട്രക്ക് ഡ്രൈവർ ഡൊമിനിക്കിന്റെ സ്യൂട്ട്‌കേയ്‌സ് മോഷ്ടിച്ചു. പൊലിസ് അയാളെ കണ്ടെത്തി പിടികൂടും മുമ്പ് ഡൊമിനിക്ക് തന്നെ ഡ്രൈവറെ തേടിപ്പിടിച്ച് സ്യൂട്ട്‌കേയ്‌സ് തിരിച്ചുമേടിച്ചു. ഈ യാത്രകളെക്കുറിച്ചെഴുതിയാണ് ഡൊമിനിക് ലാപിയർ രചനാജീവിതം തുടങ്ങുന്നത്.
അദ്ദേഹത്തിന്റെ ഒരു ലേഖനത്തിന് ഷിക്കാഗോ ട്രൈബ്യൂൺ അക്കാലത്ത് 100 ഡോളർ വരെ പ്രതിഫലം നൽകുമായിരുന്നു. കീശയിൽ 30 ഡോളർ മാത്രം കരുതി 20,000 മൈൽ ദൂരം ലാപ്പിയർ യാത്ര നടത്തി. അങ്ങനെയാണ് എ ഡോളർ ഫോർ തൗസന്റ് കിലോമീറ്റേഴ്‌സ് എന്ന ആദ്യപുസ്തകം പിറക്കുന്നത്. അക്കാലത്ത് ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം. സിറ്റി ഓഫ് ജോയ്, സ്വാതന്ത്ര്യം അർധരാത്രിയിൽ, ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപ്പാൽ തുടങ്ങി എക്കാലവും സൂക്ഷിച്ചുവയ്‌ക്കേണ്ട ഒരു കൂട്ടം പുസ്തകങ്ങളുണ്ട് ഡൊമിനിക് ലാപിയറുടേതായി നമ്മുടെ പുസ്തകപ്പുരയിൽ.
18ാം വയസിൽ ഈസ്റ്റേൺ പെൻസിൽവാനിയയിലെ ലാഫായറ്റ് കോളജിൽ സാമ്പത്തികശാസ്ത്രം പഠിക്കാൻ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി ഡൊമിനിക്. വൈകാത അവിടെ ജംഗ്‌യാർഡിൽ സൂക്ഷിച്ചിരുന്ന പഴയ ക്രൈസ്ലർ കാർ 30 ഡോളറിന് വാങ്ങി. ഇതേ കാലത്താണ് ഫാഷൻ ഡിസൈനറുമായി ഡൊമിനിക് പ്രണയത്തിലാവുകയും 21ാം വയസിൽ അവരെ വിവാഹം കഴിക്കുകയും ചെയ്യുന്നത്. തന്റെ പഴയ ക്രൈസ്ലറിൽ കീശയിൽ 300 ഡോളർ മാത്രം കരുതി അവരുമൊപ്പം മെക്‌സിക്കോയിലേക്ക് കാറോടിച്ചായിരുന്നു ഹണിമൂൺ യാത്ര. വണ്ടിക്ക് ഇന്ധനം നിറയ്ക്കാനും കുറച്ച് ദിവസത്തേക്കുള്ള സാൻഡ് വിച്ച് വാങ്ങാനും മാത്രമേ ആ തുക തികയുമായിരുന്നുള്ളൂ. തെരുവിലും വിലകുറഞ്ഞ ഹോട്ടലുകളിലും ഉറങ്ങിയായിരുന്നു യാത്ര. വഴിയിലൊരിടത്ത് നിന്ന് റേഡിയോ ഗെയിംഷോയിൽ പങ്കെടുക്കുകയും 300 ഡോളറും ഒരു കേസ് കാംപൽ സൂപ്പും സമ്മാനമടിക്കുകയും ചെയ്തു. മൂന്നാഴ്ച അവർ ആകെ കഴിച്ചത് ഈ സൂപ്പ് മാത്രമാണ്. സാൻഫ്രാൻസിസ്‌കോയിലെത്തിയ ലാപിയർ 300 ഡോളറിന് ക്രൈസ്ലർ വിറ്റു. ആ തുക കൊണ്ട് ജപ്പാനിലേക്ക് പോകുന്ന എസ്.എസ് പ്രസിഡന്റ് ക്ലീവ്‌ലാന്റ് കപ്പലിൽ രണ്ടു ടിക്കറ്റ് വാങ്ങി.
ജപ്പാനുമപ്പുറം ഹോങ്കോങ്ങും തായ്‌ലൻഡും ഇന്ത്യയും പാകിസ്താനും ലബനാനും ഇറാനും തുർക്കിയും കടന്ന് യാത്ര നീണ്ടു. പാരീസിൽ തിരിച്ചെത്തിയ ലാപിയർ രണ്ടാമത്തെ പുസ്തകമെഴുതി, ഹണിമൂൺ എറൗണ്ട് ദ എർത്ത്. പാരിസിലെ ശിഷ്ടകാലം സുഖമായിരിക്കുമെന്നാണ് ലാപ്പിയറുടെ കണക്കുകൂട്ടൽ തെറ്റി. യുദ്ധത്തിലേക്ക് രാജ്യം വഴുതിവീണുകൊണ്ടിരിക്കുന്ന കാലമായിരുന്നു. 1954ൽ ലാപിയർക്ക് ടാങ്ക് റെജിമെന്റിൽ സേവനമനുഷ്ഠിക്കേണ്ടി വന്നു. പിന്നാലെ സൈനിക ആസ്ഥാനത്ത് ഇന്ററപ്റ്ററായി സ്ഥലം മാറ്റമായി. അവിടെ കഫേയിൽവച്ചാണ് യാലെയിൽ നിന്ന് ബിരുദം നേടിയ അമേരിക്കൻ സൈനികൻ ലാറി കോളിൻസിനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി വളർന്നു. സൈന്യത്തിൽനിന്ന് വിടുതൽ നേടിയ കോളിൻസിന് അമേരിക്കയിൽ വൻകിട കമ്പനിയായ പി ആൻഡ് ജി ഉയർന്ന ശമ്പളത്തിൽ ജോലി ഓഫർ ചെയ്തു.
ജോയിൻ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് യുനൈറ്റഡ് പ്രസ് ഇന്റർനാഷനൽ കോളിൻസിനെ തങ്ങൾക്കൊപ്പം ജോലി ചെയ്യാൻ ക്ഷണിച്ചു. പി ആൻഡ് ജി ഓഫർ ചെയ്ത തുകയേക്കാൾ കുറവായിരുന്നു ശമ്പളം. എന്നാൽ കോളിൻസ് ഈ ജോലിയാണ് സ്വീകരിച്ചത്. വൈകാതെ ന്യൂസ് വീക്ക് കോളിൻസിനെ തങ്ങളുടെ പശ്ചിമേഷ്യൻ റിപ്പോർട്ടറാക്കി. ഇക്കാലത്ത് പാരിസ് മാച്ചിൽ റിപ്പോർട്ടറായി ജോലി ചെയ്യുകയായിരുന്നു ഡൊമിനിക്. തന്റെ ആദ്യ കുഞ്ഞ് അലക്‌സാന്ദ്രയുടെ തലതൊട്ടപ്പനാകാൻ ഡൊമിനിക് വിളിച്ചത് കോളിൻസിനെയാണ്. ജേർണലിസത്തിൽ രണ്ടുവഴിയെ സഞ്ചരിച്ചവർ ഒന്നിച്ച് പുസ്തകമെഴുതാൻ തീരുമാനിച്ചു. അങ്ങനെയാണ് 1965ൽ അനവധി വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വിഖ്യാത കൃതി ഈസ് പാരിസ് ബേണിങ് പിറക്കുന്നത്.
വൈകാതെ ഇരുവരും ജറൂസലമിൽ താമസമാക്കി. 1971ലാണ് ഓ ജറൂസലമെന്ന മറ്റൊരു കൃതിയെഴുതുന്നത്. അക്കാലത്ത് ജറൂസലം നഗരത്തിന്റെ ഒരോ തെരുവും വളവും കെട്ടിടവും കൈവെള്ളയിലെന്നപോലെ പരിചിതമായിരുന്നു ഡൊമിനികിന്. രാപ്പകലില്ലാതെ അവിടെയെല്ലാം അലഞ്ഞു. നൂറുകണക്കിന് അഭിമുഖങ്ങൾ നടത്തി രണ്ടുവർഷത്തെ പഠനത്തിന് ശേഷമാണ് പുസ്തകം തയാറാക്കിയത്. 1975ൽ രണ്ടുപേരും ചേർന്ന് മറ്റൊരു പുസ്തകം കൂടിയെഴുതി, അതായിരുന്നു സ്വാതന്ത്ര്യം അർധരാത്രിയിൽ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചായിരുന്നു പുസ്തകം. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി അഭിമുഖം നടത്തിയും ആവശ്യമായ രേഖകൾ സമ്പാദിച്ചും പഠിച്ചുമായിരുന്നു പുസ്തകം തയാറാക്കിയത്. കുറച്ച് കാലത്തിന് ശേഷം 1985ലാണ് കൊൽക്കത്ത നഗരത്തെ ആസ്പദമാക്കി സിറ്റി ഓഫ് ജോയ് എന്ന നോവൽ ഡൊമിനിക് എഴുതുന്നത്.
2005ൽ കോളിൻസ് മരിക്കുന്നതിന് മുമ്പ് അദ്ദേഹവുമായി ചേർന്ന് ഈസ് ന്യൂയോർക്ക് ബേണിങ് എന്ന പുസ്തകം കൂടിയെഴുതി ഡൊമിനിക്. 1997ൽ ഷാവിയർ മോറോയുമായി ചേർന്നെഴുതിയ പാസ്റ്റ് ഫൈവ് മിഡ്നൈറ്റ് ഇൻ ഭോപ്പാലായിരുന്നു മറ്റൊരു വിഖ്യാത കൃതി. ഈ പുസ്തകത്തിന്റെ റോയൽടിയായി ലഭിക്കുന്ന പണം ഭോപ്പാലിലെ വാതക ദുരന്തത്തിന്റെ ഇരകൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഒരു സന്നദ്ധസംഘടനയ്ക്കാണ് ഡൊമിനിക് നൽകിയത്. കാറുകളും യാത്രകളുമായിരുന്നു ഡൊമിനിക് ലാപിയറുടെ ജീവിതം. ഒരോ യാത്രയിലും ഓരോ ബെസ്റ്റ് സെല്ലർ പിറന്നു. 2007ൽ വൺസ് അപ്പോൺ എ ടൈം ഇൻ ദ സോവിയറ്റ് യൂനിയൻ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശത്തിനായി ഡൽഹിയിലെത്തിയ ലാപിയർ മോസ്‌കോയിലൂടെയും കാർകേവിലുടെയും കീവിലൂടെയുമെല്ലാം നടത്തിയ യാത്രയുടെ കഥകൾ ആവർത്തിച്ചു പറഞ്ഞിരുന്നു.
സാൻഫ്രാൻസിസ്‌കോയിൽ വിറ്റ ക്രൈസ്ലർ കാറിന്റെ ചിത്രം 45 വർഷങ്ങൾക്ക് ശേഷം ഒരു ഫ്രഞ്ച് വിന്റേജ് കാർ മാഗസിന്റെ കവർ ചിത്രമായി വന്നത് കണ്ടത് ലാപിയർ എഴുതിയിട്ടുണ്ട്. പാരിസിൽ വിദ്യാർഥിയായിരിക്കെ പഴയ അമിൽ കാർ വാങ്ങി. അതുമായി കൂട്ടുകാരെയും കൂട്ടി തുർക്കിയിലെ അങ്കാറ വരെ യാത്ര ചെയ്തു. 40ാം വയസ്സിൽ വാങ്ങിയ റോൾസ് റോയിസ് കാറുമായി ബോംബെയിൽ നിന്ന് പാകിസ്താനും അഫ്ഗാനിസ്ഥാനും ഇറാനും തുർക്കിയും കടന്ന് ഫ്രാൻസിലെ സെന്റ് ട്രോപ്പസ് വരെ യാത്ര ചെയ്തിട്ടുണ്ട് ലാപിയർ. ഹൃദയത്തിൽ ജീവിതത്തിന്റെ ലഹരിയും പ്രപഞ്ചം മനോഹരവും ഞാൻ പതിനെട്ടുകാരനുമായിരുന്നു എന്നെഴുതിയത് ആക്‌സൽ മുൻതേയാണ്. കുറച്ചു പേരെ ജീവിതത്തിന്റെ ലഹരിയും പ്രപഞ്ചത്തിൻ്റെ മനോഹാരിതയും കണ്ടറിഞ്ഞിട്ടുള്ളൂ. അതിലും കുറച്ചുപേരേ അത് ലോകത്തിന് പകർന്നു നൽകിയിട്ടുള്ളൂ. 91ാം വയസ്സിൽ പാരിസിൽ അന്തരിച്ച ഡൊമിനിക് ലാപിയർ അതിലൊരാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."