അഴിമതി സഭകളാകരുത് കോർപറേഷനുകൾ
സംസ്ഥാനത്തെ രണ്ട് പ്രമുഖ നഗരസഭകൾ ഇന്ന് പ്രതിരോധത്തിലാണ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നഗരസഭയിൽ പിൻവാതിൽ നിയമനങ്ങൾക്കായി അവസരമുണ്ടാക്കി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയതാണ് ഒരു സംഭവം. മറ്റൊന്ന് കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടിലെ പണം പഞ്ചാബ് നാഷണൽ ബാങ്കിലെ മാനേജർ തട്ടിയെടുത്തതാണ്. വിഴിഞ്ഞം തുറമുഖ സമരത്തിനൊപ്പം കോഴിക്കോട് കോതിയിലും നാട്ടുകാർ സമരത്തിലാണ്. വിഴിഞ്ഞത്ത് തുറമുഖ നിർമാണത്തിനെതിരേയാണെങ്കിൽ കോഴിക്കോട് കോതിയിൽ ജനവാസമേഖലയിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപി ക്കുന്നതിനെതിരേയാണ് സമരം. അതോടൊപ്പം നഗരസഭയുടെ 14.76 കോടി രൂപ പഞ്ചാബ് നാഷണൽ സീനിയർ ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തതാണ് മറ്റൊന്ന്.
നഗരസഭയുടെ പരിധിയിലുള്ള കടമുറികൾക്ക് നമ്പർ നൽകിയതിലെ അഴിമതിയും നഗരസഭക്കെതിരേയുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോർപറേഷന്റെ 6 അക്കൗണ്ടുകളിൽ നിന്നായി 14.76 കോടി രൂപ തട്ടിയെടുത്തത് വൈകിയാണ് നഗരസഭ അറിഞ്ഞതെന്ന് പറയപ്പെടുന്നു. അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണത്രെ ഇത്രയും തുക തട്ടിയെടുത്തതായി കോർപറേഷൻ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം കളിച്ചാണ് ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖാ മാനേജർ എം.പി റിജിൽ തുക തട്ടിയെടുത്തതെന്ന വിശദീകരണം അവിശ്വസനീയമാണ്. കോർപറേഷനിലെയോ ബാങ്കിലെയോ ആരുടെയെങ്കിലും സഹായം കിട്ടാതെ കോടികൾ തട്ടിയെടുക്കാൻ ഒരു ബാങ്ക് മനേജർക്ക് തനിയെ കഴിയുമോ? ഷോപ്പുകൾക്ക് നമ്പർ നൽകിയതിലും അഴിമതിയാരോപണം നേരിട്ടുകൊണ്ടിരിക്കുന്ന കോർപറേഷന്റെ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വിശദീകരണങ്ങൾ അതിനാൽ തന്നെ സംശയാസ്പദമാണ്.
സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോൾ മാത്രമാണത്രെ തുക നഷ്ടപ്പെട്ടതായി അറിയുന്നത്. അക്കൗണ്ടുകളിലേക്ക് പണം ചെല്ലുമ്പോൾ ബാലൻസ് പരിശോധിക്കാൻ കോഴിക്കോട് കോർപറേഷനിൽ ആളോ സംവിധാനമോ ഇല്ലെന്നാണോ അർഥമാക്കേണ്ടത്. ബാങ്ക് മാനേജറുടെ തട്ടിപ്പ് പുറത്തുവന്നതിന് ശേഷമാണ് കോർപറേഷൻ 2019 മുതലുള്ള കണക്കുകൾ പരിശോധിക്കാൻ തുടങ്ങിയത്! തട്ടിപ്പ് പുറത്ത് വന്നിരുന്നില്ലായിരുന്നുവെങ്കിൽ കണക്കുകൾ ഇപ്പോഴും പരിശോധിക്കപ്പെടുമായിരുന്നില്ല.
14.72 കോടി രൂപയുടെ നഷ്ടത്തിൽനിന്ന് പിന്നെയും കോർപറേഷന് തുക നഷ്ടപ്പെട്ടിട്ടുണ്ട്. വീണ്ടും നടത്തിയ പരിശോധനയിൽ 15.24 കോടിയായി നഷ്ടം ഉയർന്നിട്ടുണ്ടെന്ന് കോർപറേഷൻ പറയുന്നുണ്ടെങ്കിലും 12 കോടിയേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് ബാങ്കും പൊലിസും പറയുന്നത്. അപ്പോൾ നഷ്ടപ്പെട്ടതായി കോർപറേഷൻ പറയുന്ന തുക എവിടെപ്പോയി. കോർപറേഷന് നഷ്ടപ്പെട്ട തുക തിരിച്ചുനൽകുമെന്ന് ബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും കോടികൾ തട്ടിച്ചവർ രക്ഷപ്പെടാൻ പാടില്ല. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ച് പ്രതികളുടെ 58 സ്വത്തുക്കൾ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് ജപ്തി ചെയ്തത്.
പി.എൻ.ബി മാനേജർ റിജിൽ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്ന ബാങ്കിന്റെ വിശദീകരണം പൊലിസ് പൂർണമായും സ്വീകരിച്ചിട്ടില്ല. കോർപറേഷനിൽ ഉള്ളവർക്കോ ബാങ്കിലുള്ളവർക്കോ തട്ടിപ്പിൽ പങ്കുണ്ടാകാമെന്നായിരിക്കണം പൊലിസ് കരുതുന്നത്. നഷ്ടമായി എന്ന് കോർപറേഷൻ പറയുന്ന തുകയും ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തമില്ലെന്നിരിക്കെ അക്കൗണ്ടുകളിൽനിന്ന് കോടികൾ നഷ്ടമായത് മാസങ്ങൾക്ക് മുമ്പാണ്. എന്നിട്ടും കോർപറേഷൻ അത് അറിഞ്ഞില്ലെന്ന് പറയുന്നത് കോർപറേഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണ്. ബാങ്ക് അധികൃതർ പൊലിസിൽ പരാതി നൽകിയപ്പോൾ കോർപറേഷനും രംഗത്തെത്തിയെന്നത് ദുരൂഹമാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലെ തട്ടിപ്പ് പുറത്തുവന്നപ്പോൾ മാത്രമാണ് അതിനു മുമ്പെ മെയ്, ജൂൺ മാസങ്ങളിലായി 10.81 കോടി രൂപ നഷ്ടപ്പെട്ട വിവരം കോർപറേഷൻ അറിയുന്നത്.
ഇതോടൊപ്പമാണ് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയെന്ന ആരോപണവും നഗരസഭ ഭരണ സമിതിക്കെതിരേ ഉയർന്നിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ച് സൗത്ത് ബീച്ചിൽ നിർമിച്ച കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് നഗരസഭ അനധികൃതമായി നമ്പർ നൽകിയിട്ടുണ്ട്. അഴിമതിയാരോപണത്തെത്തുടർന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത് അഴിമതിക്ക് ചുക്കാൻ പിടിച്ച ഭരണകക്ഷി അംഗങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന പ്രതിപക്ഷാരോപണവും നിലവിലുണ്ട്.
വർഷങ്ങളായി ഇടത് മുന്നണിയാണ് കോഴിക്കോട് നഗരസഭ ഭരിക്കുന്നത്. കെട്ടിട നിർമാണ അനുമതിയുമായി ബന്ധപ്പെട്ട അഴിമതിയും വർഷങ്ങളായി നഗരസഭയിൽ തുടരുന്നുവെന്നാണ് പ്രതിപക്ഷാരോപണം. കെട്ടിട നമ്പർ നൽകുന്ന സോഫ്റ്റ്‌വെയറിന്റെ പാസ്‌വേർഡ് ഉപയോഗിച്ചാണ് നിയമവിരുദ്ധമായി കെട്ടിട നമ്പർ നൽകിയത്. അഴിമതി നടത്തിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് മറ്റു ജീവനക്കാർ പ്രതിഷേധിച്ചത് വിരോധാഭാസം തന്നെ. തട്ടിപ്പ് നടത്തിയവർക്ക് വേണ്ടി പ്രതിഷേധിക്കുന്നിടം വരെ ചില ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നു. ഏതെങ്കിലും നേതാവിന്റെ പിന്തുണയില്ലാതെ കോഴിക്കോട് കോർപറേഷനിൽ ഇത്തരം അഴിമതികൾ അരങ്ങേറുകയില്ല. അഴിമതിക്ക് കളമൊരുക്കിയ നേതാവിനെതിരേ, അയാൾ എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കാൻ കോർപറേഷൻ ഭരണസമിതി തയാറാകണം. ബാങ്ക് തട്ടിപ്പിന്റെ പിന്നിൽ പ്രവർത്തിച്ച കരങ്ങളും പുറത്തുവരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."