ഒടുവില്‍ ഐക്യം; ഐ.എന്‍.എല്‍ നേതാക്കള്‍ ഒരുമിച്ച് വേദിയില്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഐ.എന്‍.എല്‍ സംസ്ഥാനകമ്മിറ്റിയിലുണ്ടായ ചേരിതിരിവ് പാര്‍ട്ടിയെ പിളര്‍പ്പിലെത്തിച്ചെങ്കിലും അനുരഞ്ജനത്തിന്റെ വഴിതെളിഞ്ഞതോടെ വീണ്ടും ഐക്യം. സെപ്തംബര്‍ അഞ്ചിനു നടന്ന അനുരഞ്ജന സംഭാഷണങ്ങളിലൂടെ വിഭാഗീയതയുടെ മഞ്ഞുരുകുകയായിരുന്നു. ഇന്നലെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരും ഒരുമിച്ചെത്തി.
ജുലൈ 25ന് കൊച്ചിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിലാണ് വിഭാഗീയത പൊട്ടിപ്പുറപ്പെട്ടത്. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അന്നുണ്ടായതെന്ന് വഹാബ് പറഞ്ഞു. അനുരഞ്ജനശ്രമം നടന്നതായി കാസിമും സമ്മതിച്ചു. മദ്ധ്യസ്ഥശ്രമം സ്വാഭാവികമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കാനും ഭിന്നിച്ചുപോകാതിരിക്കാനും ആഗ്രഹിക്കുമ്പോള്‍ മദ്ധ്യസ്ഥരെ ആശ്രയിക്കുന്നത് തെറ്റല്ലെന്നും അവര്‍ പറഞ്ഞു.
ഇടതുമുന്നണിയുടെ അന്ത്യശാസനമുണ്ടായോ എന്ന ചോദ്യത്തിന്, ഇടതുമുന്നണി ഉത്തരവാദിത്വബോധത്തോടെ പ്രശ്‌നത്തില്‍ ഇടപെട്ടു എന്നായിരുന്നു വഹാബിന്റെ മറുപടി. നിങ്ങളുടെ പാര്‍ട്ടിയിലെ പ്രശ്‌നം നിങ്ങള്‍ തന്നെ തീര്‍ക്കണം എന്നു പറഞ്ഞു. അത് നല്ല സമീപനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ചേരിതിരിവ് എന്തിന്റെ പേരിലായിരുന്നു എന്ന ചോദ്യത്തിന് ഇരുനേതാക്കളും വ്യക്തമായ മറുപടി നല്‍കിയില്ല. അധികാരം വീതംവയ്ക്കലിന്റെ പേരിലായിരുന്നില്ല പ്രശ്‌നമെന്ന് വഹാബ് പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം 40 ദിവസംകൊണ്ട് പരിഹരിക്കാന്‍ സാധിച്ചു. അതൊരു വലിയ വിജയമാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ബി. ഹംസഹാജി, സെക്രട്ടറിമാരായ എം.എ ലത്തീഫ്, നാസര്‍കോയ തങ്ങള്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."