പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം
പരുക്കേല്‍ക്കുകയോ രോഗബാധിതനാകുകയോ ചെയ്യുന്ന ഒരാള്‍ക്ക് ആദ്യമായി ലഭിക്കുന്ന ചികിത്സയാണിത്. കൃത്യസമയത്ത് ലഭിക്കുന്ന പ്രഥമ ശുശ്രൂഷ പലപ്പോഴും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രഥമശുശ്രൂഷകന്‍ എപ്പോഴും രോഗിയുടെ സുരക്ഷയ്‌ക്കൊപ്പം സ്വന്തം സുരക്ഷയും ഉറപ്പാക്കണം. പ്രഥമ ശുശ്രൂഷ ചെയ്യാന്‍ പ്രത്യേക സര്‍ട്ടിഫിക്കേഷനുകളുടെ ആവശ്യമില്ല. അപകടം നടന്ന സമയം അവിടെ എത്തിച്ചേരുന്ന ആര്‍ക്കും പ്രഥമശുശ്രൂഷ നല്‍കാം. രോഗിയുടെ ജീവന്‍ നില നിര്‍ത്തുക എന്നതാണ് പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യം. അതോടൊപ്പം അപകടത്തില്‍പ്പെട്ട ഒരാളുടെ അവസ്ഥ മറ്റു കാരണങ്ങളാല്‍ നിലവിലെ അവസ്ഥയില്‍നിന്നും മോശമാവാതിരിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഘടകമാണ്. ശരീരഭാഗങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പഠിക്കുന്നത് പ്രഥമശുശ്രൂഷ മെച്ചപ്പെടുത്താന്‍ സഹായിക്കും. രോഗിയുടെ നിലവിലെ അനസ്ഥയെക്കുറിച്ച് മനസിലാക്കാനും സാഹചര്യം വിലയിരുത്താനുമാണ് ഒരു പ്രഥമശുശ്രൂഷകന്‍ ആദ്യം ചെയ്യേണ്ടത്. വൈദ്യ സഹായം ലഭ്യമാകുന്നതുവരെ അപകടത്തില്‍പ്പെട്ടയാളുടെ കൂടെയുണ്ടാകുക എന്നത് ഒരു പ്രഥമ ശുശ്രൂഷകന്റെ കര്‍ത്തവ്യമാണ്. അപകടത്തില്‍പ്പെട്ടയാളില്‍നിന്നോ പ്രഥമ ശുശ്രൂഷകനില്‍നിന്നോ അണുബാധ തടയാനായി ഗ്ലൗസ് ധരിക്കുന്നത് ഏറെ ഗുണം ചെയ്യും. ഗ്ലൗ ലഭ്യമല്ലാത്ത പക്ഷം വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈകള്‍ പൊതിയേണ്ടതുണ്ട്. കൂട്ടമായ അപകടത്തിന് സാക്ഷിയാകേണ്ടി വന്നാല്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് പ്രഥമ പരിഗണന നല്‍കണം.
വിഷപ്പുക ശ്വസിച്ചാല്‍
വിഷപ്പുക ശ്വസിച്ച് അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കുന്നതിന് മുമ്പ് പ്രഥമ ശുശ്രൂഷകന്‍ സ്വയം സുരക്ഷയെടുക്കുന്നത് നല്ലതാണ്. മാസ്‌കോ വേറെയെന്തെങ്കിലും മുഖാവരണമോ ധരിക്കുന്നത് ഗുണം ചെയ്യും. മുറിക്കുള്ളില്‍വച്ചാണ് അപകടം സംഭവിച്ചിട്ടുള്ളതെങ്കില്‍ അയാളെ എത്രയും പെട്ടെന്ന് മുറിയുടെ പുറത്തേക്ക് കൊണ്ടുവരേണ്ടതാണ്. തുടര്‍ന്ന് ശ്വാസഗതിയും നാഡിമിടിപ്പും പരിശോധിക്കുകയോ ചെയ്യാം.
ശ്വാസതടസം നേരിട്ടാല്‍
രോഗിയുടെ വസ്ത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ശ്രദ്ധിക്കണം. രോഗിക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. രോഗിയെ കമിഴ്ത്തി, നിവര്‍ത്തി കിടത്തുന്നത് (പ്രോണ്‍ വെന്റിലേഷന്‍ പൊസിഷന്‍) ഫലപ്രദമാണ്.രോഗിയോട് ചുമയ്ക്കാന്‍ പറയണം. രോഗി ഇന്‍ഹേലര്‍ പോലുള്ളവ ഉപയോഗിക്കുന്നയാളാണെങ്കില്‍ അവ ഉപയോഗിക്കാനും സഹായിക്കണം.
പാമ്പുകടിയേറ്റാല്‍
പാമ്പുകടിയേറ്റാല്‍ കടിയേറ്റ ഭാഗം ശുദ്ധ ജലത്തില്‍ കഴുകുന്നതല്ലാതെ കടിയേറ്റ ഭാഗം വലുതാക്കാനോ പൊള്ളലേല്‍പ്പിക്കാനോ ശ്രമിക്കരുത്. കടി വായയുടെ മുകളിലായി അമര്‍ത്തി കെട്ടുന്നത് ഒഴിവാക്കണം. രോഗിക്ക് ധൈര്യം പകരണം.
തീപ്പൊള്ളലേറ്റാല്‍
തീ പ്പൊള്ളലേറ്റയാളുടെ ശരീരഭാഗങ്ങളില്‍ വസ്ത്രങ്ങള്‍ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അവ അടര്‍ത്തി മാറ്റാന്‍ ശ്രമിക്കാതിരിക്കണം. അപകടത്തില്‍പ്പെട്ടയാളുടെ വസ്ത്രങ്ങളില്‍ നിന്നോ മറ്റോ തുടര്‍ന്നും തീ പടരുന്നുണ്ടെങ്കില്‍ അതു തടയാന്‍ കട്ടിയുള്ളപുതപ്പ് ഉപയോഗിക്കാവുന്നതാണ്. തീ ശരീരത്തിലേക്ക് പടര്‍ന്നു തുടങ്ങുന്നത് പ്രഥമ ഘട്ടത്തില്‍ തന്നെ തടയാന്‍ തീയേറ്റയാള്‍ ഓടാതിരിക്കണം. നിലത്ത് കിടന്നുരുളുന്നതും ചണച്ചാക്ക് കൊണ്ടോ മറ്റോ മൂടുന്നതും ഗുണം ചെയ്യും. പൊള്ളലേറ്റ ഭാഗത്തുള്ള കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാരമായ പരുക്കേറ്റിട്ടില്ലെങ്കിലോ ആഴത്തിലുള്ള പൊള്ളല്‍ ഇല്ലെങ്കിലോ ഒഴുകുന്ന വെള്ളത്തില്‍ ഇരുപത് മിനുട്ടോളം തണുപ്പിക്കുന്നത് താഴെ ഭാഗത്തുള്ള ചര്‍മത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സഹായിക്കും. ടാപ്പിലെ വെള്ളം ലഭ്യമല്ലെങ്കില്‍ ശുദ്ധിയുള്ള തുണി നനച്ചിടാം. സാരമായ പൊള്ളലാണെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം.
അപസ്മാരം
ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിക്ക് വായുസഞ്ചാരം ഉറപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വസ്ത്രങ്ങള്‍ അയച്ചിടുന്നതും രോഗിയെ ചെരിച്ച് കിടത്തുന്നതും നല്ലതാണ് . അപസ്മാര രോഗികളുടെ കൈകളില്‍ ഇരുമ്പോ താക്കോല്‍ കൂട്ടങ്ങളോ മുറുകെ പിടിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വെള്ളത്തിലുള്ള
അപകടം
വെള്ളത്തില്‍ വീണ് ബോധം നശിച്ച ഒരാളെ എത്രയും പെട്ടെന്ന് വൈദ്യശുശ്രൂഷക്ക് വിധേയമാക്കണം. അതിന് മുമ്പായി അപകടത്തില്‍പ്പെട്ടയാളുടെ കാല്‍ ഉയര്‍ത്തിയും തല താഴ്ത്തിയും കിടത്തുന്നത് ശ്വാസകോശത്തിലെ വെള്ളം വാര്‍ന്ന് പോകാന്‍ സഹായിക്കും. മൂക്കിലൂടെ കൃത്രിമ ശ്വാസം നല്‍കുന്നതും കൈകാലുകള്‍ തിരുമ്മി ചൂടാക്കുന്നതും ഗുണം ചെയ്യും.
ഹൃദയാഘാത ലക്ഷണങ്ങള്‍
ഹൃദയ പേശികളില്‍ ഓക്‌സിജന്‍ കുറയുമ്പോഴാണ് ഹൃദയാഘാത ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നത്. ഓക്‌സിജന്റെ ആവശ്യകതയേറുകയും കൊറോണറി ധമനികളിലെ തടസം കൊണ്ട് ഓക്‌സിജന്‍ കലര്‍ന്ന രക്തം ലഭ്യമാകാതെ വരുമ്പോള്‍ നെഞ്ചുവേദന, ശ്വാസ തടസ്സം,ഛര്‍ദ്ദി,അമിത വിയര്‍പ്പ്,ബോധക്ഷയം എന്നിവ അനുഭവപ്പെടാം. ഹൃദയാഘാതവും(മയോകാര്‍ഡില്‍ ഇന്‍ഫ്രാക്ഷന്‍) ഹൃദയസ്തംഭനവും(കാര്‍ഡിയാക് അറസ്റ്റ്) വ്യത്യസ്തമാണ്. രക്ത ധമനികള്‍ പൂര്‍ണമായും അടഞ്ഞ് രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കുന്ന അവസ്ഥയിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയാഘാത ലക്ഷണം കണ്ടു തുടങ്ങുന്നയാള്‍ക്ക് നെഞ്ചുവേദന കുറയ്ക്കാന്‍ സോര്‍ബട്രേറ്റ് ഗുളികയും ചവച്ച് ഇറക്കാനായി ഡിസ്പ്രിന്‍ ഗുളികയോ നല്‍കാം. ഹൃദയാഘാത ലക്ഷണങ്ങളുള്ള രോഗിക്ക് പ്രാഥമികമായി നല്‍കാവുന്ന ശുശ്രൂഷയാണ് സി.പി.ആര്‍ (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍) രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തി കിടത്തിയ ശേഷം വായയിലും മൂക്കിലുമുള്ള ഉമിനീരും നുരയും തുടച്ച് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗിയുടെ കീഴ്ത്താടി അല്‍പ്പം ഉയര്‍ത്തി പിടിച്ച ശേഷം രോഗിയുടെ നെഞ്ചിന് മുകളിലായി പ്രഥമ ശുശ്രൂഷ ചെയ്യുന്നയാളുടെ ഇടതു കൈപ്പത്തിയും അതിന് മുകളിലായി വലതു കൈപ്പത്തിയും വച്ച് മിനുട്ടില്‍ 80 തവണ വരെ ശക്തിയായി അമര്‍ത്തുകയും അതോടാപ്പം വായയിലൂടെ ശക്തമായി ഊതി കൃത്രിമ ശ്വാസം നല്‍കുകയും വേണം.ശ്വാസ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വരേയോ അടിയന്തിര വൈദ്യസഹായം ലഭ്യമാകുന്നത് വരേയോ ഇത് തുടരാം.അഞ്ച് സെന്റ് മീറ്റര്‍ വരെ ആഴത്തില്‍ ശക്തിയില്‍ അമര്‍ത്തുന്നത് വഴി ഹൃദയം ഞെരുക്കത്തിന് വിധേയമാകുകയും ഹൃദയത്തിന്റെ അറകളിലെ രക്തം പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യാനാണിത്.ഹൃദയ സ്തംഭനം സംഭവിച്ച വ്യ്ക്തിയുടെ നെഞ്ചില്‍മൃദുവായി ഇടിക്കുകയാണ് ചെയ്യേണ്ടത്. ഇതുമൂലം ഹൃദയം ഷോക്കിന് വിധേയമാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരാംരംഭിക്കുകയും ചെയ്യാം.
റോഡപകടങ്ങളില്‍
പലപ്പോഴും നിങ്ങള്‍ക്ക് റോഡപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടാകും. റോഡപകടങ്ങള്‍ക്കിടയില്‍ പരുക്കേറ്റയാള്‍ക്ക് ബോധമുണ്ടോ എന്ന് പരിശോധിക്കലാണ് ആദ്യംചെയ്യേണ്ടത്. ബോധമില്ലെങ്കില്‍ ശ്വാസവും നാഡിമിടിപ്പും പരിശോധിക്കേണ്ടതുണ്ട്. പ്രഥമ ശുശ്രൂഷകന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുന്നുണ്ടെങ്കില്‍ രോഗിക്ക് ധൈര്യം നല്‍കണം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടോയെന്ന് രോഗിയോട് ചോദിച്ചറിയുന്നതോടൊപ്പം രക്തസ്രാവമുണ്ടെങ്കില്‍ അത് നിര്‍ത്താനുള്ള സംവിധാനമുണ്ടാക്കണം. രോഗിയുടെ അസ്ഥികള്‍ നുറുങ്ങിയിട്ടുണ്ടെങ്കില്‍ അവ ഒട്ടും തന്നെ അനങ്ങാത്ത വിധത്തില്‍ ഒരു വടിയുമായോ മറ്റോ ചേര്‍ത്തുകെട്ടണം. ശരീരത്തിനുള്ളിലേക്ക് ലോഹ ഭാഗങ്ങള്‍ വല്ലതും തുളച്ച് കയറിട്ടുണ്ടെങ്കില്‍ അവ ബലം പ്രയോഗിച്ച് വലിച്ചെടുക്കാതിരിക്കാന്‍ ശ്രമിക്കണം. രോഗിയെ എത്രയും പെട്ടെന്ന് ഒരു ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിക്കലാണ് അടുത്ത ഘട്ടം. അടുത്തുള്ള എതെങ്കിലും ആശുപത്രിയില്‍ വിളിച്ച് ആരോഗ്യപ്രവര്‍ത്തകരുമായി രോഗിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച്‌സംസാരിക്കുന്നതും മുന്‍ കരുതലുകളെക്കുറിച്ച് വിദഗ്ധ അഭിപ്രായം ആരായുന്നതും ഗുണം ചെയ്യും. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഇന്ധനച്ചോര്‍ച്ച തടയാനോ വാഹനം ഓഫ് ചെയ്യാനോ മറ്റുള്ളവരുടെ സഹായം തേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."