'ദേശീയ കക്ഷി ക്ലബ്ബി'ലേക്ക് ആം ആദ്മി പാർട്ടിയും
ന്യൂഡൽഹി: ഗുജറാത്തിൽ അക്കൗണ്ട് തുറന്നതോടെ 'ദേശീയ കക്ഷി ക്ലബ്ബി'ലേക്ക് ആം ആദ്മി പാർട്ടിയും. ഇന്ന് ഫലം പുറത്തുവന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ആറു ശതമാനം വോട്ട് ലഭിച്ചതോടെയാണ് എ.എ.പി ദേശീയ പാർട്ടി അംഗീകാരത്തിന് അർഹത നേടിയത്. ഗുജറാത്തിൽ ആറു മണ്ഡലങ്ങളിൽ എ.എ.പി ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.
നിലവിൽ ഡൽഹിയും പഞ്ചാബും ഭരിക്കുന്നത് എ.എ.പിയാണ്. കൂടാതെ ഗോവയിലും എ.എ.പിക്ക് എം.എൽ.എമാരുണ്ട്. ഇതിന് പുറമെയാണ് ഗുജറാത്തിലും അക്കൗണ്ട് തുറന്നത്. നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയും ആറു ശതമാനം വോട്ടുമാണ് ഒരു പാർട്ടിക്ക് ദേശീയ പാർട്ടി എന്ന അംഗീകാരത്തിന് വേണ്ടത്. ഗുജറാത്തിൽ ആറുശതമാനം വോട്ട് ലഭിച്ച സ്ഥിതിക്ക് ദേശീയ കക്ഷിയാവാനുള്ള യോഗ്യത എ.എ.പിക്കായി.
ആം ആദ്മി പാർട്ടി രൂപീകരിച്ച് പത്താം വർഷത്തിലാണ്, പാർട്ടി ദേശീയ പാർട്ടി അംഗീകാരത്തിന് അർഹത നേടുന്നത്. ഇനി ദേശീയ കക്ഷി ബഹുമതിക്ക് ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷനൽകുകയാണ് വേണ്ടത്. രാജ്യത്ത് നിലവിൽ ഏഴു രാഷ്ട്രീയപാർട്ടികൾക്കാണ് ദേശീയ പാർട്ടി അംഗീകാരമുള്ളത്. ബി.ജെ.പി, കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ബി.എസ്.പി, എൻ.സി.പി, തൃണമൂൽ കോൺഗ്രസ് എന്നിവയാണവ.
എ.എ.പിയെ ദേശീയ പാർട്ടിക്കിയതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഡൽഹി പാർട്ടി ആസ്ഥാനത്ത് ബാനറുകളും പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."