അല്‍ശിഫാ ആശുപത്രിക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു video
അല്‍ശിഫാ ആശുപത്രിക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു
ഗസ്സ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന അല്‍ശിഫ ആശുപത്രി സമുച്ചയത്തിന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫക്ക് ചുറ്റും ഇസ്‌റാഈല്‍ ബോംബാക്രമണം തുടരുകയാണെന്ന് ഡയറക്ടര്‍ ജനറല്‍ അബു സാല്‍മിയ അല്‍ ജസീറ അറബിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം പ്രാപിച്ച ഇടം കൂടിയാണ് ഈ ആശുപത്രി.
ഹോസ്പിറ്റലില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന്റെ ഭീകരദൃശ്യങ്ങള്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റ് സലാഹ് അല്‍ ജഫറാവി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'രണ്ട് മുനുട്ട് നീണ്ടു നിന്ന അതിതീവ്ര ഭീകരത. ഇതാണ് ഇപ്പോള്‍ അല്‍ശിഫ ഹോസ്പിറ്റലിനു ചുറ്റും നടക്കുന്നത്. പ്രതിരോധ സേനയും അധിനിവേശ സേനയും തമ്മില്‍ തീവ്രമായ ഏറ്റുമുട്ടല്‍ നടക്കുന്നു. ബോംബ് വര്‍ശവും നടക്കുന്നു.ഇന്ന് രാത്രി മാത്രം അധിനിവേശ സേന 3 തവണ ആശുപത്രിയെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി. ഏതുസമയത്തും ഞങ്ങള്‍ ടാര്‍ഗെറ്റുചെയ്യപ്പെട്ടേക്കാം. സ്ഥിതി വളരെ ദുഷ്‌കരമാണ്. ഈ രാത്രിയില്‍ സംഭവിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ 34 ദിവസമായി സംഭവിച്ചത് ഒന്നുമല്ല…' എന്ന കുറിപ്പോടെയാണ് സലാഹ് വിഡിയോ പോസ്റ്റ് ചെയ്തത്.
അല്‍ശിഫക്ക് പുറമേ അല്‍ഖുദ്‌സ് ആശുപത്രി, പേഷ്യന്റ്‌സ് ഫ്രണ്ട്‌സ് ആശുപത്രി, അല്‍അവ്ദ ആശുപത്രി എന്നിവക്കുനേരെയും ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് താല്‍ അല്‍ഹവായിലെ അല്‍ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചിരുന്നു.
പേഷ്യന്റ്‌സ് ഫ്രണ്ട്‌സ് ആശുപത്രിയുടെ പരിസരം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ആളപായത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അല്‍ അവ്ദ ആശുപത്രിയിലെ ആക്രമണത്തെ കുറിച്ച കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."