ഉവൈസി കോൺഗ്രസിന്റെ സാധ്യത ഇല്ലാതാക്കിയോ? മജ്‌ലിസ് മത്സരിച്ച മണ്ഡലങ്ങളിലെ പ്രകടനം ഇങ്ങനെ
അഹമ്മദാബാദ്: ഗുജറാത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടതിന് പലകാരണങ്ങള്‍ ഉണ്ടെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയായോ? എ.എ.പിയുടെയും മജ്‌ലിസിന്റെയും സാന്നിധ്യം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. എ.എ.പിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടി ആയെങ്കിലും മജ്‌ലിസിന്റെ സാന്നിധ്യം കോണ്‍ഗ്രസിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് മജ്‌ലിസ് മത്സരിച്ച മണ്ഡലങ്ങളിലെ വോട്ട് വിഹിതം സൂചിപ്പിക്കുന്നു.
ഗുജറാത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയ മജ്‌ലിസ് ഒരിടത്തും വിജയിച്ചിട്ടില്ല. മത്സരിച്ച 13 സ്ഥലങ്ങളിലും പാര്‍ട്ടി പരാജയപ്പെട്ടു. ആകെ 0.29 വോട്ട് വിഹാതമാണ് ലഭിച്ചത്. മജ്‌ലിസ് മത്സരിച്ചതെല്ലാം മുസ്ലിം സ്വാധീന മണ്ഡലങ്ങളിലാണ്. 19 മുസ്ലിം സ്വാധീന മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ 17 ഇടത്തും ബി.ജെ.പിയാണ് ജയിച്ചത്. ഈ 19ല്‍ 13ലും മജ്‌ലിസ് മത്സരരംഗത്തുണ്ടായിരുന്നു. ഇത്തവണ ഗുജറാത്തില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥി മാത്രമാണ് വിജയിച്ചത്- കോണ്‍ഗ്രസിന്റെ ഇമ്രാന്‍ ഖെദാവാല. സംസ്ഥാനത്ത് ഒമ്പത് ശതമാനം മുസ്ലിംകളാണുള്ളത്.
മജ്‌ലിസ് മത്സരിച്ച മണ്ഡലങ്ങളും അവിടെ ബി.ജെ.പിയും മജ്‌ലിസും കോൺഗ്രസും എ.എ.പിയും നേടിയ വോട്ടുകളുമാണ് താഴെ.
1- ദരിയാപൂർ:
മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പിക്ക് 61490 വോട്ടുകൾ നേടാനായി. കോൺഗ്രസ് 56005 ഉം എ.എ.പി 4359 ഉം മജ്‌ലിസ് 1772 ഉം വോട്ടുകളും സ്വന്തമാക്കി.
(മജ്‌ലിസിന് ലഭിച്ച വോട്ടുകൾ മാത്രം കിട്ടിയാൽ ഇവിടെ കോൺഗ്രസിന് വിജയിക്കാനാവില്ല. എന്നാൽ മജ്‌ലിസിന്റെ വോട്ടുകൾക്കൊപ്പം എ.എ.പിയുടെയും വോട്ടുകൾ കൂട്ടിയാൽ ഈ മണ്ഡലത്തിൽ കോൺഗ്രസിന് ബി.ജെ.പിയെ നേരിയ ഭൂരിപക്ഷത്തിന് മറികടക്കാൻ കഴിയും)
2- ബാപ്പുനഗർ
ഷാനവാസ് പത്താനെ ആദ്യം മജ്‌ലിസ് മത്സരിപ്പിച്ചെങ്കിലും ഇവിടെ പിന്നീട് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം പത്രിക പിൻവലിച്ചെങ്കിലും ബി.ജെ.പിയാണ് മണ്ഡലത്തിൽ ജയിച്ചത് ബി.ജെ.പിക്ക് 59465 വോട്ടുകൾ നേടാനായി. കോൺഗ്രസിന് 47395 ഉം എസ്.പിക്ക് 3671 ഉം എ.എ.പിക്ക് 6384 ഉം വോട്ടുകളും ലഭിച്ചു.
3- ജമൽപൂർ ഖാദിയ:
58487 വോട്ടുകൾ നേടി കോൺഗ്രസ് ജയിച്ച മണ്ഡലമാണിത്. ബി.ജെ.പിക്ക് 44829 ഉം മജ്‌ലിസിന് 15677 ഉം എ.എ.പിക്ക് 5887 ഉം വോട്ടുകളും ലഭിച്ചു.
4- ദനിലിംദ:
ഇവിടെ കോൺഗ്രസാണ് വിജയിച്ചത്. കോൺഗ്രസിന് 69130 ഉം, ബി.ജെ.പിക്ക് 55643 ഉം എ.എ.പിക്ക് 23251 ഉം മജ്‌ലിസിന് 2470 ഉം വോട്ടുകളും ലഭിച്ചു.
5- മൻഗ്രോൾ:
ബി.ജെ.പിയാണ് വിജയിച്ചത്. ബി.ജെ.പിക്ക് 60896 ഉം കോൺഗ്രസിന് 38395 ഉം എ.എ.പിക്ക് 34314 ഉം മജ്‌ലിസിന് 10789 ഉം വോട്ടുകൾ നേടാനായി.
(മജ്‌ലിസിന് ലഭിച്ച വോട്ടുകൾ മാത്രം കിട്ടിയാൽ ഇവിടെ കോൺഗ്രസിന് വിജയിക്കാനാവില്ല. എന്നാൽ എ.എ.പിക്ക് കിട്ടിയ വോട്ടുകൾ കൂട്ടിയാൽ മണ്ഡലത്തിൽ കോൺഗ്രസിന് ബി.ജെ.പിയെ മറികടക്കാൻ കഴിയും)
6- ഖംബാലിയ:
വിജയിച്ച ബി.ജെ.പിക്ക് 77834 വോട്ടുകൾ നേടാനായി. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പിക്ക് 59089 ഉം കോൺഗ്രസിന് 44715ഉം ബി.എസ്.പിക്ക് 1000 ഉം മജ്‌ലിസിന് 737 ഉം വോട്ടുകളും സ്വന്തമാക്കാനായി.
(മജ്‌ലിസിന്റെ സാന്നിധ്യം ഒരുനിലയ്ക്കും കോൺഗ്രസിനെ ബാധിച്ചിട്ടില്ല)
7- വെജൽപൂർ:
ബി.ജെ.പിക്ക് ഒരുലക്ഷത്തിലധികം വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്. കോൺഗ്രസിന് 68398 ഉം എ.എ.പിക്ക് 22194 ഉം മജ്‌ലിസിന് 2313 ഉം വോട്ടുകളും നേടാനായി.
(ഇവിടെയും മജ്‌ലിസിന്റെയും എ.എ.പിയുടെയും സാന്നിധ്യം ഒരുനിലയ്ക്കും കോൺഗ്രസിനെ ബാധിച്ചിട്ടില്ല)
8- ഭുജ്:
മജ്‌ലിസിന് കൂടുതൽ വോട്ടുകൾ ലഭിച്ചത് ഭുജിലാണ്. 31249 വോട്ടുകളാണ് മജ്‌ലിസിന്റെ സയ്യിദ് ജുസബ്ഷ സസദ്ഷാക്ക് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി കേശുഭായ് ശിവദാസ് പട്ടേലിന് 95746 ഉം കോൺഗ്രസിന് 36495 ഉം എ.എ.പിക്ക് 7840 ഉം വോട്ടുകളും ലഭിച്ചു.
(മജ്‌ലിസ് മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും പാർട്ടിയുടെ സാന്നിധ്യം കോൺഗ്രസിന്റെ സാധ്യതയെ ബാധിച്ചിട്ടില്ല)
9- മാണ്ഡവി:
മജ്‌ലിസിന്റെ അഡ്വ. മുഹമ്മദ് ഇഖ്ബാൽ മഞ്ജലിയക്ക് 8494 വോട്ടുകൾ നേടി. ബി.ജെ.പിയുടെ അനിരുദ്ധ ഭായ്‌ലാൽ ആണ് വിജയിച്ചത്. 90303 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോൺഗ്രസിന് 42006 ഉം എ.എ.പിക്ക് 22501 ഉം വോട്ടുകളും ലഭിച്ചു.
(മജ്‌ലിസ് നാലാംസ്ഥാനത്തെത്തിയ ഇവിടെ കോൺഗ്രസിന്റെയും എ.എ.പിയുടെയും മജ്‌ലിസിന്റെയും മൊത്തം വോട്ടുകൾ കൂട്ടിയാലും ബി.ജെ.പി വോട്ടിനെ മറികടക്കാനാകില്ല)
10- വദ്ഗാം:
കോൺഗ്രസിന്റെ ദലിത് മുഖമായ ജിഗ്നേഷ് മെവാനിയുടെ വദ്ഗാം മണ്ഡലം മുസ്ലിംകൾക്ക് ഗണ്യമായ സ്വാധീനം ഉണ്ടെങ്കിലും മജ്‌ലിസിന് 2233 വോട്ടുകൾ മാത്രമാണ് നേടാനായത്. 4,928 വോട്ടുകൾക്കാണ് ഇവിടെ മെവാനി വിജയിച്ചത്. മെവാനിക്ക് 94765 ഉം ബി.ജെ.പിക്ക് 89837 ഉം എ.എ.പിക്ക് 4322 ഉം വോട്ടുകൾ ലഭിച്ചു.
11- സിദ്ധാപൂർ:
വിജയിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് 91187 വോട്ടുകൾ. കോൺഗ്രസിന് 88373, ബി.എസ്.പിക്ക് 2040, മജ്‌ലിസിന് 1137, എ.എ.പിക്ക് 2082 വോട്ടുകളൂം ലഭിച്ചു.
(മജ്‌ലിസിന് കിട്ടിയ വോട്ടുകൾ കോൺഗ്രസിന്റെ വിജയം തടഞ്ഞില്ലെങ്കിലും എ.എ.പിയുടെ കൂടി വോട്ടുകൾ ലഭിച്ചിരുന്നുവെങ്കിൽ കോൺഗ്രസിന് ബി.ജെ.പിയെ മറികടക്കാമായിരുന്നു)
12- ഗോധ്ര
ബി.ജെ.പിയുടെ സി.കെ റൗൾജി വൻ ഭൂരിപക്ഷത്തോടെ ജയിച്ച ഇവിടെ ബി.ജെ.പി 96223 വോട്ടുകൾ നേടി. കോൺഗ്രസിന് 61025 ഉം, എ.എ.പിക്ക് 11827 ഉം, മജ്‌ലിസിന് 9508ഉം വോട്ടുകൾ നേടി.
(ഗോധ്രയിൽ എ.എ.പിക്കും മജ്‌ലിസിനും ലഭിച്ച വോട്ടുകൾ കോൺഗ്രസ് പെട്ടിയിൽ വീണിരുന്നു എങ്കിലും ബി.ജെ.പിയെ മറികടക്കാനാവുമായിരുന്നില്ല)
13- സൂറത്ത് ഈസ്റ്റ്:
വിജയിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് 73142 വോട്ടുകൾ ലഭിച്ചു. കോൺഗ്രസിന് 59125, എസ്.പിക്ക് 1015, മജ്‌ലിസിന് 1671 ഉം വോട്ടുകളും നേടാനായി. എ.എ.പി ഇവിടെ മത്സരിച്ചിട്ടില്ല.
(മജ്‌ലിസിന് ലഭിച്ച 1671 വോട്ടുകൾ ഇവിടെ ലഭിച്ചാൽ തന്നെയും അത് നിർണായക ഘടകമാകില്ല)
14- ലിംബായത്ത്:
ബി.ജെ.പി ജയിച്ച ലിംബായത്ത് മണ്ഡലത്തിൽ പാർട്ടിക്ക് 95696 വോട്ടുകൾ ലഭിച്ചു. കോൺഗ്രസിന് 29436 ഉം മജ്‌ലിസിന് 5216 ഉം എ.എ.പിക്ക് 37687 ഉം വോട്ടുകളും ലഭിച്ചു. 44 സ്ഥാനാർഥികളാണ് ഇവിടെ മത്സരിച്ചത്.
(ഈ മണ്ഡലത്തിൽ മജ്‌ലിസിന്റെ സാന്നിധ്യം കോൺഗ്രസിന്റെ സാധ്യതയെ ബാധിച്ചിട്ടില്ല)
Asaduddin Owaisi's AIMIM fails miserably in Gujarat Assembly Elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."