ഹിമാചലിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ ഇന്നറിയാം; എം.എൽ.എമാരുടെ യോഗം ഉച്ചയ്ക്ക് 12ന്
ഷിംല: ഹിമാചൽപ്രദേശിൽ ബി.ജെ.പിയിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ് തങ്ങളുടെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന കോൺഗ്രസ് കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ ഇതുസംബന്ധച്ച് തീരുമാനമുണ്ടാകും. ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, എ.ഐ.സി.സി നിരീക്ഷകരായ ഭൂപീന്ദർ ഹൂഡ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12നാണ് യോഗം. നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തിൽ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി ആരാവണമെന്നത് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഏകാഭിപ്രായം അല്ല ഉള്ളത്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ സുഖ്‌വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരിലൊരാൾ മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ നിലവിലെ പി.സി.സി അധ്യക്ഷയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങിന്റെ പേരും ഇപ്പോൾ സജീവമായി രംഗത്തുണ്ട്. മുൻ മുഖമന്ത്രി വീർ ഭദ്ര സിങിന്റെ മകൻ വിക്രമാദിത്യ സിങ്ങിന്റെ പേരും ഒരുവിഭാഗം ഉയർത്തിക്കാണിക്കുന്നുണ്ട്. താക്കൂർ അല്ലെങ്കിൽ ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി എന്നതാണ് ഹിമാചലിൽ പതിവ്. സുഖുവിനാണ് കൂടുതൽ എം.എൽ.എമാരുടെ പിന്തുണ.
68 അംഗ ഹിമാചൽ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 40 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ബി.ജെ.പിക്ക് 25 ഉം സ്വതന്ത്രർക്ക് മൂന്നും സീറ്റുകൾ ലഭിച്ചു. വിജയിച്ച മൂന്നുസ്വതന്ത്രരും ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വന്തംനിലയ്ക്ക് മത്സരിച്ചവരാണ്. ശക്തമായ പ്രചാരണവുമായി സജീവമായി മത്സരരംഗത്തുണ്ടായിരുന്ന എ.എ.പിക്ക് എവിടെയും വിജയിക്കാനായില്ല. പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ രാജിപ്രഖ്യാപിച്ചു.
ബി.ജെ.പിക്ക് 43ഉം കോൺഗ്രസിന് 43.9 ഉം ശതമാനം വോട്ട് വിഹിതം ലഭിച്ചു. എ.എ.പി- 1.1%, ബി.എസ്.പി- 0.34%, സി.പി.ഐ- 0.02%, സി.പി.എം- 0.68% എന്നിങ്ങനെയാണ് മറ്റുകക്ഷികൾക്ക് ലഭിച്ച വോട്ടുകൾ.
Congress Himachal MLAs To Meet Today To Decide Chief Minister
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."