പാൽക്കാരൻ പയ്യനിൽ നിന്ന് ഹിമാചൽ മുഖ്യമന്ത്രി കസേരയിലേക്ക്
ഷിംല: ഹിമാചൽപ്രദേശിൽ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സുഖ്വിന്ദർ സിങ് സുഖു വരുന്നത് മധ്യവർഗ കുടുംബത്തിൽനിന്ന്. റോഡ് ഗതാഗതവകുപ്പിലെ ഡ്രൈവറുടെ മകനായി 1964 മാർച്ച് 27നാണ് സുഖുവിന്റെ ജനനം. വിദ്യാർഥിയായിരിക്കെ പോക്കറ്റ് മണിക്കായി സുഖു ഛോട്ടാ ഷിംലയിൽ പാൽ കൗണ്ടർ നടത്തിയിട്ടുണ്ട്. അക്കാലത്ത് തന്നെയാണ് കോൺഗ്രസ് വിദ്യാർഥി വിഭാഗമായ എൻ.എസ്.യു.ഐയിൽ സജീമായത്. എൻ.എസ്.യു മണ്ഡലം കമ്മിറ്റിയിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ വരെയായി. പിന്നീട് യൂത്ത് കോൺഗ്രസിലും അതിന് ശേഷം പി.സി.സിയിലും ഭാരവാഹിയായി. 2013 മുതൽ 2019 വരെയുള്ള ആറുവർഷമാണ് പി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചത്.
2003ൽ ഹാമിർപൂർ ജില്ലയിലെ നദൗനിൽ നിന്നാണ് ആദ്യവിജയം. 2007ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയെങ്കിലും 2012ൽ പരാജയപ്പെട്ടു. 2017ലും 2022ലും വിജയിച്ചു. ഹിമാചലിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാവാണ് സുഖു. അതിനാൽ മുതിർന്ന നേതാവായ വീരഭദ്ര സിങ് മരിച്ചതിന് ശേഷം ഹിമാചലിൽ ആദ്യമായ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ പ്രചാരണമേധാവിയായി സുഖുവിനെ നിയമിക്കാൻ ഹൈക്കമാൻഡിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പ്രാദേശികവിഷയങ്ങളിലൂന്നിയും, ബി.ജെ.പിയുടെ വർഗീയ അജണ്ടകൾ തലവയ്ക്കാതെയും ആയിരുന്നു സുഖുവിന്റെ പ്രചാരണ രീതി. ഫലംവന്നപ്പോൾ ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനായി.
വിജയിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷനേതാവ് മുകേഷ് അഗ്‌നിഹോത്രിയുടെയും വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്ങിന്റെയും പേരുകൾ ഉയർന്നെങ്കിലും കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ഉള്ളതിനാൽ ഹൈക്കമാൻഡ് സുഖുവിനൊപ്പം നിൽക്കുകയായിരുന്നു.
ലോക്‌സഭാംഗമായ പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ അവർ ഒഴിയുന്ന ലോക്‌സഭാ സീറ്റിലേക്കും അവരെ നിയമസഭയിലേക്കു ജയിപ്പിക്കാനുമായി ഒരു എം.എൽ.എ രാജിവയ്‌ക്കേണ്ടിവരുന്നതിനാൽ ആ സീറ്റിലേക്കുമായി രണ്ട് ഉപതിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് അഭിമുഖീകരിക്കേണ്ടിവരും. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ തന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന ഹൈക്കമാൻഡ് നിലപാടും സുഖുവിന് അനുകൂലമായി.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും വികസനത്തനായി പ്രവർത്തിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സുഖ് വിന്ദർ പറഞ്ഞു.
ഇന്ന് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാചടങ്ങ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ചടങ്ങിൽ സംബന്ധിക്കും.
Driver’s son steered to top in Himachal past Virbhadra roadblocks
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."