വിലാപങ്ങള്‍ക്കപ്പുറത്തെ പാഠം
ഇന്ത്യയില്‍ ഒരേയൊരു ഡി.സി.സിയാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. അവിടെ തന്നെ ആര്യാടന്‍ മുഹമ്മദിന്റെ പൈതൃകം പേറുന്ന കോണ്‍ഗ്രസുകാര്‍ മറ്റൊരു റാലി നടത്തി. അതും കബന്ധങ്ങള്‍ കുമിയുന്ന ഫലസ്തീന്റെ പേരില്‍ വരവുവച്ചു. ബാപ്പ ആനപ്പുറത്ത് പോയതിന് മക്കളുടെ ചന്തിയില്‍ തഴമ്പുണ്ടാകുമോ എന്നൊരു ചോദ്യമുണ്ട്. ആര്യാടന്‍ ഷൗക്കത്തിന് ആ തഴമ്പുണ്ടെന്ന് തെളിയിച്ചതാണ് ആ റാലിയുടെ മെച്ചം.
റാലിക്ക് പിന്നാലെ ഷൗക്കത്തിന് കെ.പി.സി.സി അച്ചടക്ക നോട്ടിസ് അയച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലും നൊന്തു. ഫലസ്തീന്‍ റാലി നടത്തിയതിന് നടപടിയെടുക്കാന്‍ മാത്രം കോണ്‍ഗ്രസ് അധഃപതിച്ചുവല്ലോ എന്ന് മുഖ്യമന്ത്രി പരിതപിക്കുമ്പോള്‍ അദ്ദേഹം തന്നെ ചിരിക്കാന്‍ പാടുപെടുന്നുണ്ടാകും. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ, ഇസ്‌റാഈലിന്റെ ജനവാസമേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് കുറിക്കുകയും വിവാദമായപ്പോഴും ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നുവെന്ന് ഇവിടെ ചേര്‍ത്തുവായിക്കാം.
പറഞ്ഞതു കേള്‍ക്കാതെ ഫലസ്തീന്‍ റാലി നടത്തിയതിന്, താക്കീതിനുമപ്പുറത്തുള്ള കെട്ട ഘട്ടത്തിലാണ് ഷൗക്കത്ത് ഇപ്പോഴുള്ളത്. എന്നാലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന അദ്ദേഹത്തിന്റെ തീരുമാനം കോണ്‍ഗ്രസിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നുണ്ട്. ഒരു പുരുഷായുസിന്നിടയില്‍ ഒരിക്കല്‍പോലും കോണ്‍ഗ്രസിന് തളക്കാന്‍ കഴിയാത്ത ബാപ്പയുടെ മോനാണ് താനെന്ന് വിവാദ റാലിയിലൂടെ പറയാതെ പറയുന്നുണ്ട് ഷൗക്കത്ത്. താന്‍ സംഘടിപ്പിച്ച ഫലസ്തീന്‍ റാലി, സാധാരണ ഗതിയില്‍ മനുഷ്യപക്ഷത്തിന്റെ ഗാഥയാണ്. അതുകൊണ്ടുതന്നെ അതിനെ മറികടക്കാന്‍ കോണ്‍ഗ്രസ് കാണിച്ച കുശുമ്പോ ഷൗക്കത്ത് കാണിച്ച കുറുമ്പോ ഏതാണ് ജയിക്കുക?
മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പ്രത്യേക പരുവമാണ്. എ വിഭാഗമെന്നാല്‍ ഇവിടെ ആര്യാടനായിരുന്നു. അദ്ദേഹമാവട്ടെ മുസ്‌ലിം ലീഗിനോട് തന്ത്രപരമായ അകലം പാലിച്ചപ്പോള്‍ ഐ വിഭാഗം ലീഗിനോട് ചേര്‍ന്നുനിന്നു. ദേശീയ മുസ്‌ലിമിന്റെ തഴമ്പ് ബാക്കിയായ ആര്യാടന്‍ മുഹമ്മദ് മിക്കപ്പോഴും മലപ്പുറത്തെ മുസ്‌ലിം പൊതുബോധത്തെയും പാണക്കാട് തങ്ങന്മാരെയും തോണ്ടിയും തൊഴിച്ചും പൊറുത്തുപോന്നു. ജില്ലയിലെ പഞ്ചായത്ത് വാര്‍ഡ് മുതല്‍ ലോക്‌സഭ മണ്ഡലം വരെ മുച്ചൂടും സ്വാധീനം ചെലുത്തുന്ന മുസ്‌ലിം ലീഗിനോട് ചേര്‍ന്നുനിന്ന് കോണ്‍ഗ്രസിനെ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന ബോധ്യവും ആര്യാടന്റെ ഈ പോരിന് ന്യായമാണ്. ജില്ലയില്‍ കൊണ്ടും കൊടുത്തുമുള്ള ലീഗ് കോണ്‍ഗ്രസ് സഹകരണം പൊട്ടലിലേക്കും ചീറ്റലിലേക്കും കടക്കുന്നത് അപൂര്‍വവുമല്ല. ആര്യാടന്റെ പൈതൃകം അപ്പടി പേറുന്ന ഷൗക്കത്തും ചുവടുവയ്ക്കുന്നത് വ്യത്യസ്തമായിട്ടല്ലെന്ന് ഇതിനകം വ്യക്തമായതാണ്.
ആര്യാടന്‍ ഒറ്റയ്ക്ക് സി.പി.എമ്മായിട്ടില്ല. എ ഗ്രൂപ്പ് സംസ്ഥാനത്താകെ മുന്നണി മാറിച്ചവിട്ടിയപ്പോള്‍ അദ്ദേഹം നിലമ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി. ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ അംഗവുമായി. നിലമ്പൂരിന്റെ മണ്ണില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുത്ത സഖാവ് കുഞ്ഞാലിയുടെ കൊലയാളിയെന്ന് വിളിച്ച അതേ സി.പി.എമ്മുകാരെ കൊണ്ട് തനിക്ക് സിന്ദാബാദ് വിളിപ്പിച്ചയാളാണ് ആര്യാടന്‍ മുഹമ്മദ്. ഒടുവില്‍ ഇരുമ്പാണിക്ക് പകരം മുളയാണി വെച്ചാണ് അഥവാ ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ മറുകണ്ടം ചാടിച്ചാണ് ആര്യാടനെ സി.പി.എം തോല്‍പിച്ചത്. നിലമ്പൂരില്‍ രണ്ടാമതൊരങ്കത്തിന് ഹംസക്കും വയ്യായിരുന്നു. തിരിച്ചുപിടിച്ച നിലമ്പൂരില്‍ 1987 മുതല്‍ ആറു തെരഞ്ഞെടുപ്പുകളില്‍, ആര്യാടന് ചെക്കു പറയാനാളുണ്ടായില്ല. മകന്‍ ഷൗക്കത്ത് മത്സരിച്ച 2016ല്‍ മറ്റൊരു ഹംസയായി അന്‍വര്‍ വന്നു.
2021ല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായത് വി.വി പ്രകാശായിരുന്നു. ഡി.സി.സി പ്രസിഡന്റിന്റെ ചുമതല ഷൗക്കത്തിന് നല്‍കിയ ശേഷമാണ് അന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായത്. 2016ല്‍ ഏഴ് ശതമാനം വോട്ട് വ്യത്യാസത്തിന് ഷൗക്കത്ത് തോറ്റിടത്ത് പ്രകാശ് പരാജയപ്പെട്ടത് ഒരു ശതമാനം വോട്ടിനാണ്.
സിനിമയും സാഹിത്യവും കലയുമൊക്കെയായി വേറിട്ട വഴികളിലൂടെയാണ് ഷൗക്കത്ത് സഞ്ചരിച്ചത്. നിലമ്പൂര്‍ പഞ്ചായത്ത് മുനിസിപ്പല്‍ അധ്യക്ഷനായപ്പോള്‍ രൂപപ്പെടുത്തിയ ജ്യോതിര്‍ഗമയ ശ്രദ്ധേയമായി. പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങള്‍ക്കപ്പുറം, വര്‍ത്തമാനം, ദൈവത്തിന്റെ നാമത്തില്‍ എന്നീ സിനിമകള്‍ക്ക് രചനയും നിര്‍മാണവും നിര്‍വഹിച്ച ഷൗക്കത്ത് തന്റെ രാഷ്ട്രീയം തന്നെയാണ് സിനിമയെന്ന് ആണയിടുന്നു. കെ.പി.സി.സിയുടെ സംസ്‌കാര സാഹിതി ചെയര്‍മാന്‍ പദവി കിട്ടിയത് ഈ മേല്‍വിലാസത്തില്‍. ഇപ്പോള്‍ അച്ചടക്കമുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി.
സ്‌കൂളില്‍ പോകേണ്ട പ്രായത്തില്‍ വിവാഹിതയാവേണ്ടിവരുന്ന മുസ്‌ലിം പെണ്‍കുട്ടിയുടെ ജീവിതമാണ് 'പാഠം ഒന്ന് ഒരു വിലാപ'ത്തില്‍ ഷൗക്കത്ത് പറയാന്‍ ശ്രമിച്ചതെങ്കില്‍ 'വിലാപങ്ങള്‍ക്കപ്പുറ'ത്തില്‍ വര്‍ഗീയ കലാപം നടന്ന ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് പോരുന്ന പെണ്ണിന്റെ അവസ്ഥയാണ് വിവരിക്കുന്നത്. പാഠം ഒന്ന് ഒരു വിലാപത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ദേശീയ ഐക്യവും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിന് നല്‍കുന്ന ഈ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 'ദി കശ്മീര്‍ ഫയല്‍സി'നാണ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ നാട്ടിലെ ഐക്യം തകര്‍ക്കുന്ന കാലത്ത് ഇനി ദേശീയോദ്ഗ്രഥന പുരസ്‌കാരം 'കേരള സ്റ്റോറി'ക്കാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."