ഗസ്സയുടെ നോവും ലോകത്തിന്റെ നിസ്സംഗതയും
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഫലസ്തീന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ഇഷ്മദ് ഇസ്‌റാഈലിലെത്തിയത് യു.എസ് പാസ്‌പോര്‍ട്ടിന്റെ സുരക്ഷാബോധത്തിന്റെ അകമ്പടിയോടെയായിരുന്നു. ഇസ്‌റാഈല്‍ രൂപീകരണത്തെ തുടര്‍ന്ന് ഊരും വേരും പോയ ഒരു കുടുംബത്തിന്റെ ജീവന്‍ തളിര്‍ത്ത ശിഖരമായിരുന്നു അയാള്‍. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി ജീവിക്കുന്ന മനുഷ്യരുടെ ജീവിതം നേരില്‍ കാണാന്‍ അയാള്‍ ഗസ്സയിലെത്തുന്നു. അവിടത്തെ ഒരു സ്‌കൂള്‍ കെട്ടിടം. പല തവണ ബോംബും മിസൈലും പതിച്ച അതിന് ജാലകങ്ങളോ വാതിലുകളോ ഇല്ല; പക്ഷേ, മൂലയില്‍ ഒരു ബോര്‍ഡുണ്ട്. അല്‍പ്പം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ഒരാളെ വീല്‍ ചെയറില്‍ ഉന്തിക്കൊണ്ടുവന്നു. രണ്ടു കാലുകളും ഒരു കൈയും യുദ്ധത്തില്‍ നഷ്ടപ്പെട്ടയാളായിരുന്നു അധ്യാപകന്‍. ഇഷ്മദ് പിന്നീട് പോയത് ഗസ്സ മൃഗശാലയിലേക്ക്. ചുറുചുറുക്കുള്ള ഫലസ്തീനി ബാലന്‍ പത്ത് ഡോളര്‍ പ്രതിഫലം വാങ്ങി അദ്ദേഹത്തെ ഗൈഡ് ചെയ്യുന്നു: നിങ്ങള്‍ ഗസ്സ സീബ്ര കണ്ടിട്ടുണ്ടോ? അവന്റെ ചോദ്യം. അതെന്ത് ജീവി? ഗസ്സ സീബ്ര? അവന്‍ അയാളെ ആനയിക്കുന്നു. കറുപ്പും വെളുപ്പും പെയ്ന്റടിച്ച കഴുത ചവറുകൂനകള്‍ക്കിടയില്‍ മേഞ്ഞുനടക്കുന്നു. അതാണ് ഗസ്സ സീബ്ര. ചിരിച്ചുകൊണ്ട് ബാലന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് നല്ല ഒരാഫ്രിക്കന്‍ സീബ്ര ഉണ്ടായിരുന്നു. ഇസ്‌റാഈല്‍ ബോംബിങ്ങില്‍ അവള്‍ കൊല്ലപ്പെട്ടു. പകരം ഒന്നിനെ സംഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ ഈ കഴുതയെ സീബ്രയാക്കി.
അമേരിക്കന്‍ ജൂതവംശജയായ മീഷെല്‍ കൊറസാന്റിയുടെ 'ആല്‍മണ്ട് മരം' എന്ന നോവലില്‍ നിന്നുള്ള രംഗങ്ങളാണിത്. എത്ര വെട്ടിയാലും വേരറുത്താലും തീയിട്ടാലും വീണ്ടും കിളര്‍ത്തുവരുന്ന അല്‍മോണ്ട് മരം എന്ന ശീര്‍ഷകം നോവലിന് നല്‍കാന്‍ കോറസാന്റിയെ പ്രേരിപ്പിച്ചത് ഫലസ്തീന്‍ ജനതയുടെ തീരാത്ത പോരാട്ടവീര്യവും ഏത് ദുരന്തത്തിനിടയിലും ചിരിക്കാനും മറക്കാനുമുള്ള അവരുടെ മനക്കരുത്തുമാണ്.
ഗസ്സയുടെ വേദന
ജൂത ചിന്തക ഹന്ന അരന്റ് പറഞ്ഞു: Life and lie are ്യെിonymous (ജീവിതവും കളവും പര്യായപദങ്ങളാണ്). കളവിലൂടെ ആവിഷ്‌കരിക്കുകയും സ്ഥാപിക്കുകയും കളവുകളിലൂടെ തിടംവയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ പേരാണ് ഇസ്‌റാഈല്‍. A land without people for a people without land അധിവാസമില്ലാത്ത ഒരു ഭൂമി, ഭൂമിയില്ലാത്ത ജനതിക്ക് എന്നായിരുന്നു സയണിസ്റ്റുകള്‍ യൂറോപ്പില്‍ നടത്തിയ പ്രചാരണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഫലസ്തീനില്‍ താമസിച്ചിരുന്ന രണ്ട് മില്യനിലധികം ജനങ്ങളുടെ സാന്നിധ്യം അംഗീകരിക്കാതെയാണ് സയണിസ്റ്റ് പ്രസ്ഥാനം അതിന്റെ രാഷ്ട്രവിഭാവനയ്ക്ക് അസ്തിവാരമിട്ടത്.
ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ തുടര്‍ന്നുള്ള ഓരോ നാള്‍വഴിയിലും ഈ ജനതയെ അദൃശ്യവല്‍ക്കരിക്കാനും അപരവല്‍ക്കരിക്കാനും ന്യൂനീകരിക്കാനുമുള്ള ഹിംസാത്മക ശ്രമങ്ങളാണ് നടന്നത്. ഇസ്‌റാഈലിന്റെ സ്ഥാപക പിതാവ് ബെന്‍ ഗുരിയന്‍ പറഞ്ഞത് ആളുകളെ ബലാല്‍ക്കാരം മാറ്റുന്നതില്‍ താന്‍ ധാര്‍മികമായി തെറ്റൊന്നും കാണുന്നില്ലെന്നായിരുന്നു. ബലാല്‍ക്കാരം മാറ്റുക എന്നതിനര്‍ഥം വംശീയ ഉന്മൂലനം തന്നെയായിരുന്നുവെന്ന് യഹൂദ ചരിത്രകാരനായ ഇലാന്‍ പാപ്പെ വസ്തുതകള്‍ സഹിതം സമര്‍ഥിക്കുന്നുണ്ട്.
ഇസ്‌റാഈല്‍ സേനയുടെ ആര്‍ക്കൈവുകളിലെ രേഖകള്‍ മാത്രം ആശ്രയിച്ച് തയാറാക്കിയ ബെന്നി മോറിസിന്റെ പഠനവും ക്രൂരമായ ഉന്മൂലനത്തിന്റെ കഥയാണ് അയവിറക്കുന്നത്. തങ്ങളുടെ ഒലീവ് തോപ്പുകളും നാരക മരങ്ങളും പരിചരിച്ച്, ലോകത്ത് മറ്റാര്‍ക്കും അലോസരമുണ്ടാക്കാതെ നൂറ്റാണ്ടുകളുടെ നീളത്തില്‍ സ്വഛന്ദമായി പരിലസിച്ച ഗ്രാമങ്ങളായിരുന്നു ഇവ. റോമക്കാരുടേയും അറബികളുടേയും ഒട്ടോമന്‍കാരുടേയും ബ്രിട്ടീഷുകാരുടേയും ആധിപത്യനുകത്തിന് കീഴില്‍ മാറി മറഞ്ഞുവെങ്കില്‍, അവരാരും ഈ ഗ്രാമങ്ങളുടെ സ്വാസ്ഥ്യത്തിന് കാര്യമായ പരുക്കൊന്നുമേല്‍പ്പിക്കാതെ കരം പിരിക്കുന്നതിലും മേലാളന്‍മാരെ നിശ്ചയിക്കുന്നതിലും ഒതുങ്ങിയപ്പോള്‍ ഇസ്‌റാഈല്‍ നടത്തിയത് കൂട്ടനരമേധവും ബലാത്സംഗവും അറപ്പുളവാക്കുന്ന അരുതായ്മകളുമായിരുന്നു. ഇതിലെ പൊറുക്കാനാകാത്ത ചതി, അറബ് ആതിഥ്യരീതികളെ ചൂഷണം ചെയ്തുള്ള സയണിസ്റ്റ് തന്ത്രമായിരുന്നു. ഫലസ്തീനികളുടെ ഊരും പേരും അറുത്ത് അവരെ ഉന്മൂലനം ചെയ്യാന്‍ എത്തിയ യൂറോപ്യരായ ജൂതന്‍മാര്‍ പലരും ഗ്രാമമുഖ്യന്‍മാരുടെ അതിഥികളായി മാസങ്ങളോളം താമസിച്ചാണ് ഉന്മൂലന പദ്ധതികള്‍ക്ക് വേണ്ട ആസൂത്രണങ്ങള്‍ നടത്തിയതെന്ന് പാപ്പെ എഴുതുന്നു. അങ്ങനെ ഫലസ്തീന്റെ നാനാഭാഗത്ത് നിന്നും കൊന്നും ചവിട്ടിയും പുറത്താക്കപ്പെട്ട ജനതയെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്ന കാരാഗൃഹത്തിന്റെ പേരാണ് ഗസ്സ.
നരമേധത്തിന്റെ കഥകള്‍
'ഓ! ജെറൂസലം' എന്ന പുസ്തകത്തില്‍ ജൂത രാജ്യത്തിന് ഹലേലുയ പാടുന്ന ലാപിയറിനും കോളിന്‍സിനും പക്ഷേ, ദെയര്‍ യാസീന്‍ എന്ന ഗ്രാമത്തില്‍ ജൂതഭീകരത അഴിച്ചുവിട്ട താണ്ഡവം അവഗണിക്കാനായിട്ടില്ല. ആ ഗ്രാമത്തിലേക്ക് അതിക്രമിച്ച ഇര്‍ഗുണ്‍ ഭീകരര്‍ കണ്ണില്‍ കണ്ട ആണിനേയും പെണ്ണിനേയും ആടിനേയും പട്ടിയേയും തോക്കും വാളുമായി എതിരിട്ടു. മണിക്കൂറുകള്‍ നീണ്ട ഇര്‍ഗൂണുകളുടെ ഈ താണ്ഡവത്തിനുശേഷമാണ് മറ്റൊരു ജൂത പടയാളി വിഭാഗമായ ഹഗാന അവിടെ എത്തുന്നത്. ഇര്‍ഗൂണുകളുടെ കിരാതത്വം അവരെപ്പോലും ഞെട്ടിച്ചു. നിങ്ങള്‍ പന്നികളാണെന്നായിരുന്നു ഹഗാന ചീഫ് ഇര്‍ഗോണ്‍ തലവനോട് അന്ന് പറഞ്ഞത്. ബെന്‍ ഗുരിയന്‍ പോലും സംഭവത്തെ അപലപിച്ചു. സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് യോജിച്ചതല്ല ഇര്‍ഗൂണ്‍ ക്രൂരത എന്ന് ജൂത നേതാക്കള്‍ എഴുതി.
പക്ഷേ സയണിസ്റ്റ് നരമേധവും നൃശംസതയും അഭംഗുരം തുടര്‍ന്നു. ഡേവിഡ് തിയോ ഗോള്‍ഡ്‌ബേര്‍ഗ് sIrael expanded its cartographic waistline by reducing the rabble to rubble (ഒരാള്‍ക്കൂട്ടത്തെ വെണ്ണീരാക്കി ഇസ്‌റാഈല്‍ അതിന്റെ കുടവയര്‍ വീര്‍പ്പിച്ചുകൊണ്ടിരുന്നു) എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് ഫലസ്തീനി ഗ്രാമങ്ങളിലൂടെ ബുള്‍ഡോസറുകള്‍ കയറിയിറങ്ങി. അവര്‍ക്കടിയില്‍ ജീവനുകളും സ്വപ്നങ്ങളും ഞെരിഞ്ഞമര്‍ന്നു. മുള്‍വേലികള്‍ തീര്‍ത്ത അഭയാര്‍ഥി കേന്ദ്രങ്ങളില്‍നിന്ന് നോക്കിയ അവന്‍ തന്റെ പഴയ ഭവനങ്ങള്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമെത്തിയ ജൂതന്‍മാര്‍ സ്വന്തമാക്കുന്നത് നിസ്സഹായനായി നോക്കിനിന്നു.
പടിഞ്ഞാറുനിന്നുള്ള ജൂതന്മാര്‍ക്ക് വാഗ്ദത്ത ഭൂമിയെ പുല്‍കുക നൂറ്റാണ്ടുകളായുള്ള വിദ്വേഷ കാലുഷ്യത്തില്‍ നിന്നുള്ള വിമോചനമായിരുന്നു. മുസ്‌ലിം ഗ്രാനഡയിലും ഇസ്തംബൂളിലും ജൂത ജനതി കാര്യമായ അല്ലലില്ലാതെ കഴിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ യൂറോപ്പില്‍ അവര്‍ക്ക് നിതാന്ത ഭൗതികബൗദ്ധിക ധ്വംസനമാണ് നേരിടേണ്ടിവന്നത്. പ്രാര്‍ഥനയ്ക്ക് പോകുന്ന ജൂതവിശ്വാസികളെ തുപ്പുക ക്രൈസ്തവ യൂറോപ്പിലെ ക്രൂരവിനോദമായിരുന്നു. ജോര്‍ജ് ഓര്‍വല്‍ റഷ്യക്കാരനായ കൂട്ടുകാരന്‍ ബോറിസ് തന്നോട് പറഞ്ഞ 'ഫലിതം' ഉദ്ധരിക്കുന്നു: റഷ്യന്‍ സൈനിക ഓഫിസര്‍മാര്‍ ജൂതന്മാരെ തുപ്പാറില്ല; കാരണം, ജൂതന്‍മാരുടെ ദേഹത്ത് തട്ടി വൃത്തികേടാകാന്‍ മാത്രം വിലയില്ലാത്തതല്ല റഷ്യക്കാരുടെ തുപ്പല്‍. സോഷ്യലിസ്റ്റായ ബെര്‍ണാഡ് ഷോ ജൂതന്മാരെ കിഴക്കുനിന്നുള്ള കൈയേറ്റക്കാരും പരാന്നഭോജികളും മഹാമുഷ്‌കന്‍മാരുമെന്നാണ് വിശേഷിപ്പിച്ചത്. യൂറോപ്പ് അവരെ ആട്ടുകയും തുപ്പുകയും ചെയ്തപ്പോള്‍ തുറന്ന കൈകളാല്‍ അവരെ വരവേറ്റത് മുസ്‌ലിം തുര്‍ക്കിയായിരുന്നുവെന്ന് ലാരിന്‍സും കോളിന്‍സും കുറിക്കുന്നു.
1948 ലെ ജൂതരാഷ്ട്ര പ്രഖ്യാപനത്തിന് പിന്നാലെ ഹഗാന, ഇര്‍ഗോണ്‍ മിലീഷ്യകള്‍ ഒന്നൊന്നായി ഫലസ്തീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂട്ടനരമേധം അഴിച്ചുവിട്ടു. നിരായുധരായ അറബികള്‍ക്ക് നേരെയുള്ള സായുധാക്രമണത്തിന് പുറമെ, കിണറുകളില്‍ വിഷം കലക്കുക, മാരക രോഗാണുക്കള്‍ പ്രസരിപ്പിക്കുക തുടങ്ങിയ പരോക്ഷ മാര്‍ഗങ്ങളും അവര്‍ ഉപയോഗിച്ചു. ഫലസ്തീനിലെ ക്രിസ്ത്യന്‍ പശ്ചാതലത്തില്‍ പിറന്ന എഡ്വാര്‍ഡ് സയീദിനും കുടുംബത്തിനും ഈ വിധിയില്‍ നിന്ന് മോചനമുണ്ടായില്ല; അതിന്നിരയായ അവര്‍ക്ക് അമേരിക്കയില്‍ അഭയം തേടാന്‍ കഴിഞ്ഞു. ഒരിക്കല്‍, അമേരിക്കന്‍ പൗരത്വത്തിന്റെ ബലത്തില്‍ സയീദ് താന്‍ ബാല്യം ചെലവഴിച്ച ജറൂസലമിലെ വീട് കാണാന്‍ പോയി. കതക് മുട്ടിയ അദ്ദേഹത്തെ, വാതില്‍ തുറന്ന പെണ്ണ് അകത്തേക്ക് കാലെടുത്ത് വെക്കാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു. നിരാശയോടെ മടങ്ങിയ സയീദ് ഒരു ഉരുളന്‍ കല്ലെടുത്ത് വീട് ലക്ഷ്യംവച്ച് ആഞ്ഞ് ഒരേറ് കൊടുത്തു. പല പേരുകളിലും കൊടിനിറങ്ങളിലും അറിയപ്പെടുന്ന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാളികളില്‍ നിന്നുതിരുന്ന പ്രതിരോധത്തിന്റെ ഓരോ നാമ്പിലും കുടികൊള്ളുന്നത്, അത്യന്തം ശാന്തസ്വഭാവക്കാരനായ എഡ്വാര്‍ഡ് സയീദില്‍ പ്രസരിച്ച പ്രതിഷേധത്തിന്റെ അതേ ജ്വാലയാണ്.
ഫലസ്തീന്‍ പോരാളികള്‍ നിരപരാധികളായ ഇസ്‌റാഈലി സിവിലിയന്‍മാരെ അറുകൊല ചെയ്യുന്നുവെന്ന് ലോക മാധ്യമങ്ങള്‍ പെരുമ്പറ മുഴക്കുന്നു. ആരാണ് ഈ നിരപരാധികള്‍? ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ആട്ടിയോടിച്ച് സ്ഥലവും സമ്പത്തും കൈയേറിയവര്‍, കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍. ഇവര്‍ എങ്ങനെ നിരപരാധികളാകും?
ഇന്ത്യ ശ്രീബുദ്ധന്‍ ജനിച്ച ഭൂമിയാണെന്നും ബുദ്ധേതിഹാസങ്ങളില്‍ അത് തങ്ങളുടെ വാഗ്ദത്ത നാടാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് ലോകത്തെ നാനാഭാഗത്തുള്ള ബുദ്ധമതാനുയായികള്‍ വന്ന് നമ്മെ ആട്ടിയോടിച്ചാല്‍ നമ്മുടെ പ്രതികരണം എന്തായിരിക്കും? നമ്മള്‍ അവരെ പൂമാല കൊണ്ട് സ്വീകരിക്കുമോ, അതോ ഭഗത് സിങ്ങും ചന്ദ്രശേഖര്‍ ആസാദും സുഭാഷ് ചന്ദ്രബോസും പൊരുതിയതുപോലെ പൊരുതുമോ?
ചിലര്‍ ഗാന്ധിയന്‍ സമരമാര്‍ഗമാണ് ഫലസ്തീനികള്‍ സ്വീകരിക്കേണ്ടതെന്ന് ഉപദേശിക്കുകയും ഹിംസയെ കടുത്ത ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നുണ്ട്. 2008 വരെ അമേരിക്കന്‍ പത്രങ്ങള്‍ 'ഭീകരന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന നെല്‍സണ്‍ മണ്ടേലയോട് പത്രപ്രവര്‍ത്തകന്‍ ഇതേ കാര്യം ഉണര്‍ത്തിയിരുന്നു: മണ്ടേലയുടെ മറുപടി: ഗാന്ധിജി പൊരുതിയത് പലതുകൊണ്ടും മാന്യന്മാരായ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. 200 വര്‍ഷം നീണ്ട ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം കാര്യമായ രക്തച്ചൊരിച്ചിലുകള്‍ക്കൊന്നും കാരണമായിട്ടില്ല. പക്ഷേ, ഞങ്ങള്‍ മാന്യത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു അപ്പാര്‍തൈറ്റ് ഭരണകൂടത്തോടാണ് പൊരുതുന്നത്. മാന്യത തീണ്ടാത്ത അവര്‍ക്ക് എങ്ങനെ അഹിംസയുടെ ഭാഷ മനസ്സിലാകും?
ഫലസ്തീന്‍ പോരാട്ടങ്ങളെ വിമര്‍ശിക്കുന്നവര്‍ എന്നും ഓര്‍ത്തിരിക്കേണ്ടതാണ് മണ്ടേലയുടെ ഈ വാചകങ്ങള്‍. ഒരു പൂച്ചയെ കെട്ടിയിടുക; പട്ടിണിക്കിടുക; ശ്വാസം മുട്ടിക്കുക. പൂച്ച മാന്തും. അത് ഒരു ഭീകരവാദിയായതുകൊണ്ടല്ല. ഒരു ജീവിയെന്ന നിലയിലുള്ള പരിമിതമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍. ഹമാസ് നേതാവ് മൂസ മര്‍സൂഖിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഞങ്ങള്‍ പല വാതിലുകളും മുട്ടി; മനുഷ്യരെന്ന നിലക്കുള്ള എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്ക് വേണ്ട; എങ്കിലും പരിമിതമായ ചില അവകാശങ്ങള്‍ക്ക് ഞങ്ങള്‍ക്കര്‍ഹതയില്ലേ?
(കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലിഷ് വിഭാഗം അധ്യാപകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."