തടവുകാരുടെ ഫോണ്‍വിളികള്‍ അധികാരികളുടെ അറിവോടെ
ജയിലുകളിലുള്ള കൊടും കുറ്റവാളികളുടെ ഫോണ്‍വിളികള്‍ തടയാനാകുന്നില്ലെന്ന അധികൃതരുടെ തുറന്നുപറച്ചില്‍ വിശ്വസിക്കാനാവില്ല. ജയില്‍ അധികാരികളുടെ പൂര്‍ണ പിന്തുണയില്ലാതെ ടി.പി വധക്കേസ് പ്രതി കൊടി സുനിയടക്കമുള്ള കുറ്റവാളികള്‍ക്ക് പുറത്തേക്ക് ഫോണ്‍ വിളിക്കാന്‍ കഴിയില്ല. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ജയിലുകളില്‍ ആര് പാറാവ് നില്‍ക്കണം, ആര് ജയില്‍ സൂപ്രണ്ടായി വരണമെന്നൊക്കെ കൊടി സുനിയെപ്പോലുള്ള കുറ്റവാളികള്‍ തീരുമാനിക്കുന്ന ഒരുകാലത്ത് ജയിലുകളിലെ അവരുടെ പുറത്തേക്കുള്ള ഫോണ്‍വിളികള്‍ തടയാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല.
പുറത്തെ ഗുണ്ടകളെയും കുഴല്‍പ്പണക്കാരെയും ഒരുമാസത്തിനുള്ളില്‍ 1,346 തവണ വിളിച്ച കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരന്‍ റഷീദിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പൂജപ്പുരയിലേക്കും കൊടി സുനിയെ വിയ്യൂരിലെ തന്നെയുള്ള അതിസുരക്ഷാ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുകൊണ്ട് ഇവരുടെയൊക്കെ പുറത്തേക്കുള്ള ഫോണ്‍ വിളികള്‍ അവസാനിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കഴിഞ്ഞ മാസമാണ് കൊടി സുനിയുടെ കൈയില്‍നിന്ന് ജയില്‍ അധികൃതര്‍ ഫോണ്‍ പിടിച്ചെടുത്തത്. ഈ ഫോണില്‍ നിന്ന് കൊടി സുനി വിളിച്ചവരുടെ വിശദവിവരങ്ങളൊന്നും ജയില്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചില്ല. ഇവര്‍ക്ക് ജയില്‍ അധികാരികളുടെ പിന്തുണ യഥേഷ്ടം ലഭിക്കുന്നുണ്ടെന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്.
ജയിലില്‍നിന്ന് ഫോണിലൂടെ ക്വട്ടേഷന്‍ സ്വീകരിക്കുകയും പരോളില്‍ പുറത്തിറങ്ങിയാല്‍ തന്റെ സംഘാംഗങ്ങളെക്കൊണ്ട് അത് നടപ്പാക്കുകയും ചെയ്യുക എന്നതാണ് കൊടി സുനിയുടെ രീതി. കൊടി സുനിയായത് കൊണ്ട് ഇടത് ഭരണകൂടത്തിനും ഇടപെടാന്‍ കഴിയുന്നില്ല. സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്ന ടി.പി ചന്ദ്രശേഖരനെ മരിച്ചുവെന്ന് ഉറപ്പാകുന്നതുവരെ തുരുതുരാ വെട്ടിയ പ്രതികളില്‍ പ്രധാനിയാണല്ലോ കൊടി സുനി. അങ്ങനെയുള്ള കൊടി സുനിയെ നിയന്ത്രിക്കാന്‍ ഒരുങ്ങിയാല്‍ ടി.പിയെ വെട്ടിക്കൊല്ലാന്‍ ആയുധം കൈയില്‍ വച്ചുകൊടുത്ത സി.പി.എം ഉന്നത നേതാവിന്റെ പേര് വെളിപ്പെടുത്തിയേക്കുമോ എന്ന ആശങ്ക ഭരണകൂടത്തെ അലട്ടുന്നതിനാലാണ് ഇക്കൂട്ടരെ നിയന്ത്രിക്കാനാവാത്തത്.
കൊടി സുനിയുടെയും റഷീദിന്റെയും ഫോണ്‍വിളികള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിനു കത്തുനല്‍കിയിരിക്കുകയാണ്. ഡി.ജി.പി അനില്‍ കാന്ത് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദര്‍വേഷിന്റെ നടപടി. ജയില്‍ സുരക്ഷയെ ബാധിക്കുംവിധം തടവുകാരുടെ ഫോണ്‍വിളി വര്‍ധിച്ചിട്ടുണ്ടെന്നാണ് ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ജയിലുകളിലെ ഫോണ്‍വിളി തടയാന്‍ ജാമറുകള്‍ സ്ഥാപിച്ചാല്‍ ഉടന്‍തന്നെ തടവുകാര്‍ അതു തകര്‍ക്കുകയാണ്. ഇത് പലവട്ടം ആവര്‍ത്തിച്ചിട്ടും ആരാണ് ജാമറുകള്‍ തകര്‍ക്കുന്നതെന്ന് കണ്ടെത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഒടുവില്‍ ജാമര്‍ തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണേ്രത ജയില്‍ അധികൃതര്‍ !
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിക്കപ്പെട്ട കൊടി സുനിയടക്കമുള്ള പ്രതികള്‍ ജയിലില്‍ ഉണ്ടായിരുന്നു. ടി.പി വധക്കേസില്‍ പ്രതിയായ മുഹമ്മദ് ഷാഫിയില്‍ നിന്ന് 2019 ജൂണില്‍ നാല് സിം കാര്‍ഡുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാര്‍ഡുകള്‍ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രതികളില്‍നിന്ന് രണ്ടുതവണ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതുമാണ്. ഇതിനെതിരേ നടപടികള്‍ ഉണ്ടാകുമെന്ന് അന്ന് ജയില്‍ ഡി.ജി.പിയായിരുന്ന ഋഷിരാജ് സിങ് സൂചന നല്‍കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രണ്ടുവട്ടം ടി.പി വധക്കേസ് പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും കൊടി സുനി അടക്കമുള്ള ക്രിമിനലുകളുടെ ഫോണ്‍വിളികള്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിനു കഴിഞ്ഞിട്ടില്ല. കൊടി സുനി ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച വാര്‍ഡനെ മര്‍ദിച്ചതും മറക്കാറായിട്ടില്ല.
മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും ഇവര്‍ക്ക് എത്തിക്കുന്നത് ജയില്‍ ജീവനക്കാരില്‍ ചിലര്‍ തന്നെയാണ്. തടവുകാരെ പുറത്തേക്കും അകത്തേക്കും കൊണ്ടുപോകുമ്പോള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. എന്നാല്‍, ജീവനക്കാരെ പരിശോധിക്കാറില്ല. ഈ സൗകര്യമാണ് അവര്‍ക്ക് തുണയാകുന്നത്.
ജയിലില്‍ നിന്നുള്ള ഫോണ്‍വിളികളെല്ലാം പഴയ കഥകളായി മാറിയെന്നുപറഞ്ഞായിരുന്നു ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് കഴിഞ്ഞവര്‍ഷം വിരമിച്ചത്. എന്നാല്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തേക്കുള്ള ഫോണ്‍വിളികള്‍ നിര്‍ബാധം തുടര്‍ന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരിക്കുന്നത് കൊടി സുനിയാണെന്നാണ് വാര്‍ത്ത. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുപിന്നാലെയാണ് കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ശുഹൈബ് വധക്കേസിലെ പ്രതിയും രാമനാട്ടുകര സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ കാമുകിയുമായി മൊബൈലില്‍ സംസാരിക്കാന്‍ പൊലിസ് സൗകര്യം ചെയ്തുകൊടുത്തത് നേരത്തെ വിവാദമായിരുന്നു.
രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊടുംകുറ്റവാളികളെ സി.പി.എം ഉപയോഗിക്കുന്നതിനാല്‍ അവര്‍ക്കെതിരേയുള്ള ഒരു നടപടിക്കും ഭരണകൂടം മുതിരുമെന്ന് തോന്നുന്നില്ല. അതീവസുരക്ഷയുള്ള വിയ്യൂരിലെ തന്നെ ജയിലിലേക്കാണിപ്പോള്‍ കൊടി സുനിയെ മാറ്റിയിരിക്കുന്നത്. നാളെ ഈ ജയില്‍മുറിയില്‍ ഇരുന്നുകൊണ്ട് കൊടി സുനി പുറത്തുള്ള അയാളുടെ സംഘത്തിന് ഫോണിലൂടെ എന്തെങ്കിലും ക്വട്ടേഷന്‍ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."