'മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് തെറ്റിദ്ധാരണയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു'; കൈപുസ്തകത്തെ ന്യായീകരിച്ച് താമരശ്ശേരി അതിരൂപതയുടെ ഖേദപ്രകടനം
കോഴിക്കോട്: വിവാദ കൈപ്പുസ്തകത്തില്‍ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു കൈപ്പുസ്തകം. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇടവകകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലനം കേന്ദ്രം തയാറാക്കിയ സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന കൈപുസ്തകത്തിലായിരുന്നു വിവാദ പരാമരശം. പുസ്തകത്തില്‍ കടുത്ത മുസ്‌ലിം വിദ്വേഷമാണ് കുത്തിനിറച്ചിട്ടുള്ളത്. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാര്‍ഗമാണ് ലവ് ജിഹാദെന്ന് പ്രണയക്കുരുക്കെന്ന് പേരിട്ട നാലാംഭാഗത്തില്‍ പറയുന്നു. മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടുത്തുന്നു.
പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്‌ലിം പുരോഹിതന്മാര്‍ ആഭിചാരം നടത്തുന്നതായി പുസ്തകം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്‌ലിം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പര്‍ശനം പോലും വശീകരണത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ് നല്‍കി. ബന്ധന പ്രാര്‍ഥന വഴി ഈ വശീകരണത്തില്‍ നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു. അല്ലാഹുവിന് സാത്താന്റെ സ്വഭാവമാണെന്നും പുസ്തകത്തിലുണ്ട്. മുസ്‌ലിങ്ങള്‍ അല്ലാത്തവരെ വധിക്കുന്നവര്‍ക്കും ഇതരമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നവര്‍ക്കും സ്വര്‍ഗമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നതെന്നും പുസ്തകത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."