ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ ഓട്ടോമാറ്റിക് റൂട്ടിലൂടെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് അടക്കമുള്ള വിവിധ പരിഷ്‌ക്കാരങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്നാല്‍, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ അനുവദിക്കില്ല.
ഇതുവരെ 49 ശതമാനം വിദേശനിക്ഷേപമാണ് ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുവദിച്ചിരുന്നത്. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ കമ്പനികള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ പറ്റുന്നതാണ് ഓട്ടോമാറ്റിക് റൂട്ട്.
നിലവിലുള്ള എ.ജി.ആര്‍ കുടിശ്ശികകള്‍ക്ക് നാലുവര്‍ഷത്തെ മൊറട്ടോറിയം നല്‍കാനും മന്ത്രിസഭ അനുമതി നല്‍കി. വലിയ തുക കുടിശ്ശികയുള്ള വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇത് സഹായകമാകുക. ഭാവിയിലെ ലേലങ്ങളില്‍ സ്‌പെക്ട്രത്തിന്റെ കാലാവധി 20ല്‍ നിന്ന് 30 വര്‍ഷമായി ഉയര്‍ത്തി. ലേലങ്ങളില്‍ നേടുന്ന സ്‌പെക്ട്രം 10 വര്‍ഷത്തിനുശേഷം തിരിച്ചേല്‍പ്പിക്കാന്‍ അനുവദിക്കും. സ്‌പെക്ട്രം പങ്കിടലിനായി ഈടാക്കിയിരുന്ന 0.5 ശതമാനം അധിക ഉപയോഗ നിരക്ക് ഒഴിവാക്കി.
സ്‌പെക്ട്രം ലേലങ്ങള്‍ക്ക് ഗഡുക്കളായുള്ള പണമടയ്ക്കല്‍ സുരക്ഷിതമാക്കാന്‍ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. സ്‌പെക്ട്രം ലേലം എല്ലാ സാമ്പത്തികവര്‍ഷത്തിന്റെയും അവസാനപാദത്തില്‍ നടത്താനും തീരുമാനിച്ചു.
1953ലെ കസ്റ്റംസ് വിജ്ഞാപനപ്രകാരം വയര്‍ലെസ് ഉപകരണങ്ങള്‍ക്കായി ലഭ്യമാക്കേണ്ട ലൈസന്‍സുകള്‍ ഒഴിവാക്കി. പകരം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും.
ഇ-കെ.വൈ.സി നിരക്ക് ഒരു രൂപ മാത്രമാക്കി. പ്രീപെയ്ഡില്‍ നിന്ന് പോസ്റ്റ്‌പെയ്ഡിലേക്കും തിരിച്ചും മാറുന്നതിന് പുതിയ കെ.വൈ.സി ആവശ്യമില്ലെന്നും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."