ദുല്‍ഹജ്ജ് 13ന് പകുതി തീര്‍ഥാടകരെ മിനയില്‍ തന്നെ നിര്‍ത്തും
ജിദ്ദ: ദുല്‍ഹജ്ജ് 13ന് മസ്ജിദുല്‍ ഹറാമിലെ തിരക്ക് കുറയ്ക്കാന്‍ പകുതി തീര്‍ഥാടകരെ മിനയില്‍ തന്നെ നിര്‍ത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ സെക്രട്ടറി ഡോ. ഹുസൈന്‍ ശരീഫ് അറിയിച്ചു. അറബ് രാജ്യങ്ങള്‍ക്കായുള്ള മുത്വവഫ് സ്ഥാപനങ്ങളിലെ സേവന മേധാവികളുടെ യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചത്.
ദുല്‍ഹജ്ജ് 12ന് മുഴുവന്‍ തീര്‍ഥാടകരും മിനയില്‍ നിന്നു പിരിഞ്ഞുപോയി ഹറമിലുണ്ടാവുന്ന തിരക്കൊഴിവാക്കാനാണ് പുതിയ തീരുമാനം. ദുല്‍ഹജ്ജ് 10ന് മുസ്ദലിഫയില്‍ നിന്ന് ജംറകളിലേയ്ക്ക് പോവാതെ നേരിട്ട് തമ്പുകളിലെത്തണമെന്നും കല്ലെറിയുന്നതിനുള്ള സമയക്രമം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.
ജംറകളിലേക്ക് പോവുമ്പോള്‍ ഓരോ മുത്വവഫും സമയക്രമം നിര്‍ബന്ധമായും പാലിക്കണം. തീര്‍ഥാടകരുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാനും തിരക്കൊഴിവാക്കാനും ഹജ്ജ് മന്ത്രാലയം, സുരക്ഷാവകുപ്പ്, മുത്വവഫ് സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കണ്‍ട്രോള്‍ റൂം തുറക്കും. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുവേണ്ടി അറഫയില്‍ 18,000 തമ്പുകള്‍ സജ്ജീകരിക്കും. ഈ തമ്പുകളില്‍ 1,30,000 ഹജ്ജ് തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് സാധിക്കുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര ഹജ്ജ് സര്‍വിസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഈവര്‍ഷം ലൈസന്‍സ് ലഭിച്ച 204 കമ്പനികളും സ്ഥാപനങ്ങളുമാണ്. അതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഇതുവരെ ആറുലക്ഷം തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് വിഭാഗം അറിയിച്ചു.
ഹറമില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പ്രാര്‍ഥനാ സ്ഥലം
ജിദ്ദ: മസ്ജിദുല്‍ ഹറാമില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പ്രാര്‍ഥനാസ്ഥലം അനുവദിച്ചു. ബാബുല്‍ ഉംറ, ബാബുല്‍ ഫതഹ് എന്നീ ഭാഗങ്ങളിലായാണ് ഇവര്‍ക്ക് പ്രത്യേകമായി അനുവദിച്ചത്. തീര്‍ഥാടകര്‍ക്കു ത്വവാഫിനു സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മതാഫില്‍ നിസ്‌കരിക്കുന്നതും ഇരിക്കുന്നതും വിലക്കിയിട്ടുണ്ട്.
അതിനുപുറമേ വികസന പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഒന്നാം നമ്പര്‍ കിങ് അബ്ദുല്‍ അസീസ് കവാടം തീര്‍ഥാടകര്‍ക്കുവേണ്ടി പുതുതായി തുറന്നുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."