ട്രൈബ്യൂണലുകളിലെ നിയമനങ്ങള്‍ ; കേന്ദ്രത്തിനെതിരേ വീണ്ടും സുപ്രിംകോടതി
സെലക്ഷന്‍ കമ്മിറ്റിയുടെ പട്ടിക അവഗണിച്ച് വേണ്ടപ്പെട്ടവരെ നിയമിച്ചു
ന്യൂഡല്‍ഹി: ട്രൈബ്യൂണലുകളില്‍ നടത്തിയ നിയമനങ്ങളില്‍ കേന്ദ്രത്തിനെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി സുപ്രിംകോടതി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, ഇന്‍കം ടാക്‌സ് അപ്പലറ്റ് ട്രൈബ്യൂണല്‍ എന്നിവയിലേക്ക് കേന്ദ്രസര്‍ക്കാര്‍ തന്നിഷ്ടപ്രകാരം തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ തെരഞ്ഞെടുത്തുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.
സുപ്രിംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സെര്‍ച്ച്-കം-സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടിക അംഗീകരിക്കുന്നതിന് പകരം പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്‍പര്യമുള്ളവരെ തെരഞ്ഞെടുത്താണ് നിയമനം നടത്തിയത്. സെലക്ഷന്‍ കമ്മിറ്റി അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ ഒഴിവാക്കി വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ എങ്ങനെ കഴിയും.
എന്ത് നിയമനമാണ് ഈ നടത്തിയിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല. ഇന്റര്‍വ്യൂ നടത്തിയാണ് തങ്ങള്‍ ആളുകളെ കണ്ടെത്തിയത്.
താനും സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമനത്തിനായി ചുരുക്കപ്പട്ടിക തയാറാക്കാന്‍ സുപ്രിംകോടതി ജഡ്ജിമാര്‍ നടത്തിയ ശ്രമങ്ങള്‍ വെറുതെയായെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സെലക്ഷന്‍ കമ്മിറ്റി രാജ്യമെമ്പാടും സഞ്ചരിച്ചു. രണ്ടുദിവസത്തെ വിഡിയോ കോണ്‍ഫറന്‍സിങ് നടത്തി. തങ്ങള്‍ക്ക് വളരെയധികം സമയം പാഴായെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാതിരിക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. യു.പി.എസ്.സി കേസില്‍ ഇത്തരത്തിലുള്ള വിധിയുണ്ട്. പ്രധാന പട്ടിക ഉപയോഗിച്ചതിന് ശേഷമാണ് തങ്ങള്‍ വെയ്റ്റിങ് ലിസ്റ്റിലേക്ക് പോയതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
കേസ് ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നും പട്ടിക പുനഃപരിശോധിക്കാമെന്നും കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസ് ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.
മറ്റു ട്രൈബ്യൂണലുകളിലേക്കുള്ള നിയമനങ്ങള്‍ നടത്താന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം കോടതി അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."