അമേരിക്കയുടെ സയണിസ്റ്റ് ബാന്ധവത്തിന് പിന്നില്‍
സ്വിദ്ദീഖ് നദ്‌വി ചേരൂര്‍
'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍തന്നെ' എന്ന മലയാളച്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധമാണ് യു.എസിന്റെ മധ്യപൗരസ്ത്യ നയം. വൈറ്റ് ഹൗസില്‍ ഏത് പാര്‍ട്ടി ജയിച്ചാലും ആര് കയറിയിരുന്നാലും അവരുടെ മധ്യപൗരസ്ത്യ നയത്തില്‍ കാതലായ മാറ്റമൊന്നും പ്രതീക്ഷിക്കരുത്. മുമ്പ് സീനിയര്‍ ബുഷ് അവരുടെ തലവനായിരിക്കുമ്പോഴാണ് ഇറാഖ് പ്രശ്‌നം പുകഞ്ഞുതുടങ്ങിയത്. അതിനെ ആളിക്കത്തിക്കുന്ന നീക്കങ്ങളാണദ്ദേഹം നടത്തിയത്. മാത്രമല്ല, ബുഷ് ലോകരാജ്യങ്ങളെ രണ്ട് ചേരിയില്‍ പ്രതിഷ്ഠിച്ചു ഞങ്ങളുടെ കൂടെ, അല്ലെങ്കില്‍ ഞങ്ങളുടെ വിരുദ്ധ പക്ഷത്ത്. അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയായതിനാല്‍ ഡമോക്രാറ്റുകള്‍ ഭരണത്തില്‍ വന്നാല്‍ കടുപ്പം ഇത്തിരി കുറയുമെന്ന് ധരിച്ച് എല്ലാവരും ക്ലിന്റന്റെ വരവിനെ കാത്തിരുന്നു. പക്ഷേ, അയാള്‍ക്കും കാര്യമായ മാറ്റം കൊണ്ടുവരാനായില്ല.
ജൂനിയര്‍ ബുഷ് വന്നു. എല്ലാം പഴയതുപോലെ തന്നെയായി. സദ്ദാമിന്റെ കൈവശം കൂട്ട നശീകരണത്തിനുള്ള രാസായുധങ്ങള്‍ ഉണ്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ചാണ് ആ യുദ്ധത്തെ നീതീകരിച്ചത്. തുടര്‍ന്നു അവര്‍ ഭീകരവാദവിരുദ്ധ പോരാട്ടത്തിന്റെ പരിവേഷം നല്‍കി അഫ്ഗാനിസ്ഥാന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. വീണ്ടും ജനങ്ങള്‍ ഡമോക്രാറ്റിക് പ്രതിനിധിക്ക് വേണ്ടി കൊതിച്ചു. ബറാക് ഒബാമ വന്നു. പക്ഷേ, പറയത്തക്ക മാറ്റമൊന്നും വരുത്താന്‍ അയാള്‍ക്കും കഴിഞ്ഞില്ല. കാരണം അവിടത്തെ വ്യവസ്ഥിതി അങ്ങനെയാണ്. അതിനെ മറികടക്കാന്‍ ഒരു പരിധിക്കപ്പുറം പ്രസിഡന്റുമാര്‍ക്കും കഴിയില്ല. പിന്നെ പ്രസിഡന്റ് സ്ഥാനത്ത് ഡോണാള്‍ഡ് ട്രംപിനെയാണ് ലോകം കണ്ടത്. അതോടെ വംശീയ വിദ്വേഷവും തലതിരിഞ്ഞ നയങ്ങളും യു.എസിന്റെ തനിനിറമായി മാറി. നിലവിലെ പ്രസിഡന്റ് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നാണെങ്കിലും ട്രംപിനെ നല്ലത് പറയിപ്പിച്ചുകളയും പുതിയ തലവന്‍. ഇവിടെ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യം അവരുടെ ഇസ്‌റാഈല്‍ ചായ്‌വും വിധേയത്വവുമാണ്. ന്യായാന്യായങ്ങളോ പൊതുബോധമോ യു.എന്‍.ഒയുടെ തീരുമാനങ്ങളോ അതിന് മുന്നില്‍ അവര്‍ക്ക് പ്രശ്‌നമല്ല. ഫലസ്തീന്‍ അനുകൂല പ്രമേയങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായിട്ടും അവയെ സ്വന്തം ധാര്‍ഷ്ട്യത്തിന്റെ വീറ്റോ പവര്‍ പ്രയോഗിച്ച് എത്ര തവണയാണ് തള്ളിക്കളഞ്ഞത്!
വിശ്വാസയോഗ്യമായ സ്രോതസുകള്‍ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 1945 മുതല്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഫലസ്തീനോട് അനുഭാവം പ്രകടിപ്പിച്ചും ഇസ്‌റാഈലിന്റെ അന്യായങ്ങളെ വിമര്‍ശിച്ചും അവതരിപ്പിക്കപ്പെട്ട 36 പ്രമേയങ്ങളില്‍ 34 എണ്ണവും അമേരിക്കയുടെ വീറ്റോ പ്രയോഗം കാരണം തള്ളപ്പെടുകയായിരുന്നു. അധിനിവേശ വിപുലീകരണ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സയണിസ്റ്റ് രാജ്യത്തിന് ധൈര്യം നല്‍കുന്നതും യു.എസിന്റെ നിരുപാധികവും ഏകപക്ഷീയവുമായ പിന്തുണയാണെന്ന വസ്തുത ആര്‍ക്കാണറിഞ്ഞു കൂടാത്തത്?
അമേരിക്കയും ഇസ്‌റാഈലും
1948 മെയ് 14ന് ഇസ്‌റാഈല്‍ രാജ്യം നിലവില്‍ വന്നതായി പ്രഖ്യാപിക്കപ്പെട്ടതോടെ ഈ രാജ്യത്തെ ഔദ്യോഗികമായി ആദ്യമായി അംഗീകരിച്ച രാജ്യം യു.എസാണ്. അവിടത്തേക്കുള്ള അംബാസഡറായി ജൈംസ് ഗ്രോവറിനെ നിയമിച്ചതായും പ്രസിഡന്റ് ഹാരി ട്രൂമാന്‍ പ്രഖ്യാപിച്ചു. അതോടെ യു.എസിന്റെ ദത്തുപുത്രിയായി എല്ലാ പിന്തുണയും പരിചരണവും അനുഭവിച്ചു ഇസ്‌റാഈല്‍ വളര്‍ന്നു. കേവലം ദത്തുപുത്രി മാത്രമാണെങ്കിലും പെറ്റ കുട്ടിയേക്കാള്‍ സ്‌നേഹവായ്പും വാത്സല്യമാണ് യു.എസിന് ആ രാജ്യത്തോട്. സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ സഹായങ്ങള്‍ നിര്‍ലോപവും നിസ്സീമവുമായാണ് സയണിസ്റ്റ് രാജ്യത്തിലേക്കൊഴുകുന്നത്. വര്‍ഷംതോറും മൂന്ന് ബില്യനിലധികം ഡോളറാണ് ഇങ്ങനെ സഹായമായി ലഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം 2023 വരെ ഏതാണ്ട് 121 ബില്യന്‍ ഡോളര്‍ ഇങ്ങനെ ലഭിച്ചതായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു അന്ധവും അനന്തവുമായ ഉഭയകക്ഷി ബന്ധത്തിന്റെ പൊരുളെന്തെന്ന് പലരും ആശ്ചര്യപ്പെടുന്നുണ്ട്. ഓരോരുത്തരും സ്വന്തം ന്യായീകരണങ്ങളില്‍ ആശ്വാസം കൊള്ളുന്നു. കുരിശ് യുദ്ധത്തിന്റെ ബാക്കിപത്രമായി നിലകൊള്ളുന്ന മുസ്‌ലിം വിരോധവും വംശീയ വിദ്വേഷവും സാംസ്‌കാരിക സംഘര്‍ഷവുമൊക്കെ ഇതില്‍ ചില ഘടകങ്ങളായിരിക്കാമെന്നത് നിഷേധിക്കുന്നില്ല. ചിലര്‍ സയണിസ്റ്റുകളും ക്രൈസ്തവ പ്രോട്ടസ്റ്റന്റുകളും തമ്മിലുള്ള വീക്ഷണപ്പൊരുത്തമാണതിന്റെ പിന്നിലെന്ന് കണ്ടെത്തുന്നു.
എന്നാല്‍ അമേരിക്ക ആത്യന്തികമായി ഒരു മുതലാളിത്ത രാജ്യമാണ്. അതുകൊണ്ടുതന്നെ വാണിജ്യ നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയും അതുവഴി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാണവര്‍ മറ്റെന്തിനേക്കാളും മുന്‍തൂക്കം നല്‍കുക. അമേരിക്കയുടെ പ്രധാന വരുമാനമാര്‍ഗം ആയുധ കച്ചവടമാണെന്നത് പരസ്യമായ രഹസ്യമാണ്. സ്വാഭാവികമായും യുദ്ധഭീതിയും സംഘര്‍ഷ സാധ്യതയും വര്‍ധിക്കുന്ന ഇടങ്ങളിലാണ് കൂടുതല്‍ ആയുധങ്ങള്‍ വിറ്റഴിക്കപ്പെടുക.
ഒരു വെടിക്ക് പല പക്ഷികള്‍
മധ്യപൗരസ്ത്യ ദേശത്തെ എല്ലാ അസ്വസ്ഥതകളുടെയും പ്രശ്‌നങ്ങളുടെയും അടിവേര് ഫലസ്തീന്‍ പ്രദേശങ്ങള്‍ അന്യായമായി സയണിസ്റ്റ് ശക്തികള്‍ കൈയേറി സ്വന്തം രാജ്യം സ്ഥാപിച്ചതാണെന്ന് ഏവര്‍ക്കും അറിയാം. ഈ അന്യായം നിലനില്‍ക്കുന്നത്രയും കാലം പ്രദേശത്ത് സംഘര്‍ഷാവസ്ഥയും തുടരും. എണ്ണം കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഇസ്‌റാഈലിന് സ്വന്തമായി നേരിടാന്‍ കഴിയാത്തത്ര അളവിലുള്ള അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ ഹൃദയഭാഗത്താണ് ഇത്തരമൊരു രാജ്യം നീണ്ട ആസൂത്രണത്തിന്റെയും ഗൂഢാലോചനയുടെയും ഫലമായി സ്ഥാപിക്കപ്പെട്ടത്. അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്‍ബലമില്ലെങ്കില്‍ എന്നേ അയല്‍രാജ്യങ്ങള്‍ ആ കൊച്ചു രാജ്യത്തെ കീഴടക്കിയേനെ. അതിനാലാണ് ദീര്‍ഘകാല അജന്‍ഡകളുടെ ഭാഗമായി അമേരിക്ക ഇസ്‌റാഈലിനെ ആയുധങ്ങളും സാങ്കേതികസാമ്പത്തിക സഹായങ്ങളും നല്‍കി പിടിച്ചുനിര്‍ത്തുന്നത്. ജൂത രാജ്യത്തിന് തങ്ങള്‍ നല്‍കുന്ന സഹായ തുകയുടെ എത്രയോ ഇരട്ടി ഇതിനകം അറബ് രാജ്യങ്ങളുമായുള്ള ആയുധ കരാറുകളിലൂടെ അമേരിക്ക നേടിക്കഴിഞ്ഞിരിക്കും. അപ്പോള്‍ ഇത് നഷ്ടക്കച്ചവടമല്ലെന്ന് വ്യക്തം. തങ്ങളുടെ ദീര്‍ഘകാല സൈനികസാമ്പത്തിക സ്ട്രാറ്റജിയുടെ ഭാഗമായി അറബ് രാജ്യങ്ങളുടെ നെറുകെയില്‍ അവരുടെ സ്വൈരം കെടുത്തുന്ന ഒരു രാജ്യമുണ്ടാകുന്നത് പലതുകൊണ്ടും ഗുണകരമാണെന്നവര്‍ കണ്ടെത്തി. തങ്ങളുടെ മുതലാളിത്തത്തിന്റെയും മേല്‍ക്കോയ്മയുടെയും അജന്‍ഡകള്‍ ലോകത്ത് നടപ്പാക്കാന്‍ അത് അനിവാര്യമാണ്. അങ്ങനെ ഒരു വെടിക്ക് പല പക്ഷികള്‍ നേടുന്ന തന്ത്രമാണ് അമേരിക്കന്‍ സയണിസ്റ്റ് ബാന്ധവത്തിന്റെ പിന്നിലെ പൊരുള്‍.
സയണിസവും സംഘ്പരിവാറും
ഇന്ത്യയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് എങ്ങനെ മതപരമായ വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും ദുരുപയോഗം ചെയ്തു ഹിന്ദുത്വവാദികള്‍ മുന്നേറിയോ അതിന്റെ മറ്റൊരു പതിപ്പാണ് സത്യത്തില്‍ ഫലസ്തീനില്‍ പുലര്‍ന്നത്. ഇവിടത്തെ സംഘ്പരിവാറിന്റെ ജൂത വേര്‍ഷനാണ് സയണിസമെന്നര്‍ഥം. അഥവാ സയണിസവും സംഘ്പരിവാറും ഒരേ തൂവല്‍ പക്ഷികളാണെന്ന് കാണാം.
തിയോഡര്‍ ഹര്‍സല്‍(Theodor Herzl18601904) എന്ന ഓസ്ട്രിയന്‍ ജൂതവംശജനായിരുന്നു, ജൂതര്‍ക്ക് സ്വന്തമായി രാജ്യം വേണമെന്ന നിലപാട് ആധുനിക കാലഘട്ടത്തില്‍ ആദ്യമായി മുന്നോട്ടുവച്ചത്. ജൂത രാഷ്ട്രം എന്നര്‍ത്ഥം വരുന്ന ജര്‍മന്‍ ഭാഷയില്‍ രചിച്ച Der Judenstaat എന്ന ലഘു കൃതിയിലൂടെയാണ് അയാള്‍ തന്റെ സങ്കല്‍പ്പം പുറത്തുവിട്ടത്. അതിന് ആവശ്യമായ മാര്‍ഗരേഖകള്‍ അയാള്‍ വിശദീകരിച്ചു. പിന്നീടുവന്നവര്‍ ആ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി കാര്യങ്ങളെ മുന്നോട്ട് നീക്കി. അദ്ദേഹം ജൂത വംശജനായിരുന്നെങ്കിലും നിരീശ്വരവാദിയായിരുന്നവെന്നാണ് ചരിത്രകാരന്‍മാര്‍ വ്യക്തമാക്കുന്നത്.
ഇതേ പോലെ ജന്‍മംകൊണ്ട് ഹിന്ദുവായിരുന്നെങ്കിലും വീക്ഷണപരമായി അവിശ്വാസിയായിരുന്നു, ഹിന്ദുത്വ സ്ഥാപകനായിരുന്ന വി.ഡി സവര്‍ക്കറും(18831966). അദ്ദേഹമായിരുന്നല്ലോ തന്റെ ഹിന്ദുത്വ: ഹു ഈസ് എ ഹിന്ദു? എന്ന കൃതിയിലൂടെ ഹിന്ദുത്വവാദത്തിന് അടിത്തറ പാകിയത്. അതിന്റെ പ്രയോഗവല്‍ക്കരണത്തിനാണ് പിന്നീട് ആര്‍.എസ്.എസും തുടര്‍ന്ന അനേകം സംഘടനകള്‍ അടങ്ങിയ സംഘ്പരിവാറും രൂപംകൊണ്ടത്. സയണിസവും ഹിന്ദുത്വവാദവും രണ്ടും വംശീയതയിലും അധികാരശക്തിയിലും വിശ്വസിക്കുന്നു. മതവികാരത്തെ അത് നേടിയെടുക്കാനുള്ള ഉപാധിയായി പ്രയോഗിക്കുന്നു. സ്വന്തം വംശത്തിന്റെ മേല്‍ക്കോയ്മയും മേധാവിത്വവും ഉറപ്പിക്കാന്‍ പ്രതിയോഗികള്‍ക്കെതിരേ കടുത്ത നിലപാടുകളും ബലപ്രയോഗവും നുണപ്രചാരണവും അനിവാര്യമെന്ന നിലപാടിലും ഇരുകൂട്ടരും തുല്യത പുലര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."