പനിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയ 15 കാരന്‍ ആംബുലന്‍സുമായി മുങ്ങി; കറങ്ങിയത് 8 കിലോമീറ്ററോളം
തൃശൂര്‍: തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പതിനഞ്ചുകാരന്‍ ആംബുലന്‍സ് ഓടിച്ചുപോയി. കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ കുട്ടിയാണ് 108 ആംബുലന്‍സുമായി കടന്നുകളഞ്ഞത്. തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം.
രോഗിയെ ആശുപത്രിയിലാക്കി തിരികെ എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ താക്കോല്‍ വാഹനത്തില്‍ തന്നെ വച്ച് ശുചിമുറിയിലേക്ക് പോയ തക്കം നോക്കിയാണ് കുട്ടി ആംബുലന്‍സ് എടുത്ത് കടന്നുകളഞ്ഞത്.
പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് ആംബുലന്‍സ് കാണാതെ വന്നതോടെ ജീവനക്കാര്‍ ആംബുലന്‍സിലെ ജി പി എസ് സംവിധാനം വഴി ആംബുലന്‍സ് ഒല്ലൂര്‍ ഭാഗത്തേക്ക് പോകുന്നത് മനസ്സിലാക്കി സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു.
ആശുപത്രിയില്‍നിന്ന് നേരെ ഒല്ലൂര്‍ റോഡിലേക്കാണ് കയറിയത്. ഒല്ലൂര്‍ സെന്ററില്‍ എത്തിയശേഷം വലത്തോട്ടുതിരിഞ്ഞ് റെയില്‍വേസ്റ്റേഷന്‍ റോഡിലേക്കു കയറി. തുടര്‍ന്ന് റെയില്‍വേ കയറി. തുടര്‍ന്ന് റെയില്‍വേ ക്രോസ് മറികടന്നു. ഇതു കഴിഞ്ഞുള്ള വളവില്‍ വച്ച് വാഹനം ഓഫായി.
ഇതോടെ വണ്ടി തള്ളാന്‍ കുട്ടി നാട്ടുകാരുടെ സഹായം തേടി. പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ സ്ഥലത്തെത്തി. കുട്ടിയേയും ആംബുലന്‍സും ഡ്രൈവര്‍ പൊലിസ് സ്‌റ്റേഷനിലെത്തിച്ചു. ആംബുലന്‍സ് തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
വീട്ടിലെ കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് പതിനഞ്ചുകാരനുള്ളത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ജില്ല ആശുപത്രിയിലെ ജീവനക്കാരിയുടെ മകന്‍ കൂടിയാണ് ഈ പതിനഞ്ചുകാരന്‍.
സംഭവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ 108 ആംബുലന്‍സ് നടത്തിപ്പ് ചുമതലയുള്ള ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് അന്വേഷണം ആരംഭിച്ചു.
15-year-old-run-away-with-an-ambulance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."