HOME
DETAILS
MAL
കൊളസ്‌ട്രോള്‍ മാറ്റാം; നിര്‍ദേശങ്ങളും പൊടിക്കൈകളും
backup
September 18 2021 | 04:09 AM
കൊളസ്‌ട്രോള്‍ പലതരം
നമ്മളെല്ലാം കേട്ടതുപോലെ തന്നെ നല്ല കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിങ്ങനെ കൊളസ്‌ട്രോള്‍ പലതരത്തില്‍ ഉണ്ട്. രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടി ബ്ലോക്ക് ഉണ്ടാക്കുവാനും അറ്റാക്ക് പോലെയുള്ള രോഗങ്ങള്‍ ഉണ്ടാക്കുവാനും കാരണമാകുന്നതാണ് ചീത്ത കൊളസ്‌ട്രോള്‍. ട്രാന്‍സ്ഫാറ്റുകള്‍, എണ്ണ, ഡാല്‍ഡ, വനസ്പതി എന്നിവയിലൂടെയെല്ലാം ആണ് ഇവ നമ്മുടെ ശരീരത്തിലെത്തുന്നത്. ബീഫ്, ആട്, ചെമ്മീന്‍, കൂന്തല്‍, കല്ലുമ്മക്കായ ഇവയിലും ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ അയല, മത്തി, ചൂര എന്നീ മത്സ്യങ്ങള്‍ ഇത്തരം കൊളസ്‌ടോള്‍ കുറയാന്‍ സഹായിക്കും്. ഫ്‌ളാക്‌സ് സീഡിലും ഒമേഗാ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സസ്യാഹാരികള്‍ക്ക് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് ഉപയോഗിക്കാവുന്നതാണ്.
ട്രൈഗ്ലിസറൈഡ്: നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ അമിതമായ അരി, പഞ്ചസാര എന്നിവ ലിവറില്‍ ട്രൈഗ്ലിസറൈഡ് ആയി ആണ് മാറ്റപ്പെടുന്നത്. ഇതുകൊണ്ടാണ് എണ്ണ മെഴുക്കുകള്‍ ഉപയോഗിക്കാത്തവരിലും അരി ഭക്ഷണം കഴിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഉയര്‍ന്നു കാണുന്നത്. എത്ര നിയന്ത്രിച്ചിട്ടും കൊളസ്‌ട്രോള്‍ കുറയുന്നില്ല എന്ന് പരിഭവപ്പെടുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്.പോളിഷ് ചെയ്ത അരി, പഞ്ചസാര, മൈദ എന്നിവയുടെ ഉപയോഗം ട്രൈഗ്ലിസറൈഡ് കൂടുന്നതിന് ഇടയാക്കും. മൂന്നുനേരം അരി ആഹാരം കഴിക്കുന്ന മലയാളികള്‍ ഏറെ ഗൗരവമായി കാണേണ്ടതും ഇതിനെയാണ്. ഇതൊഴിവാക്കാന്‍, രാത്രി ഭക്ഷണം ചപ്പാത്തിയോ ഓട്‌സോ ആവുന്നത് നന്നായിരിക്കും.നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിലൂടെ ഇതിനെ ചെറുക്കാന്‍ സാധിക്കും. ബീന്‍സ്, അമര, സോയാബീന്‍ എന്നിവയിലെല്ലാം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ട്രൈഗ്ലിസറൈഡ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഓറഞ്ച്, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളും ആപ്പിള്‍ പോലെയുള്ള ആന്റി ഓക്‌സിഡന്റുകളും ട്രൈഗ്ലിസറൈഡ് നിയന്ത്രിക്കുന്നതില്‍ സഹായകരമാണ്.
നല്ല കൊളസ്‌ട്രോള്‍
ഹൃദയത്തിന് ശക്തിയും സംരക്ഷണവും നല്‍കുന്ന കൊളസ്‌ട്രോള്‍ ആണിത്. നന്നായി വ്യായാമം ചെയ്യുന്നതിലൂടെ ഇത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ബദാം, വാല്‍ നട്ട്, കപ്പലണ്ടി, കശുവണ്ടി എന്നിവയില്‍ ഇത് ധാരാളം അടങ്ങിയിരിക്കുന്നു.
ഭക്ഷണത്തില്‍
ഉള്‍പെടുത്തേണ്ടത്
പഴങ്ങളില്‍ തീരെ കൊളസ്‌ട്രോള്‍ ഇല്ല എന്നുള്ളതിനാല്‍ അവ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ജ്യൂസ് അടിച്ച്, പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക എന്നോര്‍ക്കണം. ഓറഞ്ച്, മുസംബി തുടങ്ങിയ സിട്രസ് ഫ്രൂട്ടുകളും ആന്റി ഓക്‌സിഡന്റ് അടങ്ങിയ ആപ്പിളും വളരെ നല്ലതാണ്. പച്ചക്കറികളും ഫ്‌ളാക്‌സ് സീഡും നല്ലതാണ്. സലാഡുകള്‍ ധാരാളമായി കഴിക്കാന്‍ ശ്രദ്ധിക്കുക.
മഞ്ഞള്‍, ചുവന്ന ഉള്ളി, കാന്താരി മുളക്, വെളുത്തുള്ളി ഇവയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.. അമര, ബീന്‍സ്, സോയ ബീന്‍ പോലുള്ള പയര്‍ വര്‍ഗങ്ങള്‍, കപ്പലണ്ടി, വാല്‍ നട്ട്, ബദാം, കശുവണ്ടി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വാഴപ്പിണ്ടി വളരെ നല്ലതാണ്.അയല, ചൂര, മത്തി എന്നീ മത്സ്യങ്ങളും നല്ലതാണ്. എന്നാല്‍ എണ്ണയില്‍ പൊരിച്ച് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതിനു കാരണമാകും എന്ന് മറക്കരുത് !
ഹോമിയോപ്പതി ചികിത്സ
ഇതെല്ലാം ചെയ്തിട്ടും കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്.
രോഗത്തിന് കാരണമാകുന്ന ഭക്ഷണത്തെ അല്ലെങ്കില്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുന്ന വസ്തുവിനെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനത്തിലെ വ്യത്യാസങ്ങള്‍ കൊണ്ടോ കരളിന്റെ പ്രവര്‍ത്തനത്തിലെ വ്യത്യാസങ്ങള്‍ കൊണ്ടോ കൊളസ്‌ട്രോള്‍ കൂടാം എന്നുള്ളതിനാല്‍ അവയെ കൃത്യമായി കണ്ടെത്തി ക്രമീകരിക്കുകയാണ് ഹോമിയോ വൈദ്യശാസ്ത്രത്തില്‍ ചെയ്യുന്നത്.
ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കുക എന്നതില്‍ നിന്ന് വിഭിന്നമായി കുറഞ്ഞ കാലത്തെ മരുന്നുപയോഗം കൊണ്ട് ശരീര പ്രവര്‍ത്തനത്തെ സാധാരണ രീതിയിലേക്ക് മടക്കികൊണ്ടുവരാനാണ് ചികിത്സയിലൂടെ ശ്രമിക്കുന്നത്.
പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതും ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാം എന്നതും കൊളസ്‌ട്രോള്‍ ചികിത്സയില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.
ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും വീട്ടുവൈദ്യത്തിലൂടെയുമെല്ലാം കൊളസ്‌ട്രോളിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കും. അനാവശ്യമായ ഭീതി കാരണം മറ്റു രോഗങ്ങള്‍ വിളിച്ചു വരുത്താതിരിക്കുക. ഭയപ്പെടേണ്ട, കോളസ്‌ട്രോള്‍ വരുതിയിലാക്കാന്‍ ഇനി നിങ്ങള്‍ക്കും ഈസിയായി സാധിക്കും !!!
കടിഞ്ഞാണ്‍ ഇടേണ്ട ഭക്ഷണങ്ങള്‍
എണ്ണ മെഴുക്ക്, ഡാല്‍ഡ, വനസ്പതി, ബീഫ്, മട്ടന്‍, ചെമ്മീന്‍, കടുക്ക, കൂന്തല്‍ എന്നിവ പരമാവധി കുറയ്ക്കുക. അരി ആഹാരം നിയന്ത്രിക്കുക. പഞ്ചസാര മൈദ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയ ബേക്കറി പലഹാരങ്ങളും കുറക്കുക.
ദിവസവും 45 മിനുട്ട് വ്യായാമം ചെയ്യുക. പ്രഭാതസവാരി, സൈക്കിള്‍ സവാരി എന്നിവ ഏറെ നല്ലതാണ്. നീന്തല്‍ ഏറ്റവും ഉത്തമം. ഇതിന് സാധിക്കാത്തവര്‍ ഒരു ട്രെഡ്മില്ലിലെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.
മദ്യപാനം പുകവലി എന്നിവ പാടെ വര്‍ജിക്കുക
ജീവിതത്തിലെ അനാവശ്യ ടെന്‍ഷന്‍, സംഘര്‍ഷം, വാശി, ദേഷ്യം, പിരിമുറുക്കം എന്നിവ ഒഴിവാക്കി മാനസികോല്ലാസത്തിനുള്ള വഴികള്‍ കണ്ടെത്തുക.
വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍: പൊടിക്കൈകള്‍ എന്ന് കേള്‍ക്കുമ്പോഴേക്കും അത് ജീവിതത്തില്‍ പകര്‍ത്തി അപകടങ്ങള്‍ വിളിച്ചുവരുത്തുന്നവര്‍ നമുക്കിടയിലുണ്ട്. വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റികളില്‍ നിന്ന് കേള്‍ക്കുന്ന അത്തരം അറിവുകള്‍ വച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരിമുളക് വാരി തിന്നവരും അതുകാരണം പൈല്‍സ്, ഫിഷര്‍, ഗ്യാസ്‌ട്രൈറ്റിസ് എന്നിവ ചോദിച്ചു വാങ്ങിയവരും ധാരാളം. അതിനാല്‍ തന്നെ വളരെ ചുരുങ്ങിയ അളവില്‍ സൂക്ഷ്മതയോടെ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക.
1. ഓരോ ഗ്ലാസ് ഗ്രീന്‍ ടീ രാവിലെയും വൈകുന്നേരവും ശീലമാക്കുക.
2. വാഴപ്പിണ്ടിയുടെ നീര് ഒന്നോ രണ്ടോ സ്പൂണ്‍ എടുത്ത് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
3.ആര്യവേപ്പില മോരില്‍ അരച്ച് ചേര്‍ത്ത് വെറും വയറില്‍ കുടിക്കുക.
4. മോരില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുക
5. നെല്ലിക്ക ജ്യൂസില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുക
6.വെളുത്തുള്ളിയോ ചുവന്ന ഉള്ളിയോ നാരങ്ങ ചേര്‍ത്ത് ചവച്ചരച്ച് കഴിക്കുക.
7.വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയാന്‍ നല്ലതാണ്. പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുകയാണ് വേണ്ടത്. അച്ചാറ് ഉണ്ടാക്കിയും വിനാഗിരി ചേര്‍ത്തും മറ്റും് കഴിക്കുന്നത് നല്ലതല്ല.
8. കറിവേപ്പില ഇട്ട വെള്ളം തിളപ്പിച്ച് വെറും വയറ്റില്‍ കുടിക്കുക
9. മഞ്ഞള്‍ വെള്ളം തിളപ്പിച്ചോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കാം.
10. ആര്യവേപ്പ്, തുളസി, മഞ്ഞള്‍ എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."