വടകരയിലെ വോട്ടുചോര്‍ച്ച അന്വേഷിക്കാത്തതില്‍ എല്‍.ജെ.ഡിക്ക് അതൃപ്തി
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ ചോര്‍ന്നതിനെ കുറിച്ച് സി.പി.എം അന്വേഷിക്കാത്തതില്‍ ലോക്താന്ത്രിക് ജനതാദളിന്(എല്‍.ജെ.ഡി) അതൃപ്തി. മണ്ഡലത്തില്‍ സി.പി.എം വോട്ടുകള്‍ വലിയതോതില്‍ ചോര്‍ന്നെന്ന് എല്‍.ജെ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഘടകകക്ഷികളില്‍ ഭൂരിഭാഗവും യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.എം.പിയുടെ കെ.കെ രമയ്ക്ക് വോട്ട് മറിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍.ജെ.ഡിയുടെ മനയത്ത് ചന്ദ്രനായിരുന്നു വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സ്വന്തം സ്ഥാനാര്‍ഥികള്‍ ജയിച്ചതും തോറ്റതുമായ മണ്ഡലങ്ങളിലെയും ഘടകകക്ഷികള്‍ മത്സരിച്ച മറ്റു മണ്ഡലങ്ങളിലെയും വോട്ടുചോര്‍ച്ച അന്വേഷിച്ച സി.പി.എം വടകരയിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് മൗനം പാലിക്കുന്നതാണ് എല്‍.ജെ.ഡിയെ ചൊടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിറ്റി വിളിച്ചുചേര്‍ത്ത് വോട്ടുചോര്‍ച്ച ചര്‍ച്ച ചെയ്യണമെന്ന് എല്‍.ജെ.ഡിയും സ്ഥാനാര്‍ഥിയും പലതവണ സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ശക്തികേന്ദ്രങ്ങളില്‍ പോലും സി.പി.എം വോട്ട് വന്‍തോതില്‍ ചോര്‍ന്നുവെന്ന് എല്‍.ജെ.ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വടകര മുനിസിപ്പിലാറ്റിയിലും മൂന്നു പഞ്ചായത്തിലുമായി പ്രതീക്ഷിച്ചതിനേക്കാള്‍ 4769 വോട്ട് കുറഞ്ഞു. വടകര മുനിസിപ്പാലിറ്റിയില്‍ മാത്രം 2069 വോട്ടുകളുടെ കുറവുണ്ടായി. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞു. ഘടകകക്ഷികളായ സി.പി.ഐ, കോണ്‍ഗ്രസ് എസ്, ജെ.ഡി.എസ് എന്നിവരുടെ വോട്ടുകള്‍ പല പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് കിട്ടിയില്ല. ഏറാമല പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ സി.പി.ഐ വോട്ടുകള്‍ പൂര്‍ണമായും ചോര്‍ന്നു. ഇവിടെ 12 ബൂത്തുകളിലെ സി.പി.എം വോട്ടുകളും കെ.കെ രമയ്ക്കാണ് ലഭിച്ചത്. അഴിയൂര്‍ പഞ്ചായത്ത് ഒഴിച്ച് മറ്റൊരിടത്തുനിന്നും ജെ.ഡി.എസിന്റെ വോട്ട് കിട്ടിയില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനുംസി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനും നല്‍കിയതായും എല്‍.ജെ.ഡി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."