ആള്‍മാറാട്ടം നടത്തി കബളിപ്പിക്കല്‍; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി
കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരുടെ അറസ്റ്റാണ് ഈമാസം 24 വരെ കല്‍പ്പറ്റ ജില്ല കോടതി തടഞ്ഞത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച കോടതി സെപ്റ്റംബര്‍ 24ന് വാദം കേള്‍ക്കുമെന്നും അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. വനപാലകരെ കബളിപ്പിക്കല്‍, വനത്തില്‍നിന്ന് മരം മുറിച്ചു എന്നീ കേസുകളാണ് ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. അഡ്വ. ബി.എ ആളൂരാണ് പ്രതികള്‍ക്ക് വേണ്ടി ജാമ്യഹരജി നല്‍കിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മുങ്ങിയ സംഘത്തിലെ തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി.പ്രവീണ്‍ എന്നിവരെ ഓഗസ്റ്റ് 28ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു.
കഴിഞ്ഞ ജൂലൈ 26 മുതല്‍ നാലുദിവസമാണ് സംഘം ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ വെട്ടത്തൂരില്‍ വനംവകുപ്പിന്റെ വാച്ച് ടവറില്‍ എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. അപരിചിതരായ നാലുപേര്‍ വനത്തില്‍ ചുറ്റിത്തിരിയുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയപ്പോഴേക്ക് സംഘം ഇവിടെനിന്ന് കടന്നിരുന്നു. പിന്നീട് ഇവര്‍ കുപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കുകയും അവിടെ ബഹളമുണ്ടാക്കിയതിന് സുല്‍ത്താന്‍ ബത്തേരി പൊലിസ് താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."