വാർധക്യത്തിലേക്ക് നടക്കുന്ന ലോകം
ടി. ഷാഹുൽ ഹമീദ്
ഇക്കഴിഞ്ഞ നവംബർ 15ന് ലോക ജനസംഖ്യ 800 കോടി പിന്നിട്ടെങ്കിലും ജനന നിരക്ക് കുറഞ്ഞതിനാൽ വൃദ്ധന്മാർ വർധിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നമാണ് വിവിധ രാജ്യങ്ങളിലുള്ളത്. 1950ൽ ലോകത്ത് ആയിരം പേരിൽ 37 കുട്ടികൾ ജനിച്ചിരുന്നുവെങ്കിൽ 2022ൽ അത് 17 ആയി കുറഞ്ഞു. ഓരോ വർഷവും കുട്ടികളുടെ ജനനം കുറയുന്നതയാണ് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കുക. 50% കുറവാണ് ജനന നിരക്കിൽ രേഖപ്പെടുത്തുന്നത്. 2100 ആകുമ്പോഴേക്കും ലോകത്തിലെ 23 വികസിത രാജ്യങ്ങളിലെ ജനസംഖ്യ നിലവിലുള്ളതിന്റെ പകുതിയാകും. ലോകം വാർധക്യത്തിലേക്ക് മെല്ലെ നടന്നുനീങ്ങുകയാണ്. ജനസംഖ്യാശോഷണം നിലനിൽപ്പിനെ തന്നെ ബാധിക്കുകയാണ്. പുതുതലമുറ ശോഷിച്ചുവരുന്നതിലൂടെ വിവിധങ്ങളായ വംശങ്ങളുടെയും സംസ്‌കാരങ്ങളുടെയും മരണമണിയാണ് മുഴങ്ങുന്നത്. ലോകത്ത് 80 ദശലക്ഷം വിവാഹിതർക്ക് വന്ധ്യത അനുഭവപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2050 ആകുമ്പോഴേക്കും ജനങ്ങളിൽ ആറിൽ ഒന്നും 65 വയസിന് മുകളിലുള്ളവരായിരിക്കും. 2019ൽ ഇത് 11ൽ ഒന്ന് മാത്രമായിരുന്നു. 17 രാജ്യങ്ങളിൽ നിലവിൽ അഞ്ചിൽ ഒന്ന് വയോജനങ്ങളാണ്.
പ്രത്യുൽപാദനശേഷി നിരക്ക്
ഒരു സ്ത്രീക്ക് ജീവിത കാലത്തുണ്ടാകുന്ന കുട്ടികളുടെ എണ്ണത്തെയാണ് ടി.എഫ്.ആർ അഥവാ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്- പ്രത്യുൽപാദനശേഷി അളക്കുന്ന സൂചകമായി കാണുന്നത്. സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഒരു രാജ്യത്തിന്റെ ടി.എഫ്.ആർ 2.1 ആണെങ്കിൽ മാത്രമേ ആ രാജ്യത്തെ ജനസംഖ്യ നിലനിൽക്കുകയുള്ളൂ. ഇതിനെയാണ് റിപ്ലയ്‌സ്‌മെന്റ് ലെവൽ(പുനഃസ്ഥാപനതലം) എന്ന് വിളിക്കുന്നത്. ലോകത്തിലെ 195 രാജ്യങ്ങളിൽ 183 ലും ജനസംഖ്യ പുനഃസ്ഥാപനത്തിന്റെ റേറ്റ് ലോക ശരാശരിയേക്കാൾ താഴെയാണ്. ലോകത്തിന്റെ പുനഃസ്ഥാപനതലം റിപ്ലയ്‌സ്‌മെന്റ് ലെവൽ നിലവിൽ 2.1 ആണെങ്കിലും അത് വരും വർഷങ്ങളിൽ 1.7 ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഗോത്രവർഗക്കാർ ഇല്ലാതായതും അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാഴ്‌സി ജനസംഖ്യയും ഇതിനു ഉദാഹരണമാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഭാരിച്ച ചെലവ്, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, ഉയർന്നവിദ്യാഭ്യാസം, ജനനസമയത്ത് കുട്ടികളുടെ മരണ നിരക്ക് കുറഞ്ഞത് എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കുട്ടികളുടെ ജനനം പിന്നോട്ടടുപ്പിക്കുന്നത്.
ഷാംപൂ ജനറേഷൻ
ബന്ധങ്ങളും വിവാഹങ്ങളും കുട്ടികളും വേണ്ടെന്ന് കരുതുന്നവരെയാണ് ഷാംപൂ ജനറേഷൻ എന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ഇത് പ്രകടമാകുന്നത് ദക്ഷിണ കൊറിയയിലാണ്, അവിടെ സ്ത്രീയുടെ പ്രത്യുൽപാദനശേഷി 0.81 ആണ്. ഒരു സ്ത്രീ ഒരു കുട്ടിയെപ്പോലും പ്രസവിക്കുന്നില്ല. ദരിദ്ര രാജ്യമായ നൈജറിൽ സ്ത്രീയുടെ ഉത്പാദനക്ഷമത 6.91 ആണ്. അംഗോള 5.9, കോംഗോ 5.7 മാലി 5.6, ചാഡ് 5.5 -എന്നിങ്ങനെയാണ് നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ കുട്ടികൾ ജനിക്കുന്ന രാജ്യങ്ങൾ.
ലോകം എന്ത് ചെയ്യുന്നു
1980ൽ ജനസംഖ്യ ആദ്യമായി 100 കോടിയിൽ എത്തിയ ചൈനയിൽ 1979ൽ ആരംഭിച്ച 'ഒറ്റക്കുട്ടി 'നയം 2016ൽ തിരുത്തുകയും മൂന്ന് കുട്ടികൾ വരെയാകാം എന്ന് തീരുമാനിക്കുകയും ചെയ്തു. 2021ൽ ചൈനയിൽ 10.62 ദശലക്ഷം ജനനവും 10.14 ദശലക്ഷം മരണവും നടന്നിട്ടുണ്ട്. ഇന്ത്യയിൽ മിനുറ്റിൽ 30 കുട്ടികൾ ജനിക്കുമ്പോൾ ചൈനയിൽ അത് 10 കുട്ടികളാണ്. അടുത്തവർഷം തന്നെ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടക്കുമ്പോൾ ചൈന വൃദ്ധന്മാരുടെ നാടാകും. യൂറോപ്പിൽ കൊസോവോ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലും ജനസംഖ്യ അനുദിനം കുറയുന്നു. താജികിസ്താനിൽ അമ്മ നായിക പദ്ധതി നടപ്പിലാക്കിയതും ഫ്രാൻസിൽ ജനിക്കുന്ന ഓരോ കുട്ടിക്കും വലിയ കുടുംബത്തിനും സർക്കാർ ആനുകൂല്യം നൽകിവരുന്നതും സ്വീഡനിൽ ബേബി ബോണസ്, നികുതി കിഴിവ്, അവധി ശമ്പളം എന്നിവ നൽകിവരുന്നതും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോകത്തെ കുട്ടികളുടെ എണ്ണം വർധിക്കാത്തതിനാൽ നിലവിൽ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്, അതിർത്തികൾ പരക്കെ തുറന്നിടുന്നു. യൂറോപ്പിൽ 1000 പേർക്ക് രണ്ടു കുടിയേറ്റക്കാർ നിലവിലുണ്ട്. അത് വർധിക്കാനാണ് സാധ്യത.
ഇന്ത്യ എങ്ങോട്ട്
ലോകത്ത് ജനസംഖ്യാ നിയന്ത്രണം ആരംഭിക്കുന്നതിനു മുമ്പേ 1952ൽ ജനസംഖ്യ നിയന്ത്രണം ആരംഭിച്ച രാജ്യമാണ് ഇന്ത്യ. 1990ലാണ് ലോകത്തെ 115 രാജ്യങ്ങളിൽ ജനസംഖ്യാ നിയന്ത്രണം ആരംഭിച്ചത്. ഏറ്റവും ഒടുവിലത്തെ കുടുംബാരോഗ്യ സർവേ പ്രകാരം 2015-16ൽ ഇന്ത്യയിലെ ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി 2.2 ആണ്. ഇത് 2019-21ൽ രണ്ടായി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ 1.6, ഗ്രാമീണ മേഖലയിൽ 2.1 ആണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ ഏറ്റവും കുറവ് കുട്ടികൾ ജനിക്കുന്നത് സിക്കിമിലാണ് അവിടെ ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി 1.1 ആണ്. കേരളം, തെലങ്കാന എന്നിവിടങ്ങളിൽ 1.8 ആണ്. ഏറ്റവും കൂടുതലുള്ളത് ബിഹാറിലാണ്- 3, മേഘാലയ 2.9, യു.പി 2.4, മണിപ്പൂർ 2.2. കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 2026ൽ ജനസംഖ്യയുടെ 20% ആകുമെന്ന് കണക്കാക്കപ്പെടുന്നു.
സ്വീകരിക്കേണ്ട നടപടി
1960 മുതൽ ലോകത്ത് ജനനം കുറയുകയാണ്. ദരിദ്ര രാഷ്ട്രമായിരുന്ന ബംഗ്ലാദേശിൽ 1985ൽ ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി 5.5 ആയിരുന്നുവെങ്കിൽ ഇന്ന് 2.1 ആണ്. ഇത് തെളിയിക്കുന്നത് ലോകത്ത് വികസിത അവികസിത രാജ്യങ്ങളിളെല്ലാം തന്നെ ജനസംഖ്യ കുറവ് അനുഭവപ്പെടുന്നു എന്നതാണ്. ലോകത്ത് ജീവിക്കുന്ന പകുതി ജനങ്ങളും കുട്ടികളുടെ ജനനം കുറവായ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. നാം ഒന്ന് നമുക്കൊന്ന്, നമ്മൾ രണ്ട് നമുക്ക് രണ്ട് എന്നീ മുദ്രാവാക്യങ്ങളിൽ അഭിരമിച്ച രാജ്യങ്ങൾ സ്ത്രീകൾ ഒരു കുട്ടിയെയും പ്രസവിക്കാത്ത കാലിക അനുഭവത്തിൽ സ്വയം പരിതപിക്കുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ വലിയ സാമൂഹിക പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. എത്രപേർ അവശേഷിക്കുന്നുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വിധിയും ചരിത്രവും തീരുമാനിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."