വസ്ത്രധാരണത്തെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച് വെട്ടിക്കൊന്നു
തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം തക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച് വെട്ടിക്കൊന്നു. തക്കല സ്വദേശി എബനേസര്‍(35) ആണ് ഭാര്യ ജെബ പ്രിന്‍സ(31)യെ കൊലപ്പെടുത്തിയത്. ഭാര്യയുടെ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കൊലയ്ക്ക് പിന്നാലെ ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എബനേസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട ജെബ കഴിഞ്ഞ മൂന്നുമാസമായി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ഇതിനു ശേഷം ജെബ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതായി എബനേസര്‍ ആരോപിച്ചിരുന്നു. തര്‍ക്കം തുടര്‍ന്നതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ബന്ധുക്കളും ഇടപെട്ടു. തുടര്‍ന്ന് കുടുംബവീട്ടില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ച കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ എബനേസര്‍ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് ജെബയെ കുത്തുകയായിരുന്നു. തലയ്ക്ക് മാരകമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."