പഞ്ചാബ്: ക്യാപ്റ്റനെ പുറത്താക്കാന്‍ തീരുമാനമുണ്ടായത് വെള്ളിയാഴ്ച 60 എം.എല്‍.എമാരുടെ പിന്തുണ നഷ്ടപ്പെട്ടത് അമരീന്ദറിന് വിനയായി
ന്യൂഡല്‍ഹി: പ്രതിസന്ധി രൂക്ഷമായിരുന്നെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മാറ്റുകയെന്ന അന്തിമ പരിഹാരത്തിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നത് വെള്ളിയാഴ്ചയാണ്.
പഞ്ചാബ് പ്രതിസന്ധി സംബന്ധിച്ച് നിരവധി പരിഹാര മാര്‍ഗങ്ങള്‍ നേതൃത്വത്തിന്റെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ അമരീന്ദറില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി 60 എം.എല്‍.എമാര്‍ ഒപ്പിട്ട കത്തുമായി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ് മാക്കന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടതോടെയാണ് അമരീന്ദറിനെ നീക്കാമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നത്.
ഈ കത്ത് തയാറാക്കിയതും എം.എല്‍.എമാര്‍ ഒപ്പിട്ടതുമെല്ലാം വെള്ളിയാഴ്ച രാവിലെയായിരുന്നു.
അമരീന്ദറിനോട് രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചതിനുപിന്നാലെ പാര്‍ട്ടി നേതാവും നിയമവിദഗ്ധനുമായ അഭിഷേക് സിങ്വിയുമായാണ് ഹൈക്കമാന്‍ഡ് ആദ്യം സംസാരിച്ചത്. രാജിവയ്ക്കുന്നതിനുപകരം അസംബ്ലി പിരിച്ചുവിടാന്‍ അമരീന്ദര്‍ ഗവര്‍ണറോട് ആവശ്യപ്പെടുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു.
പിന്നാലെ പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിക്കാന്‍ അമരീന്ദറിനോട് ആവശ്യപ്പെട്ടു.
എന്തിനാണ് ഈ ഘട്ടത്തില്‍ യോഗം വിളിക്കുന്നതെന്ന് ആശ്ചര്യപ്പെട്ട മറുചോദ്യമാണ് അമരീന്ദറില്‍ നിന്നുണ്ടായത്.
തന്നെ നീക്കുന്നു എന്നു മനസിലാക്കിയ അമരീന്ദര്‍ ശനിയാഴ്ച രാവിലെ സോണിയയെ വിളിച്ചു. സോണിയാഗാന്ധിയാണ് രാജിവയ്ക്കണമെന്ന് അമരീന്ദറിന് നിര്‍ദേശം നല്‍കിയത്.
വ്യവഹാര പ്രശ്നങ്ങളുണ്ടായാല്‍ ഇടപെടാന്‍ പഞ്ചാബിലും ഡല്‍ഹിയിലും ഒരോ സമിതികളും കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു.
കാര്യമായ എതിര്‍പ്പുന്നയിക്കാതെ രാജിവയ്ക്കാന്‍ അമരീന്ദര്‍ സമ്മതിച്ചതോടെയാണ് കാര്യമായ പരുക്കില്ലാതെ മാറ്റം നടപ്പാക്കാന്‍ സാഹചര്യമൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."