വഖ്ഫ് ബോര്‍ഡ് ആനുകൂല്യങ്ങള്‍ നല്‍കിയിട്ട് വര്‍ഷങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നല്‍കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് പരാതി. പാവപ്പെട്ടവര്‍ക്കുള്ള വിധവ, ചികിത്സ, വിവാഹ സഹായങ്ങള്‍, വഖ്ഫ് ജീവനക്കാരുടെ ക്ഷേമ പെന്‍ഷനുകള്‍ എന്നിവയാണ് കൃത്യമായി നല്‍കാത്തത്. വഖ്ഫ് ജീവനക്കാരുടെ പെന്‍ഷന്‍ കഴിഞ്ഞ ഏഴു മാസമായി വിതരണം ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വിവാഹ ധനസഹായം നല്‍കിയിട്ട് മൂന്നു വര്‍ഷമായി. 2017 ലാണ് അവസാനമായി വഖ്ഫ് ബോര്‍ഡ് പാവപ്പെട്ടവര്‍ക്കുള്ള വിവാഹ ധനസഹായം വിതരണം ചെയ്തത്. രോഗികള്‍ക്കുള്ള ചികിത്സാ സഹായധനം നിലവില്‍ നല്‍കുന്നില്ലെന്നും അപേക്ഷിച്ചവര്‍ പറയുന്നു.
വിവാഹ ധനസഹായത്തിനായി 2018 ല്‍ അപേക്ഷ നല്‍കിയ പലര്‍ക്കും ഇതുവരെയും ഫണ്ട് നല്‍കാന്‍ വഖ്ഫ് ബോര്‍ഡ് തയാറായിട്ടില്ല. നിലവില്‍ ആയിരത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ ഇതില്‍ പകുതിയിലധികം പേര്‍ക്കും കൃത്യമായി ഫണ്ട് നല്‍കാന്‍ ബോര്‍ഡിന് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം ആയിരം പേരില്‍ 600 ഓളം പേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ നല്‍കിയതെന്നാണ് ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നത്.
അതേസമയം ക്ഷേമ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1.32 കോടി മാത്രമാണ് അനുവദിക്കുന്നതെന്നും ഇത് തികയുന്നില്ലെന്നുമാണ് ബോര്‍ഡിന്റെ വിശദീകരണം. ക്ഷേമ പെന്‍ഷന് പുറമെ ചികിത്സാ സഹായം, വിവാഹ സഹായം എന്നിവക്ക് കൂടുതല്‍ അപേക്ഷ ലഭിക്കുന്നുണ്ട്. എന്നാല്‍ ചികിത്സാ ധനസഹായം, പെന്‍ഷന്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ഫണ്ട് നല്‍കുമ്പോള്‍ മറ്റു അപേക്ഷകര്‍ക്ക് തികയാതെ വരുന്ന സ്ഥിതിയാണുള്ളതെന്നാണ് ബോര്‍ഡ് പറയുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഫണ്ട് പാസാക്കാനുള്ള പ്രത്യേക യോഗം ചേരാന്‍ സാധിച്ചില്ലെന്നും ഇതാണ് പല ആനുകൂല്യങ്ങളും നല്‍കാന്‍ വൈകിയതെന്നും ബോര്‍ഡ് വിശദീകരിക്കുന്നുണ്ട്.
ഇതിനു പുറമെ കൊവിഡ് പശ്ചാതലത്തില്‍ പ്രതിസന്ധിയിലായ വഖ്ഫ് ജീവനക്കാര്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ തയാറായിരുന്നില്ല. അതേസമയം ബോര്‍ഡ് അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാത്തതിനാലാണ് സാമ്പത്തിക പാക്കേജ് അനുവദിക്കാതിരുന്നതെന്നാണ് പ്രത്യേക പാക്കേജ് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം.
ഫണ്ടിന്റെ അപര്യാപ്തത മൂലം കൃത്യമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ബോര്‍ഡിന് സാധിക്കുന്നില്ലെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി വഖ്ഫ് ബോര്‍ഡ് നല്‍കിയിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."