ദലിത്‌വിരുദ്ധ നിലപാട്; എ.ബി.വി.പി ജെ.എന്‍.യു വൈസ് പ്രസിഡന്റ് രാജിവച്ചു
ന്യൂഡല്‍ഹി: സംഘ്പരിവാറിന്റെ ദലിത് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ എ.ബി.വി.പി നേതാവ് രാജിവച്ചു. ജെ.എന്‍.യു യൂനിറ്റ് വൈസ് പ്രസിഡന്റ് ജിതിന്‍ ഗോരായ ആണു രാജിവച്ചത്. ദലിതുകളോടുള്ള പാര്‍ട്ടിയുടെ നിലപാടിനോടു തനിക്കു യാജിക്കാനാവില്ലെന്നു സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ജിതിന്‍ വ്യക്തമാക്കി. പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടായി ഈ വര്‍ഷം എ.ബി.വി.പി.യില്‍ നിന്നു രാജിവയ്ക്കുന്ന നാലാമത്തെ ജെ.എന്‍.യു വിദ്യാര്‍ഥിയാണ് ജിതിന്‍.
ഫെബ്രുവരിയില്‍ യൂനിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാളും മറ്റു രണ്ടു പേരും രാജിവച്ചിരുന്നു. ഫെബ്രുവരി ഒന്‍പതിനു ജെ.എന്‍.യു കാംപസില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെയായിരുന്നു ഇവരുടെ രാജി. മാസങ്ങള്‍ക്കു മുന്‍പ് ദലിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഗ്രന്ഥമാണ് എന്ന് ആരോപിച്ച് കാംപസിനുള്ളില്‍ വച്ച് മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം.
ജാതീയവും പുരുഷാധിപത്യപരവും അപഹാസ്യവുമായ എ.ബി.വി.പിയില്‍ നിന്ന് എന്നെ വേര്‍പെടുത്തുന്നുവെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നുവെന്നും ജിതിന്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കി. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ഫെബ്രുവരി ഒന്‍പതിലെ ജെഎന്‍.യു സംഭവം, ഗുജറാത്തിലെ ഉനയിലെ ദലിതുകള്‍ക്കെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങളില്‍ എ.ബി.വി.പിയെടുത്തത് പിന്തിരിപ്പന്‍ നയമാണ്. സംഘടനയുടെ ഈ നിലപാട് ജെ.എന്‍.യുവില്‍ ദുഷ്‌പേരുണ്ടാക്കി.
സംഘടനയുടെ ഇരട്ട മുഖമുള്ള വ്യാജ ദേശീയതയും ദേശവിരുദ്ധ നിലപാടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പശുവിന്റെ പേരില്‍ രാജ്യത്ത് ദലിതുകളും മുസ്‌ലിംകളും കൊല്ലപ്പെടുന്നു. അസമത്വം, വിവേചനം, അവസരവാദം, മേധാവിത്വം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച എ.ബി.വി.പിയെ പോലുള്ള ഒരു സംഘടനയ്ക്ക് ദേശസ്‌നേഹം അവകാശപ്പെടാന്‍ സാധിക്കില്ലെന്നും ജിതിന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."