HOME
DETAILS

മറവിയുടെ വികൃതികള്‍ പലതായിരുന്നു 'മറ്റുള്ളവര്‍ക്ക് അവര്‍ 87 വയസ്സുള്ള വൃദ്ധമാത്രം, എനിക്കവര്‍ കുഞ്ഞായിരുന്നു'; ലോക അള്‍ഷിമേസ് ദിനത്തില്‍ ഹൃദയത്തില്‍ തൊട്ടൊരു ഫേസ്ബുക്ക് കുറിപ്പ്

  
backup
September 21 2021 | 10:09 AM

world-alzheimers-day-story-latest-fb-post-2021

സെപ്റ്റംബര്‍ 21 ലോക അള്‍ഷിമേസ് ദിനം. പ്രായം ചെല്ലുന്തോറും മറവി മറനീക്കി പുറത്തുവരും. അത് മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ അള്‍ഷിമേസ് എന്ന രോഗാവസ്ഥിലെത്തും. പിന്നീട് കാണുന്നതൊക്കെയും പുതിയതാകും. ബാല്യത്തിലേക്കെന്നപോലെ തിരിച്ചു നടത്തം.

ദീര്‍ഘകാലം നീണ്ടുനില്‍ക്കും എന്നതും, വ്യക്തിബന്ധങ്ങളെയും, സാമൂഹിക ബന്ധങ്ങളെയും രോഗാവസ്ഥ ബാധിക്കും എന്നതും പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കമിപ്പിക്കുന്നത്. ജീവിതശൈലിയും ജീനുകളും അടക്കമുള്ള വിവിധ ഘടകകങ്ങള്‍ മറവിരോഗത്തിന് കാരണമാകാം.

അള്‍ഷിമേഴ്‌സ് അനുഭവിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ നിസ്സഹായരായി നില്‍ക്കുന്നത് ചുറ്റുമുള്ളവരാണ്. ജീവിതത്തില്‍ അത് വരെ സംഭവിച്ച കാര്യങ്ങളും പ്രിയപ്പെട്ടവരും ഓര്‍മകളില്‍ നിന്ന് പടിയിറങ്ങി പോകുന്ന ഈ അവസ്ഥ ഏതൊരു മനുഷ്യനും സംഭവിക്കാവുന്ന ഒന്നാണ്.

ഒരു ജീവിതകാലം മുഴുവന്‍ തൊട്ടറിഞ്ഞ സത്യങ്ങളും പഠിച്ചെടുത്ത കാര്യങ്ങളും പതിയെ അന്യം നിന്ന് പോകുന്ന അവസ്ഥ. നോക്കിനില്‍ക്കാന്‍ മാത്രം നിര്‍ബന്ധിതരായവര്‍ ചുറ്റിലും. ഒരു കുഞ്ഞിനെപ്പോലെ ക്ഷമയോടെ സ്‌നേഹത്തോടെ കൊണ്ടുനടക്കണം അള്‍ഷിമേസ് ബാധിച്ചവരെ.

ലോക അള്‍ഷിമേഴ്‌സ് ദിനത്തില്‍ അപര്‍ണ ജി.എസ് കൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് രോഗാവസ്ഥയുടെ മറ്റൊരു തലത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. അച്ഛമ്മയിലെ മറവിരോഗവും തനിക്ക് ഒരിക്കലും മറക്കാനാവാത്ത ചില ഓര്‍മകളുമാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ അപര്‍ണ പങ്കുവച്ചിരിക്കുന്നത്. സനേഹവും കരുതലും അതിനേക്കാള്‍ ഉപരി ക്ഷമയും അള്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്ക് എത്ര പ്രധാനപ്പെട്ടതാണെന്ന് കുറിപ്പ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

(അല്പം നീളമുള്ള പോസ്റ്റ് ആണ്...ക്ഷമ വേണം .?)
തറവാട്ടിൽ നിന്ന് വേറെ വീട് വെച്ചു മാറിയപ്പോൾ ഞങ്ങളുടെ കൂടെ 'അമ്മ എന്ന് ഞാൻ വിളിക്കുന്ന അച്ഛമ്മയും കൂടെ പോന്നു. 'അമ്മ എന്നത് പിന്നീട് അമ്മുരു എന്നാക്കി ഞാൻ പരിഷ്കരിച്ചിരുന്നു. ആ വീട്ടിലെ ഒരു ജോലിയും ചെയ്യേണ്ടതില്ല എന്ന് അച്ഛൻ നിഷ്കര്ഷിച്ചിരുന്നുവെങ്കിലും ഒരു വലിയ മൺകലത്തിൽ അവശ്യത്തിലുമധികം ചോറും മറ്റൊരു കലത്തിൽ സാമ്പാറും ആൾ നിത്യേന പുഴുങ്ങി. പത്രം അരിച്ചുപെറുക്കി വായിക്കുക, പ്രധാന വാർത്തകളും ചിത്രങ്ങളും വെട്ടി ഒട്ടിക്കുക, അച്ഛൻ വരുത്തുന്ന ആനുകാലിക പ്രസിദ്ധീകരങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിലും വായിച്ചു കൂട്ടുക എന്നത് ആ മൂന്നാം ക്ളാസുകാരിയുടെ ദിനചര്യ ആയി. ഞങ്ങളെ കാണിക്കാതെ രഹസ്യമായി ആൾ ആത്മകഥ വരെ എഴുതിയിരുന്നു.!
അച്ഛൻ വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥലം മാറ്റൽ, താക്കോൽ മറന്നു വെക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് അമ്മുരു സ്ഥിരമായി വഴക്ക് കേട്ടിരുന്നു..'കുറ്റങ്ങളുടെ' എണ്ണവും തീവ്രതയും പതുക്കെ കൂടിക്കൊണ്ടിരുന്നു. ഒരിക്കൽ കിഴക്കേ പ്ലാവിലെ ചക്ക ഒരുക്കിയപ്പോൾ ചുള നിലത്തേക്കും ചൗണിയും കുരുവും മുറത്തിലേക്കും ഇട്ടു. പതിവ് രീതി വിട്ട് അമ്മക്ക് ഈയിടെയായി മറവി കൂടുതൽ ആണ് ന്ന് അച്ഛൻ പിറുപിറുത്തു.
അധികം നാളുകൾ കഴിഞ്ഞില്ല, കുളിക്കാൻ കുളിമുറിയിൽ കേറിയ 'അമ്മ ഏറെ നേരമായിട്ടും പുറത്തു വരാത്തതിനാൽ പരിഭ്രാന്തനായ അച്ഛൻ വാതിൽ തല്ലിപ്പൊളിക്കുമാർ തട്ടി. വീണെങ്ങാൻ ബോധരഹിതയായി കിടക്കുകയാണോ എന്നായിരുന്നു ഭയം..തട്ടിനും മുട്ടിനും ശേഷം ആൾ വാതിൽ തുറന്നു..പൂർണ നഗ്നയാണ് !! കുളിച്ചിട്ടുമില്ല.
' ഇത്ര നേരം ഇതെന്തെടുക്കുകയായിരുന്നു ?' അച്ഛൻ അലറി.
'ഇതിൽ വെള്ളമില്ല' - സങ്കോചത്തോടെ മറുപടി .
അച്ഛൻ പൈപ്പ് തുറന്ന് നോക്കി..വെള്ളമുണ്ട്.!!
' ഇതിങ്ങനെ തിരിക്കണമായിരുന്നോ ? '
'അമ്മ ആരാഞ്ഞു.
പൈപ്പ് തിരിച്ചാലെ വെള്ളം വരുള്ളൂ എന്നത് 'അമ്മ മറന്നിരുന്നു !!!!
അമ്മക്ക് മറവിയാണ് !!! നേർ വഴിയിലൂടെ സ്മൂത് ആയി പോയിക്കൊണ്ടിരുന്നിട്ട് പെട്ടെന്ന് കൊടും വളവിലെത്തിയ പ്രതീതി! ചികിത്സ വേണ്ടേ? വേണം...ഡോക്ടറിനെ കണ്ടു.. മൂന്നാം ക്ലാസ്സുകാരിക്ക് നല്ല പത്ര വായന ഉണ്ടെന്ന് കണ്ട ഡോക്ടർ ചില ചോദ്യങ്ങൾ ഇടക്ക് ചോദിച്ചു. തലേന്ന് നടന്ന ഫുട്‌ബോൾ മത്സരത്തിലെ വിജയി ആരെന്ന് അറിയുമോ എന്ന് ചോദിച്ചപ്പോൾ ആളുടെ മറുപടി-
'സൂക്ഷം എനിക്കറിയില്ല മോനേ, എന്നാലും എന്റെ ഓർമ ശരിയാണെങ്കിൽ ഇന്ഗ്ലണ്ട് ആണ് ' !!!
രോഗിക്കുള്ള ചികിത്സയെക്കാൾ മക്കൾക്ക് ഒരു ബോധവൽക്കരണ ക്‌ളാസ് നൽകിയാണ് ആ ഡോക്ടർ അന്ന് വിട്ടത്.
ഞങ്ങളുടെ വീട്ടിൽ വികൃതിയായ ഒരു 'കുട്ടി' ഉണ്ടായിരിക്കുന്നു- ഞാൻ ആ സത്യം മനസിലാക്കി.. അടുപ്പിൽ വേവുന്ന കഞ്ഞിയിലേക്ക് പച്ചക്കറിതൊലി ഇട്ട് ഇളക്കുക, രാത്രി ഒരു മണിക്ക് വാശി പിടിച്ച് നടക്കാൻ ഇറങ്ങുക , കറിക്കത്തികളും എന്റെ ഹെയർ ക്ലിപ്പുകളും ഫ്രിഡ്ജിൽ ഒളിപ്പിക്കുക, ഡയപ്പർ ബലമായി മാറ്റുക, എന്നിട്ട് അന്തസായി ഒരു ദിവസം 22 നൈറ്റികൾ മാറുക എന്നിവ ചില കുറുമ്പുകൾ മാത്രം !!!
പോകെപോകെ സംസാരം കുറഞ്ഞു. വാക്കുകൾ കിട്ടാതെ ഇടക്ക് നിന്നു..ഉറക്കമില്ലായ്മ രൂക്ഷമായി..പല തവണ ആശുപത്രിയിൽ ആയി..അപ്പോഴൊക്കെ ഞാനാണ് രോഗിയെന്ന് നിനച്ചു എന്നെ ബെഡിൽ കിടത്തി ശുശ്രൂഷിക്കാൻ തുടങ്ങി. അനങ്ങിയാൽ കൈത്തണ്ടയിൽ തല്ലും..ഭക്ഷണ ശീലം മാറി..sprite ഇഷ്ട പാനീയവും മാഗി, ബർഗർ, മീറ്റ് റോളുകൾ എന്നിവ ഇഷ്ട ഭക്ഷണവുമായി. ഈ വയസുകാലത്ത് അതിനിഷ്ടമുള്ളത് എന്താന്നു വെച്ചാൽ കഴിക്കട്ടെ എന്നായി അച്ഛൻ .
അമ്മുരുവിനെ കുളിപ്പിക്കേണ്ടത് എന്റെ ചുമതല ആയി. ആദ്യം അച്ഛനോട് നീരസം കാണിച്ചും പിന്നീട് കടമ പോലെയും അതും കഴിഞ്ഞ് പാട്ടും പാടി കൊഞ്ചിച് ഇഷ്ടത്തോടെയും ഞാനത് ചെയ്തു പോന്നു. മൂത്ത പേരക്കുട്ടിയുടെ വീട്ടിൽ കൊണ്ട് പോകാൻ ഓട്ടോയും ആയി വരാറുള്ള അവറാച്ചൻ ചേട്ടൻ അമ്മക്ക് കസ്തൂരിയുടെ ഗന്ധമാണെന്ന് അഭിപ്രായപ്പെട്ടു..
ഡിസംബർ മാസത്തിലെ ഒരു രാവിലെ തലവേദനയുമായി ഉണർന്നതാണ് അച്ഛൻ.അന്ന് സൂര്യൻ അസ്തമിക്കുമ്പോഴേക്കും ഞങ്ങളെ വിട്ടു പോയിരുന്നു .അമ്മുരുവിന്റെ ഓർമകളുടെ താളുകൾ പൂർണമായും ചിതലരിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ മരണ വീട്ടിൽ ഉണ്ടായി .പരിചയമുള്ളവരുടെ സന്ദർശനത്തിൽ അമ്മുരു വിതുമ്പി. ചുവരിൽ തൂക്കും മുൻപ് ടീപോയിൽ ചാരി വെച്ചിരുന്ന അച്ഛന്റെ വലിയ ചിത്രത്തിൽ വാത്സല്യത്തോടെ തഴുകുകയും ചോറ്റുകിണ്ണം എടുത്ത് ഉരുളകൾ വായിന് നേരെ നീട്ടുകയും ചെയ്തു. രാത്രികളിൽ നീട്ടി വെച്ച എന്റെ കൈയിൽ കിടന്ന് എന്റെ നെഞ്ചിൽ മുഖം ചേർത്ത് താരാട്ടു കേൾക്കുകയും ഉടുപ്പിനുള്ളിലൂടെ കൈയിട്ട് ബ്രാ സ്ട്രാപ്പിൽ തെരുപ്പിടിക്കുകയും ചെയ്തു..
അച്ഛൻ പോയതോടെ അമ്മുരു പാതി ആത്മാവ് മാത്രമായി. 7-6.30 എന്ന സമയത്തിൽ ജോലി ചെയ്തിരുന്ന എനിക്ക് അച്ഛന്റെ അഭാവം നികത്താനായില്ല..വൈകുന്നേരങ്ങളിൽ അമ്മുരു എനിക്കായി ജനൽക്കൽ കാത്തു നിന്നു .എന്റെ കൈയിലെ പലഹാരപ്പൊതികൾക്കായി കൈ നീട്ടി.. മോഹൻലാലിനെയും ഗായിക ചിത്രയെയും വി.എസ്.അച്യുതാനന്ദനെയും ടിവിയിൽ കണ്ട് ആഹ്ലാദത്തോടെ പല ശബ്ദങ്ങളും ഉണ്ടാക്കി..
അച്ഛൻ പോയി 11 മാസങ്ങൾക്ക് ഇപ്പുറത്ത് അമ്മുരുവും പോയി..അമ്മയോ അച്ഛനോ അപ്പൂപ്പനോ മരിച്ചപ്പോൾ കരയാത്ത വണ്ണം ഞാൻ വാവിട്ടു കരഞ്ഞു.. മറ്റുള്ളവർക്ക് അവർ 87 വയസ്സുള്ള ഒരു വൃദ്ധ മാത്രമായിരുന്നു ..എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെ ആയിരുന്നു. കാരണം
വാക്കുകൾ നഷ്ടപ്പെട്ട് മൂളലുകളും ചില ശബ്ദങ്ങളും മാത്രമായി ഒതുങ്ങുന്നതിന് മുൻപുള്ള കുറച്ചു കാലം അമ്മുരു എന്നെ വിളിച്ചിരുന്നത് "അമ്മേ..." എന്നായിരുന്നു ..!!!!!!!!!!!!!
നിറഞ്ഞു തൂവുന്ന കണ്ണുകളോടെ അല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കാൻ സാധിക്കുന്നില്ല. ഓർമകൾ ..!! അത്ര മാത്രം ഓർമകൾ !!!
സെപ്റ്റംബർ 21 - World Alzheimer's Day .......
ഓർമകൾ ഉണ്ടായിരിക്കട്ടെ !!!!
(ചിത്രത്തിൽ അമ്മയുടെ അവസാന എഴുത്തുകൾ...)
 
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago