കാര്യവട്ടത്ത് കാര്യങ്ങൾ കളറാക്കി ഇന്ത്യ
തിരുവനന്തപുരം: ആസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 44 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. യഷസ്വി ജെയ്‌സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (എട്ട് പന്തില്‍ പുറത്താവാതെ 29) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. രവി ബിഷ്‌ണോയിയും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2 - 0ത്തിന് മുന്നിലെത്തി.
പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ ആസ്‌ട്രേലിയ തോല്‍വി സമ്മതിച്ചിരുന്നു. 53 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാത്യു ഷോര്‍ട്ട് (19), ജോഷ് ഇന്‍ഗ്ലിസ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷോര്‍ട്ടിനേയും ഇന്‍ഗ്ലിസിനേയും രവി ബിഷ്‌ണോയ് മടക്കി. മാക്‌സ്‌വെല്ലിനെ അക്‌സറും. എട്ടാം ഓവറില്‍ സ്റ്റീവന്‍ സ്മിത്തും (19) മടങ്ങി. ഇതോടെ നാലനിന് 58 എന്ന നിലയിലായി ആസ്‌ട്രേലിയ. പിന്നീട് മാര്‍കസ് സ്‌റ്റോയിനിസ് (45) - ടിം ഡേവിഡ് (37) സഖ്യം കൂട്ടിചേര്‍ത്ത 81 റണ്‍സാണ് ഓസീസിനെ രക്ഷിച്ചത്.
എന്നാല്‍ ഡേവിഡിനെ പുറത്താക്കി ബിഷ്‌ണോയ് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ സ്‌റ്റോയിനിസും മടങ്ങി. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. സീന്‍ അബോട്ട് (1), നതാന്‍ എല്ലിസ് (1), ആഡം സാംപ (1) വന്നത് പോലെ മടങ്ങി. ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്‍റെ (42) ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ മാത്രമാണ് സഹായിച്ചത്. തന്‍വീര്‍ സംഗ രണ്ട് റണ്‍സുമാായി പുറത്താവാതെ നിന്നു. ഗ്രീന്‍ഫീല്‍ഡില്‍, ജയ്സ്വാള്‍ - റുതുരാജ് സഖ്യം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പവര്‍പ്ലേ പൂര്‍ത്തിയാവുന്നതിന്റെ തൊട്ടുമുമ്പാണ് ജയ്സ്വാള്‍ പുറത്താവുന്നത്. താരം പുറത്താവുമ്പോള്‍ 5.5 ഓവറില്‍ 77 റണ്‍സ് ഇന്ത്യക്കുണ്ടായിരുന്നു. 25 പന്തുകള്‍ മാത്രം നേരിട്ട ജയസ്വാള്‍ രണ്ട് സിക്സും ഒമ്പത് ഫോറും നേടിയിരുന്നു. നതാന്‍ എല്ലിസിന്റെ പന്തില്‍ ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങിയത്. പിന്നീടെത്തിയ ഇഷാന്‍ കിഷനും കണക്കിന് കൊടുത്തു. മൂന്നാം വിക്കറ്റില്‍ റുതുരാജിനൊപ്പം 87 റണ്‍സാണ് കിഷന്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ എല്ലിസിനെ ഓഫ്സൈഡിലൂടെ സിക്സടിക്കാനുള്ള ശ്രമത്തില്‍ കിഷന്‍ മടങ്ങി.
32 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. പതിനാറാം ഓവറിലാണ് കിഷന്‍ മടങ്ങുന്നത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ 19 റണ്‍സുമായി മടങ്ങി. എന്നാല്‍ ഗെയ്കവാദ് - റിങ്കു സിംഗ് കൂട്ടുകെട്ട് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. റുതുരാജ് അവസാന ഓവറില്‍ മടങ്ങി. ശേഷമെത്തിയ തിലക് വര്‍മ (7) റിങ്കുവിനൊപ്പം പുറത്താവാതെ നിന്നു. സീന്‍ അബോട്ട് മൂന്ന് ഓവറില്‍ 56 റണ്‍സ് വഴങ്ങി. ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ട് ഓവറില്‍ 38 റണ്‍സും വിട്ടുകൊടുത്തു.
ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ആസ്‌ട്രേലിയ രണ്ട് മാറ്റം വരുത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപ ടീമിലെത്തി. ആരോണ്‍ ഹാര്‍ഡിക്കും സ്ഥാനം നഷ്ടമായി. ഗ്ലെന്‍ മാക്സ്വെല്ലാണ് ടീമിലെത്തിയത്. മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."