അബുദാബി അന്താരാഷ്ട്ര ഭക്ഷ്യോത്സവത്തിന് തുടക്കം
അബുദാബി: അന്തരാഷ്ട്ര ഭക്ഷ്യോത്സവത്തിന് അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. യുഎഇ വൈസ് പ്രസിഡണ്ടും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ പിന്തുണയോടെ നടക്കുന്ന പ്രദര്‍ശനം നവംബര്‍ 29ന് സമാപിക്കും.
യുഎഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫ് അലി എന്നിവര്‍ പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു.
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ സ്വന്തം രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുമായി പ്രദര്‍ശന നഗരിയിലുണ്ട്. പലചരക്ക്, ഓര്‍ഗാനിക് & വെല്‍നസ്, മാംസം, ഫുഡ്‌ടെക്, മിഠായി, തേന്‍, ഈന്തപ്പഴം, പാല്‍ എന്നിവയുടെ സ്റ്റാളുകളാണ് പ്രധാനമായും പ്രദര്‍ശന നാഗരിയിലുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പാചക വിദഗ്ധരുടെ ലൈവ് പാചക പ്രദര്‍ശനവും മത്സരവും ഭക്ഷ്യോത്സവത്തിന്റെ പ്രത്യേകതയാണ്. പുതിയ ഉല്‍പന്നങ്ങളെ അടുത്തറിയാനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണിയെ പരിചയപ്പെടുത്താനും പ്രദര്‍ശനം സഹായിക്കുന്നുവെന്ന് വിവിധ കമ്പനി പ്രതിനിധികള്‍ പറഞ്ഞു. രാവിലെ 10ന് തുടങ്ങുന്ന പ്രദര്‍ശനം വൈകുന്നേരം 6 വരെ നീണ്ടു നില്‍ക്കും. മഹോത്സവ നഗരിയില്‍ ഇന്ത്യ പ്രത്യേകം പവലിയന്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ ഉല്‍പന്ന മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്ചും ഉയര്‍ന്നു വരുന്ന മാറ്റങ്ങളെ സംബന്ധിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ പ്രദര്‍ശനം നല്‍കുന്നു.
പ്രമുഖ റീടെയ്‌ലര്‍ ലുലു ഗ്രൂപ് ശ്രദ്ധേയമായ പങ്കാളിത്തമാണ് ഭക്ഷ്യല്‍സവത്തില്‍ വഹിക്കുന്നത്. ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് വേണ്ടി ഡയറക്ടര്‍മാരായ ഷമീം സൈനുല്‍ ആബിദീന്‍, റിയാദ് ജബ്ബാര്‍, ടി.കെ നൗഷാദ് എന്നിവര്‍ വിവിധ കമ്പനികളുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."