ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നു പേര്‍ കസ്റ്റഡിയില്‍, ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നു പേര്‍ കസ്റ്റഡിയില്‍, ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ ഒരു കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് രണ്ടു പേരേയും ഒരാളെ ശ്രീകാര്യത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കാര്‍ വാഷിംഗ് സെന്റര്‍ നടത്തിപ്പുകാരനാണ് ആദ്യം കസ്റ്റഡിയിലെടുത്ത ആറ്റുകാല്‍ സ്വദേശി പ്രതീഷ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കേസുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. പൊലിസെത്തിയത് സംശയത്തിന്റെ പേരിലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. 15 ലക്ഷത്തോളം രൂപ കണ്ടെടുത്തതായാണ് സൂചന.
അതേസമയം കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയിട്ട് 16 മണിക്കൂര്‍ പിന്നിട്ടു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് വ്യാപക അന്വേഷണമാണ് നടക്കുന്നത്. കുട്ടിയെ സംഘം കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ സഹോദരന്‍ ജൊനാഥനെ കാറിലേക്ക് കയറ്റാന്‍ വലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഓയൂര്‍ അമ്പലംകുന്ന് സിദ്ധാര്‍ഥ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മരുതമണ്‍പള്ളി കോഴിക്കോട് റെജി ഭവനില്‍ റെജി ജോണ്‍ സിജി ദമ്പതികളുടെ മകളുമായ അബിഗേല്‍ സാറാ മറിയ (മിയ ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20ന് കാറിലെത്തിയ സ്ത്രീ ഉള്‍പ്പെട്ട നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരന്‍ യോനാഥന്‍ രക്ഷപ്പെട്ടു.
മിയ സഹോദരന്‍ യോനാഥനൊപ്പം സ്‌കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ ഇരുവരെയും ബലമായി പിടിച്ച് കാറില്‍ കയറ്റി.
കാറിന്റെ വാതില്‍ അടക്കുന്നതിനിടെ യോനാഥന്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. കുട്ടിയുടെ മാതാപിതാക്കള്‍ നഴ്‌സ് ദമ്പതികളാണ്.
വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്. കുട്ടിയെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ട് ഫോണ്‍കോള്‍ ആണ് വന്നിരിക്കുന്നത്. ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് 10 ലക്ഷവും ആവശ്യപ്പെട്ടു. പത്ത് ലക്ഷം രൂപ തന്നാല്‍ ഇന്ന് പത്ത് മണിക്ക് കുട്ടി വീട്ടിലെത്തുമെന്നാണ് ഒടുവിലെത്തിയ ഫോണ്‍കോള്‍. വിവരം പൊലിസിനെ അറിയിച്ചാല്‍ കുട്ടിയുടെ ജീവന് ആപത്താണെന്നാണ് ഭീഷണി.
ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് പാരിപ്പള്ളിയിലെ ചായക്കടയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഓട്ടോയിലെത്തിയ സ്ത്രീയും പുരുഷനും കടയുടമയുടെ ഭാര്യയുടെ ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നു.
ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷര്‍ട്ടുമായിരുന്നെന്നും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ പച്ച ചുരിദാറും കറുത്ത ഷാളുമാണ് ധരിച്ചിരുന്നതെന്നും ഇവര്‍ പൊലിസിനെ അറിയിച്ചിരുന്നു. സ്ത്രീ മുഖം മറച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായാണ് കുട്ടിയുടെ മുത്തശ്ശി അറിയിക്കുന്ന നിര്‍ണായക വിവരം. ഇവരുടെ കൂടെ പോകുമ്പോഴായിരുന്നു സംഭവം. മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറാണ് അന്ന് സംഘം ഉപയോഗിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
കാര്‍ കാണുമ്പോള്‍ അബിഗേല്‍ പേടിച്ചിരുന്നതായാണ് സഹോദരന്‍ ജൊനാഥന്റെ മൊഴി. കുറച്ചു ദിവസമായി പ്രദേശത്ത് വെള്ള കാര്‍ കറങ്ങുന്നുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു. ഈ വിവരങ്ങള്‍ വെച്ച് അബിഗേലിനെ തട്ടിക്കൊണ്ടു പോകാനായി സംഘം കുറച്ച് ദിവസങ്ങളായി പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലിസിന്റെ നിഗമനം.
കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂം നമ്പരായ 112ല്‍ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു. 9946923282, 9495578999 എന്നിവയാണ് ബന്ധപ്പെടാവുന്ന മറ്റ് നമ്പറുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."