ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
ജലീല്‍ അരൂക്കുറ്റി
കവരത്തി: ജനകീയ പ്രതിഷേധം ശക്തമായിരിക്കുന്ന ലക്ഷദ്വീപില്‍ ഗാന്ധിജയന്തി ആഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി അഡ്മിനിസ്‌ട്രേഷന്‍. ഒരാഴ്ച നീളുന്ന വിവിധ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനാണ് തീരുമാനം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധിച്ച് സമാന്തര ആഘോഷത്തിന് വില്ലേജ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സേവ് ലക്ഷദ്വീപ് ഫോറവും രംഗത്തുവന്നിട്ടുണ്ട്. കവരത്തി ദ്വീപ് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീളുന്ന പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി.
30 വരെ നീണ്ടുനില്‍ക്കുന്ന ബീച്ച് ശുചീകരണത്തിനാണ് പഞ്ചായത്ത് ഇന്നലെ തുടക്കം കുറിച്ചത്. ഒക്ടോബര്‍ ഒന്നിന് വിവിധ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും കവരത്തിയില്‍ ഗാന്ധി സെമിനാര്‍ നടത്തുമെന്നും ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു. രണ്ടിന് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടിയുമായി സഹകരിക്കും. മറ്റ് നിലപാടുകള്‍ എസ്.എല്‍.എഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്‌ട്രേഷന്റെ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള കായിക മത്സരങ്ങള്‍ക്കും ഇന്ന് കവരത്തിയില്‍ തുടക്കമാകും. ഗാന്ധിജിയുടെ പ്രതിമ ഒക്ടോബര്‍ രണ്ടിന് കേന്ദ്രമന്ത്രി അനാച്ഛാദനം ചെയ്യും. മ്യൂസിക്ക് നൈറ്റ് ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോബനാസ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ 1.39 കോടി രൂപയ്ക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിച്ച് ജനപങ്കാളിത്വത്തോടെയാണ് പരിപാടികള്‍ നടത്തുന്നതെന്നും ദേശീയ ദിനാഘോഷം എന്ന നിലയില്‍ ഗാന്ധി ജയന്തി പരിപാടിയില്‍ നിന്ന് ഒരാള്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും ലക്ഷദ്വീപ് ജില്ലാ കലക്ടര്‍ എസ്. അസ്ഗര്‍ അലി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."