നിപായെ അതിജീവിച്ചു, ജോലി പോയി; ജപ്തി ഭീഷണി നേരിടുന്ന ഗോകുലിന്റെ കുടുംബത്തിന് സഹായവുമായി മന്ത്രി
കൊച്ചി: രണ്ടു വര്‍ഷം മുമ്പ് നിപാ അതിജീവിച്ച എറണാകുളം സ്വദേശി ഗോകുല്‍ കൃഷ്ണയ്ക്കും കുടുംബത്തിനും ആശ്വാസമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഗോകുലിന്റെ അമ്മ വി.എസ് വാസന്തിക്ക് വനിതാ വികസന കോര്‍പറേഷനില്‍ ലോണ്‍റിക്കവറി അസിസ്റ്റന്റായി താല്‍കാലിക ജോലി നല്‍കിയാണ് സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടംതിരിഞ്ഞ കുടുംബത്തിന് മന്ത്രി തുണയായത്.
2019 ലാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരിക്കേ ഗോകുലിന് നിപാ പിടിപെടുന്നത്. സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജായി ജോലി ചെയ്തിരുന്ന വാസന്തി മകന്റെ ചികിത്സയ്ക്കും പരിപാലനത്തിനുമായി അവധിയെടുത്തു. ഗോകുലിന്റെ ചികിത്സ കഴിഞ്ഞ് തിരികെച്ചെന്നപ്പോള്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്ന അറിയിപ്പാണ് ലഭിച്ചത്. നിപായുടെ അനന്തരഫലമായി പല രോഗങ്ങളും ഗോകുലിനുണ്ട്. തുടര്‍ന്നുവന്ന കൊവിഡ് വ്യാപനത്തില്‍ അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ കടത്തിലേക്കു കൂപ്പുകുത്തിയ കുടുംബത്തിന് ബാങ്കില്‍നിന്നുള്ള ജപ്തി നോട്ടിസും ഇരുട്ടടിയായി.
നിപാ മോചിതനായ ഗോകുലിന് 2019ല്‍ രണ്ടര ലക്ഷം രൂപ ആരോഗ്യവകുപ്പ് വാഗ്ദാനം ചെയ്തിരുന്നു. ഇതും ലഭിക്കാതെ വന്നതോടെ കുടുംബം ദുരിതക്കയത്തിലായി. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന വിവരം വാര്‍ത്തയായതോടെയാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്.
വാസന്തിയെ പിരിച്ചുവിട്ട സ്ഥാപനത്തനെതിരേ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായം തേടിയ മന്ത്രി ജപ്തി നടപടികളില്‍നിന്ന് ഇളവുനേടാനായി സഹകരണ വകുപ്പിന്റെ സഹായവും തേടി.
ഗോകുലിന്റെ തുടര്‍ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."