ലോകത്തോളം വളര്‍ന്ന പെലെ
ലോകത്തെ ഒരു തുകല്‍പന്തിലേക്ക് വലയം ചെയ്യിച്ച എഡ്‌സണ്‍ അരാഞ്ചസ് ഡോ നാസിമെന്റോ, കുട്ടിക്കാലത്ത് കൂട്ടുകാര്‍ കളിയാക്കി വിളിച്ച പേരിനെ കാല്‍പന്തിന്റെ ഇതിഹാസമാക്കിയവന്‍, ഒടുവില്‍ കളി മതിയാക്കി ബൂട്ടഴിച്ചിരിക്കുന്നു, ജീവിതത്തില്‍ നിന്ന്. കാല്‍പന്തിന് വലിയ മാനങ്ങളൊന്നുമില്ലാതിരുന്ന ലാറ്റിന്‍ അമേരിക്കയില്‍ ഫുട്‌ബോളിസം പടര്‍ന്നു പന്തലിക്കാനും തഴച്ചുവളരാനും കാരണഭൂതന്‍ 1940 ഒക്‌ടോബര്‍ 23ന് പിറവിയെടുത്ത ലോകം പെലെയെന്ന് പിന്നീട് വിളിച്ച കറുത്ത മുത്താണ്. അതുകൊണ്ടാണ് അദ്ദേഹം ഫുട്‌ബോള്‍ ലോകത്ത് കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിയായി മാറിയതും. ബ്രസീലിനായി ഫുട്‌ബോളില്‍ കൊയ്ത നേട്ടങ്ങള്‍ക്കൊപ്പം ദരിദ്രരുടെ സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നയങ്ങളെ പിന്തുണച്ചും രാജ്യത്തിൻ്റെ സാമൂഹിക പരിഷ്‌കര്‍ത്താവായും പെലെ മാറി.
ഇന്ന് ലോകവും കാല്‍പന്തും ഏറെ വളര്‍ന്നെങ്കിലും പെലെ ഉണ്ടാക്കിയ റെക്കോര്‍ഡുകളില്‍ പലതും ആധുനിക കാലത്തും തകരാതെ നില്‍ക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടത് മൂന്നുതവണ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടവന്‍ എന്നതാണ്. ഇത് തകര്‍ക്കപ്പെടുകയെന്നത് നിലവില്‍ അസാധ്യ കാര്യവുമാണ്. മറ്റൊന്ന് ഗോളുകളാണ്, 1363 മത്സരങ്ങളില്‍ നിന്നായി അദ്ദേഹം അടിച്ചുകൂട്ടിയത് 1284 ഗോളുകൾ. ഈ റെക്കോര്‍ഡും തകര്‍ക്കപ്പെട്ടിട്ടില്ല.
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നായിരുന്നു പെലെ പന്ത് തട്ടിത്തുടങ്ങിയത്. സാവോപോളോയിലെ ഇന്‍ഡോര്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഷൂ ഇല്ലാതെ വേഗതയിൽ പന്ത് തട്ടിയപ്പോള്‍ എല്ലാവരും പെലെയെ ശ്രദ്ധിച്ചു. അവിടെ നിന്ന് തുടങ്ങിയതാണ് പെലെയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ വളര്‍ച്ച. പന്ത് വാങ്ങാന്‍ പണമില്ലാതെവന്നപ്പോള്‍ പേപ്പറുകളും മറ്റു തുണിത്തരങ്ങളും കൂട്ടിക്കെട്ടി പന്ത് രൂപമാക്കിയാണ് കുട്ടിക്കാലത്ത് കളിപഠിച്ചത്. സാവോപോളോ തെരുവികളിലും മൈതാനങ്ങളിലും പന്ത് തട്ടിയ പെലെയിലെ പ്രതിഭയുടെ മിന്നലാട്ടം ഗണിച്ചെടുക്കാന്‍ ഫുട്‌ബോള്‍ താരമായിരുന്ന പിതാവിന് കൂടുതല്‍ സമയമൊന്നും വേണ്ടിവന്നില്ല. ഡൊണ്‍ഡിനോ മകന്റെ ഭാവിക്കായി സാന്റോസിലേക്ക് താമസം മാറ്റി. ഫ്‌ലിമിനെന്‍സെ ക്ലബിലെ താരമായിരുന്നു ഡൊണ്‍ഡിനോ. ക്ലബില്‍ താരമായിരിക്കെ അദ്ദേഹത്തിന് പരുക്കേറ്റു. പിന്നാലെ ക്ലബ് കൈവിട്ടു. കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ കാലം. കുഞ്ഞുപെലെ കുടുംബത്തെ ചുമലിലേറ്റാന്‍ തീരുമാനിച്ചു. പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ മിനാസിലെ തെരുവിലും റെയില്‍വെ സ്റ്റേഷനുകളിലുമായി ഷൂ പോളിഷ് ചെയ്യാനുള്ള പെട്ടിയുമായി പെലെ ഇറങ്ങി. അങ്ങനെ കുടുംബത്തിന് കൈത്താങ്ങായവന്‍ പതിയെ കാല്‍പന്തില്‍ മായാജാലങ്ങള്‍ കാട്ടിത്തുടങ്ങി. 15ാം വയസില്‍ സാന്റോസെന്ന ക്ലബില്‍ ജോയിന്‍ ചെയ്തു. അത് പെലെയുടെയും സാന്റോസിന്റെയും വളര്‍ച്ചയുടെ തുടക്കവുമായി.
1957 ജൂലൈ ഏഴിന് അര്‍ജന്റീനക്കെതിരേ അരങ്ങേറ്റം കുറിക്കുമ്പോള്‍ പെലെയ്ക്ക് പ്രായം 16 വയസും ഒന്‍പത് മാസവുമായിരുന്നു. മത്സരത്തില്‍ ബ്രസീല്‍ തോറ്റെങ്കിലും ലോക കാൽപന്തിന്റെ ചക്രവര്‍ത്തി അവിടെ ഉദയം ചെയ്യുകയായിരുന്നു. പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കി കുതിച്ചുപാഞ്ഞു, എതിരാളികളുടെ കടുത്ത ടാക്കിളുകളില്‍ നിന്ന് ഒഴിഞ്ഞുമാറി, മിന്നല്‍പ്പിണര്‍ പോല കുതിച്ച് ഗോള്‍മുഖങ്ങള്‍ വിറപ്പിച്ചുകൊണ്ടേയിരുന്നു. 17ാം വയസില്‍ ഫുട്‌ബോള്‍ ലോകം ഏറെ കൊതിയോടെ നോക്കുന്ന വിശ്വകിരീടത്തില്‍ പെലെ മുത്തമിട്ടു. സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക്, ഫൈനലില്‍ ആതിഥേയരായ സ്വീഡനെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തതും പെലെയെന്ന പതിനേഴുകാരന്റെ ചടുല നീക്കങ്ങളിലായിരുന്നു. ഈ ലോകകപ്പിലൂടെ കാനറികളുടെ സാമ്പാതാളം ഫുട്‌ബോളിനൊപ്പം അദ്ദേഹം ചേര്‍ത്തു. 1962ലും വിശ്വകിരീടം ബ്രസീലിലെത്തിക്കുന്നതില്‍ നിര്‍ണായക ശക്തിയായ പെലെ 1966ലെ ലോകകപ്പില്‍ തനിക്കെതിരേ മാരകമായ ടാക്കിളുകള്‍ നടന്നിട്ടും അനങ്ങാതിരുന്ന റഫറിമാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കളി മതിയാക്കുകയാണെന്ന തീരുമാനത്തിലേക്കെത്തിയിരുന്നു. എന്നാല്‍ കാല്‍പന്തിനോടുള്ള അടങ്ങാത്ത അഭിനിവേഷം 1970 ലോകകപ്പ് മത്സരത്തില്‍ ബൂട്ടണിയാന്‍ പ്രേരിപ്പിച്ചു. ഈ കിരീടവും ബ്രസീലിലേക്ക് കൊണ്ടുപോയാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ പെലെ നിവര്‍ന്നുനിന്നത്.
1956ൽ സാന്റോസിലേക്കെത്തിയ പെലെ കരിയറിലെ മൂന്ന് ദശകം പന്ത് തട്ടിയത് ഇവിടെ മാത്രമായിരുന്നു. 637 മത്സരങ്ങളില്‍ നിന്ന് 618 ഗോളുകളും നേടി. 1975ല്‍ വടക്കെ അമേരിക്കന്‍ ക്ലബായ ന്യൂയോര്‍ക്ക് കോസ്‌മോസിലേക്ക് മാറുന്നതുവരെ സാന്റോസിന്റെ കുപ്പായമായിരുന്നു ധരിച്ചത്. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ യൂറോപ്യന്‍ വമ്പന്മാര്‍ പെലെയെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യൂറോപ്പിലേക്ക് പോകുന്നതിനേക്കാള്‍ അയാള്‍ ആനന്ദം കണ്ടെത്തിയത് സ്വന്തം രാജ്യത്ത് പന്തുതട്ടുന്നതിലായിരുന്നു. പെലെയെ യൂറോപ്യന്‍ ക്ലബിന് കൈമാറാന്‍ സാന്റോസ് മാനേജ്‌മെന്റ് തയാറെടുക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ ക്ലബിന്റെ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധം അദ്ദേഹം എത്രത്തോളം വേണ്ടപ്പെട്ടവനായിരുന്നുവെന്ന് തെളിയിക്കുന്നതാണ്.
1976ല്‍ വിരമിക്കുന്നത് വരെ പെലെയെ വെല്ലാനോ ഒപ്പം നില്‍ക്കാനോ ഒരു താരവുമുണ്ടായില്ല. എതിരാളികളില്ലാതെയാണ് ജീവിച്ചത്. മറഡോണയുടെ രംഗപ്രവേശം മുതലാണ് പെലെയോട് താരതമ്യം ചെയ്യാനുള്ള താരം ഉദയംകൊണ്ടത്. വിരമിച്ചതിന് ശേഷം യുനെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായും യു.എന്‍ പ്രകൃതി സംരക്ഷണ അംബാസഡറായും പ്രവര്‍ത്തിച്ച അദ്ദേഹം ബ്രസീലിന്റെ കായിക മന്ത്രിയായി രാഷ്ട്രീയത്തിലേക്കും കടന്നിരുന്നു. കായികമേഖലയിലെ അഴിമതിക്കെതിരേ പെലെ നിയമം എന്ന പേരില്‍ നിയമം കൊണ്ടുവന്നു ചരിത്രം സൃഷ്ടിച്ചു. ഒടുവില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നതാണ് ജീവിതത്തില്‍ നേരിട്ട തിരിച്ചടികളിൽ ഏറ്റവും കഠിനമായത്. ഇല്ലായ്മകളില്‍ തളരാതെ, അടങ്ങാത്ത ആഗ്രഹങ്ങളെ ഊതിക്കാച്ചിയെടുത്ത് പെലെ താണ്ടിയ വഴികള്‍ പുതുതലമുറക്ക് എന്നും പ്രചോദനം പകരുന്നതാണ്.
കാല്‍പന്തിന്റെ ലോകത്ത് സമാനതകളില്ലാത്ത വ്യക്തിപ്രഭാവം കാട്ടിയ പെലെയുടെ വിയോഗം കായികലോകത്തിന് കനത്ത നഷ്ടമാണ്. പെലെക്ക്, കാല്‍പന്തിന്റെ വിശ്വജേതാവിന് ആദരാഞ്ജലികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."