HOME
DETAILS
MAL
ഡല്‍ഹി വംശഹത്യ ; അന്വേഷണം കാര്യക്ഷമമല്ല, രൂക്ഷവിമര്‍ശനവുമായി കോടതി
backup
September 29 2021 | 03:09 AM
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മുസ്‌ലിം വംശഹത്യ അന്വേഷിക്കുന്നതില്‍ പൊലിസ് നിരന്തരം വീഴ്ചവരുത്തുന്നുവെന്ന് തുറന്നടിച്ച് കോടതി.
മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്താനായി ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ആളുകളെ സംഘടിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പൊലിസ് നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്നാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് വിമര്‍ശിച്ചത്.
രണ്ടു മാസം മുമ്പായിരുന്നു വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്.
എന്നാല്‍, ഈ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നായിരുന്നു ഇന്നലെ പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതോടെയാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്.
കേസില്‍ പൊലിസ് ശ്രദ്ധ കാണിച്ചില്ലെന്നും അന്വേഷണത്തിന് താല്‍പര്യം കാണിച്ചില്ലെന്നും വിമര്‍ശിച്ച കോടതി, ഡല്‍ഹി പൊലിസ് കമ്മിഷണറെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
ഡല്‍ഹിയിലെ കൊവിഡ് വ്യാപനവും മറ്റുമൊക്കെ കാരണം പറഞ്ഞ് അന്വേഷണത്തില്‍നിന്ന് പൊലിസ് ഒളിച്ചോടുകയോ യാഥാര്‍ഥ്യങ്ങള്‍ മൂടിവയ്ക്കുകയോ ചെയ്യുകയാണ്.
ഇക്കാര്യത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.അതേസമയം, ഡല്‍ഹിയിലെ ആക്രമണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ അന്വേഷണോദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് അയ്യായിരം രൂപ പിഴയായി ഈടാക്കാന്‍ നിര്‍ദേശിച്ച് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍കുമാര്‍ ഗാര്‍ഗും രംഗത്തെത്തി. കേസില്‍ നിരന്തരം കോടതി നടപടികള്‍ നീട്ടിവയ്ക്കാന്‍ അഭ്യര്‍ഥിച്ചതിനാണ് ശിക്ഷ. ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് അയ്യായിരം രൂപ പിടിച്ച് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനും ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്താനും കോടതി ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."