പെന്‍ഷന്‍ വിതരണത്തിലൂടെ കൗണ്‍സിലര്‍മാരെ അവഹേളിക്കാന്‍ ശ്രമമെന്ന്
പൊന്നാനി: പെന്‍ഷന്‍ വിതരണത്തിലൂടെ കൗണ്‍സിലര്‍മാരെ അവഹേളിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നു നഗരസഭാ പ്രതിപക്ഷം കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി വിതരണം ചെയ്തുവരുന്ന ക്ഷേമപെന്‍ഷനുകള്‍ നഗരസഭാ ഭരണസമിതിയും സി.പി എം പ്രവര്‍ത്തകരും യു.ഡി.എഫ് കൗണ്‍സിലര്‍മാരെ അവഹേളിക്കുന്നതിന് ഉപയോഗപ്പെടുത്തിയതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളില്‍ ബാങ്ക് ജീവനക്കാരുടെ മറവില്‍ സി.പി.എം പ്രവര്‍ത്തകരാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത്.
വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് അവരുടെ വാര്‍ഡുകളില്‍ വിതരണം ചെയ്യുന്ന പെന്‍ഷന്റെ വ്യക്തമായ കണക്കുകള്‍പോലും നല്‍കാന്‍ തയാറാകാതെയാണ് പെന്‍ഷന്‍ വിതരണം ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ക്ഷേമപെന്‍ഷനുകള്‍ പാര്‍ട്ടി ഫണ്ടില്‍നിന്നു നല്‍കുന്നതെന്ന വ്യാജേനയാണ് ചിലയിടങ്ങളില്‍ വിതരണം ചെയ്തതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് എം.പി നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."