ഡോ.ഷഹനയുടെ ആത്മഹത്യ: സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍
ഡോ.ഷഹനയുടെ ആത്മഹത്യ: സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഡോ.റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്.
റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി നേരത്തെ കേസ് എടുത്തിരുന്നു. അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. ഷഹനയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍, ഉയര്‍ന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കള്‍ പറയുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലിസ് പറയുന്നത്.
ഷഹാന ആത്മഹത്യ ചെയ്തതിനു പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് പി.ജി ഡോക്ടര്‍മാരുടെ സംഘടന (കെ.എം.പി.ജി.എ) നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.
ഇതിനിടെ, ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ല കലക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും സുഹൃത്തായ ഡോക്ടര്‍ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമായിരുന്നു അവരുടെ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പി.ജി ചെയ്യുകയായിരുന്നു ഷഹന. സുഹൃത്തും പി.ജി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരെന്റ വീട്ടുകാര്‍ വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കള്‍ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാല്‍ വിവാഹം മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."