സന്ധ്യമയങ്ങും നേരം
കഥ
പ്രശാന്ത് ടി. വള്ളിക്കുന്ന്
കാറില്‍ ഗ്ലൂമി സണ്‍ഡേ പാട്ട് ഒരു എട്ടുകാലിയെ പോലെ അയാള്‍ക്കു മുന്നില്‍ മരണവല തീര്‍ത്തുവച്ചിരുന്നു. രാത്രി പന്ത്രണ്ടു കഴിഞ്ഞ് ഭാര്യയും മക്കളും നല്ല ഉറക്കത്തിലായപ്പോഴാണ് കാറെടുത്ത് ഇറങ്ങിയത്. ആദ്യവളവിലെത്തിയപ്പോള്‍ ഒരാള്‍ കാറിനു മുന്നിലേക്ക് മുയലിനെപ്പോലെ ഒറ്റക്കാല്‍ച്ചാട്ടം നടത്തി.
'ടൗണിലേക്കാണെങ്കില്‍ ഞാനും...'- അയാള്‍ പിന്നിലെ ഡോറ് പിടിച്ചുവലിച്ചപ്പോള്‍ മുന്നില്‍കയറാന്‍ പറഞ്ഞു. മുന്നിലോടുന്ന ലോറികളെ വെട്ടിച്ച് അയാള്‍ കാലുകള്‍കൊണ്ട് ദൂരത്തെ ചവിട്ടിത്തള്ളി.
'ഇതെന്താ സാറേ, ഏതോ ഒരുത്തന്‍ ചാകാന്‍ പോവുമ്പോ പാടുന്ന പാട്ടുപോലെ..'
അയാള്‍ ഒന്നും മിണ്ടിയില്ല.
'ബുദ്ധിമുട്ടാവില്ലെങ്കില്‍ ടൗണില്‍ ഇറങ്ങിക്കോളാം, ഈ രാത്രീല് എങ്ങോട്ടാ സാറേ...'
അയാളൊന്നും പറഞ്ഞില്ല. പരിചയപ്പെടാന്‍ താല്‍പര്യമില്ലാത്ത പോലെ നെറ്റിചുളിച്ചു.
'മിണ്ടുന്നില്ലെങ്കിലും ഉള്ളില്‍ വാക്കുകള്‍ പാറക്കൂട്ടംപോലെ പൊട്ടിത്തെറിക്കുന്നുണ്ടല്ലോ സാറേ...'
അന്നേരം ഗ്ലൂമി സണ്‍ഡേ പാട്ട് മൂന്നാമതും കാറില്‍ നിറയാന്‍ തുടങ്ങി. മധ്യവയസ്‌ക്കന്‍ നിര്‍ത്താതെ ചുമയ്ക്കാന്‍ തുടങ്ങി.
'പകര്‍ച്ചവ്യാധിയൊന്നുമല്ല സാറേ. പേടിക്കണ്ട. ഒരു ദിവസം എസ്.ഐ രാമചന്ദ്രന്റെ അടുത്തുനിന്ന് രാത്രി 12മണിയ്ക്ക് പള്ളയ്ക്ക് നാലു കുത്തുകിട്ടി. അന്ന് തുടങ്ങീതാ ഈ നേരമാവുമ്പോ രണ്ട് മിനുട്ടുനേരം ഒരു ചുമ'
അന്നേരം അയാളുടെ ഫോണും ഒന്നു ചുമച്ചു. അയാള്‍ എടുത്തില്ല.
'ആരാ സാറേ?'
'ഭാര്യയാണ്'
'എന്നിട്ടെന്താ എടുക്കാത്തത്?'
കണ്ണീര്‍ത്തുള്ളിയുടെ ഒരു ദ്വീപ് അയാളുടെ കവിളില്‍ പരന്നുകിടക്കുന്നത് മധ്യവയസ്‌ക്കന്‍ കണ്ടു. പെട്ടെന്ന് മധ്യവയസ്‌കന്റ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി.
'അതും ഏതാണ്ട് ഈ സമയത്ത് തന്നെയായിരുന്നു സാറേ. എസ്.ഐ ബാലേട്ടന്റെ കയ്യീന്ന് നട്ടെല്ലിന് ഒരിടികിട്ടി. ചെറിയ കള്ളന്‍മാരെയൊന്നും ഉപദ്രവിക്കാത്ത എസ്.ഐ ആയിരുന്നു. പക്ഷേ, അന്ന് വല്ലാത്ത ഇടിയായിരുന്നു. മൂത്രമൊഴിച്ചു പോയിട്ടോ. ബാലേട്ടന്‍ പെന്‍ഷന്‍പറ്റാന്‍ നില്‍ക്കണ സമയമായിരുന്നു. ലാസ്റ്റ് ഇറങ്ങിയ പ്രൊമോഷന്‍ ലിസ്റ്റിലും അയാളില്ലാത്ത ദേഷ്യത്തില്‍ നില്‍ക്കണ ദിവസം എന്നെ കിട്ടിയതും രണ്ടിടി....'
വീണ്ടും അയാളുടെ ഫോണ്‍ ശബ്ദിച്ചെങ്കിലും എടുത്തില്ല. ഫോണിന്റെ നാടന്‍പാട്ട് ഈണം ഗ്ലൂമി സണ്‍ഡേയിലേക്ക് ഇഴപിരിഞ്ഞു കയറി. ഒരു വാഹനവും മുന്നിലില്ലാഞ്ഞിട്ടും സിഗ്‌നല്‍ തെറ്റിക്കാതിരിക്കാന്‍ അയാള്‍ കാര്‍ നിർത്തിയിട്ടു.
'ജീവിതവും ഇങ്ങനാ സാറേ, സിഗ്‌നല് നമ്മള് തെറ്റിക്കാന്‍ തുടങ്ങിയാ ആദ്യമൊക്കെ നല്ല രസാ. പിന്നെ എപ്പെഴെങ്കിലും ഒരിടി കിട്ടും. ഞാനൊക്കെ അതുകിട്ടിയ കൂട്ടത്തില്‍പ്പെട്ട ആളാ...'
നാലാമതും ഗ്ലൂമി സണ്‍ഡേ അരിച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ മധ്യവയസ്‌ക്കന്‍ സാമാന്യം ഉച്ചത്തില്‍ സന്ധ്യമയങ്ങുംനേരം ഗ്രാമചന്ത പിരിയുന്ന നേരമെന്ന സിനിമാപ്പാട്ട് പാടാന്‍ തുടങ്ങി. വയലാറിന്റെ ഗാനം ഇഷ്ടപ്പെട്ടില്ലെന്ന് മനസിലാക്കിപ്പിക്കാന്‍ അയാള്‍ ഗ്ലൂമി സണ്‍ഡേയുടെ ശബ്ദം കൂട്ടി. മധ്യവയസ്‌കന്‍ പാട്ടുനിര്‍ത്തി.
'അറിയാതെ വരണതാ സാറേ. എസ്.ഐ തോമസ് കയറണതാ ഇന്നേരത്ത്. മൂപ്പര് ദാസേട്ടന്റെ കടുത്ത ആരാധകനാ... സ്റ്റേഷനില്‍ എപ്പഴും ദാസേട്ടന്റെ പാട്ട് പാടിപ്പിക്കും ആരെക്കൊണ്ടെങ്കിലുമൊക്കെ. എന്നോടും പറഞ്ഞു, ദാസേട്ടന്റെ പാട്ടുപാടാന്‍. അക്കാലത്ത് എനിക്കെന്ത് പാട്ട്. എപ്പോഴെങ്കിലും റേഡിയോ തുറക്കുമ്പോള്‍ കുറച്ചുനേരം പാട്ട് കേള്‍ക്കുമായിരുന്നു. അഴീക്കോട് മാഷിന്റെ പ്രസംഗം മാത്രായിരുന്നു അക്കാലത്ത് കേള്‍ക്കാന്‍ എനിക്കാകെ ഇഷ്ടമുണ്ടായിരുന്നത്. ദേഷ്യംവന്നാ വാക്കുകള്‍ കൊണ്ട് എതിരാളിയെ ഭസ്മമാക്കിക്കളയുന്ന മാഷ് അടുത്തൊക്കെ പ്രസംഗിക്കാന്‍ വന്നാല്‍ ഞാന്‍ നേരത്തെ പോയിരിക്കും. പാടെടാ ഞാന്‍ പാടണത് കേട്ടിട്ടെന്നുപറഞ്ഞ് എസ്.ഐ തോമസ് സന്ധ്യമയങ്ങുംനേരം അങ്ങ് പാടി. ഏതാണ്ട് ഒപ്പിച്ച് ഞാനും കൂടെയങ്ങ് ചൊല്ലി.
സന്ധ്യമയങ്ങും നേരം/ഗ്രാമചന്ത പിരിയുന്ന നേരം/ബന്ധുരേ രാഗബന്ധുരേ....
അവസാനമായപ്പോഴേക്കും തോമസ് സാറിന്റെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു. നിനക്കൊന്നും ദാസേട്ടനെ അറിയില്ലല്ലേ ഡാഷ് മോനേന്ന് പറഞ്ഞ് ഒറ്റക്കുത്തായിരുന്നു പള്ളയ്ക്ക്. കുടലു പൊട്ടിപ്പോയി എന്നാണ് ഞാന്‍ വിചാരിച്ചത്. പിന്നെ ദിവസത്തില്‍ നാലഞ്ചുവട്ടമെങ്കിലും ഓക്കാനിക്കാന്‍ വരുന്നപോലെ ഈ പാട്ടങ്ങ് ഉള്ളില്‍നിന്ന് വരും...'
ഇടക്കിടെ അയാളുടെ ഫോണ്‍ ശബ്ദിച്ചുകൊണ്ടിരുന്നു. അത് ഭാര്യ തന്നെയായിരിക്കുമെന്ന് മധ്യവയസ്‌കന്‍ ഉറപ്പിച്ചു. 'എടുക്ക് സാറേ, എന്താപ്പോ പറയാതെ ഇറങ്ങിപ്പോന്നതാണോ? സാറ് ഫോണെടുക്കാതെ നിന്നാ അവര്‍ വെറുതെ ടെന്‍ഷനാവില്ലേ. ഒരു ദുരൂഹതയെങ്കിലും ഉള്ളില്‍ ഒളിപ്പിച്ച ചെറിയൊരു ഗുഹ തന്നെയാണല്ലേ നമ്മുടെ ജീവിതം? പണ്ടൊരാള്‍ പറഞ്ഞത് മനുഷ്യന് സമാധാനം വിധിച്ചിരിക്കുന്നത് ശവക്കല്ലറയിലാണന്നല്ലേ...'
പുഷ്പ ജങ്ഷനിലെത്തിയപ്പോള്‍ മധ്യവയസ്‌ക്കന്‍ വലതുഭാഗത്തേക്ക് ഏന്തിനോക്കി. അടുത്ത ജങ്ഷനില്‍ കാര്‍ ഇടത്തോട്ട് തിരിച്ചപ്പോള്‍ മധ്യവയസ്‌കന്‍ പറഞ്ഞു.
'ഇനി അടുത്ത ജങ്ഷനില്‍ ഞാനിറങ്ങും'
അന്നേരം അയാള്‍ ചോദിച്ചു- 'തൊഴില് മോഷണമാണല്ലേ.'
മധ്യവയസ്‌കന്‍ ആ ചോദ്യത്തിന് കാത്തിരുന്നപോലെ വേഗം ഉത്തരം നല്‍കി.
' ആയിരുന്നു... അഞ്ചാറു കൊല്ലായിട്ട് നിര്‍ത്തീതായിരുന്നു. ഇന്നലെ ഒരു മോഷണം നടത്തേണ്ടിവന്നു...
വല്യ തുകയൊന്നും ഇതുവരെ മോഷ്ടിച്ചിട്ടില്ല സാറേ... മോഷണത്തില്‍ എനിക്ക് നല്ല കഴിവുണ്ടെന്ന് പറഞ്ഞാ കുളൂസ് പറയാന്ന് വിചാരിക്കല്ലേ. ഒരു വാതിലു കണ്ടാ അതിന്റെ പുറത്ത് കൈകൊണ്ട് ഒന്നു തലോടിയാ തന്നെ എനിക്ക് മനസ്സിലാവും, എത്ര തള്ള് വേണ്ടിവരൂന്ന്, അത് തുറക്കാനെന്ന്. ജനല്‍ക്കമ്പീന്റെ മര്‍മ്മവും അറിയാം. പിടിക്കണ്ടോടത്ത് പിടിച്ചാ ഏതു ഇരുമ്പും വളയും. കൈയിലൊരു കത്തി വെക്കും എന്നല്ലാതെ ഞാനാരുടെയും രക്തം ചിന്തിയിട്ടില്ല. പക്ഷേ, തോറ്റുപോയത് ജീവിതത്തിലാ. ഞാന്‍ വിചാരിച്ചതുപോലെ അത് തുറന്നതുമില്ല. വളഞ്ഞതുമില്ല...'
കാര്‍ പെട്രോള്‍ കുറഞ്ഞുതുടങ്ങിയതിന്റെ ആദ്യ സൂചന നല്‍കി. മധ്യവയസ്‌കന്‍ സൈഡ് ഉള്ളോടിത്ത് നിര്‍ത്തി തന്നേയ്ക്ക്ന്ന് പറഞ്ഞ് കൈയില്‍ തട്ടി.
'എന്നിട്ടെന്തേ വീണ്ടും തുടങ്ങീത്?'
'ഭാര്യ മെഡിക്കല്‍ കോളേജില്‍ സര്‍ജറി കഴിഞ്ഞിട്ട് കിടക്കാ. അടുക്കളപ്പണി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണതാ. കാഴ്ചശക്തി പോയി. പ്രശ്‌നം തലച്ചോറിലാ. രണ്ടു ദിവസം കഴിഞ്ഞപ്പഴാ ശരിക്ക് ബോധം വന്നത്. ഡോക്ടറ് കുറച്ച് കളിപ്പിച്ചപ്പോ വീട്ടില്‍ച്ചെന്ന് കണ്ട് എന്താ വേണ്ടതെന്നു ചോദിച്ചു. കല്ലുമ്മക്കായ പിടിച്ച് കൊണ്ടുതന്നാ വാങ്ങൂലേന്ന് ചോദിച്ചപ്പഴൊന്നും ഡോക്ടറുടെ മുഖം തെളിഞ്ഞില്ല. വല്യ സര്‍ജറിയല്ലേ പതിനായിരം തന്നേയ്ക്ക്ന്ന് പറഞ്ഞു. ഞാന്‍ മോഷണം ഒക്കെ നിര്‍ത്തി കല്ലുമ്മക്കായ വിറ്റ് ജീവിക്കല്ലേ. പണയം വെക്കാന്‍ ഒരുതരി സ്വര്‍ണമില്ല. അവള്‍ടെ താലി പണയംവെച്ചാ മോള്‍ടെ ഫീസടച്ചത്...'
അടുത്ത ജങ്ഷനെത്തിയതും മധ്യവയസ്‌കന്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു. 'ഇവിടന്ന് ഏതേലും വണ്ടീല് ഞാനങ്ങ് മെഡിക്കല്‍ കോളേജിലേക്ക് പിടിച്ചോളാം. പണ്ട് ചെറുപ്പത്തില്‍ രാവിലെ എണീറ്റ് നടന്ന് നോട്ടുബുക്കിൽ കവിതയെഴുതണ പരിപാടി ഉണ്ടാര്‍ന്നു. ഒരര്‍ഥത്തില്‍ പറഞ്ഞാ ജീവിതം എന്ന പുസ്തകത്തില്‍ അക്രമാസക്തമായ വായന നടത്തിക്കളഞ്ഞ ഒരു പൊട്ടനാണ് ഞാന്‍... ഓരോ മോഷണത്തെയും അവസാനത്തേതെന്നു കരുതി അതിനെ സമീപിച്ച ആളായിരുന്നു ഞാന്‍ '
കാര്‍ നിര്‍ത്തിയ ഉടന്‍ അയാള്‍ പുറത്തിറങ്ങി. വലതുകാല്‍ ഞൊണ്ടിയാണ് ഇറങ്ങിയത്.
'ഇന്നലെ ബ്ലേഡ് ഗോപന്റെ പിന്നാലെ നടന്ന് അയ്യായിരം ഒപ്പിച്ചെടുത്തത് ഡോക്ടര്‍ക്ക് കൊടുത്തു. നല്ല റിസ്‌കുള്ള സര്‍ജറിയാണെന്ന് ഡോക്ടര്‍ വീണ്ടും പറഞ്ഞു. പാവങ്ങളാണ് സാറേന്ന് രണ്ടുവട്ടം തിരിച്ചുപറഞ്ഞു. ഡോക്ടറ് പാതിമനസോടെ സര്‍ജറി വേഗം നടത്തിത്തന്നു. ആ രാത്രിതന്നെ ഞാന്‍ ഡോക്ടറുടെ വീട്ടിലെത്തി. പ്രൈവറ്റ് പ്രാക്ടീസ് നടത്താന്‍ ഡോക്ടര്‍ വാടകയ്ക്ക് എടുത്ത വീടാണ് ഞാന്‍ കാറിനു കൈകാട്ടിയ ജങ്ഷനില്‍. പിന്‍വാതിലുവഴി അകത്തുകയറി.
ഡോക്ടറ് വെള്ളമടിച്ച് സോഫയില്‍ കിടക്കയായിരുന്നു. കണ്ണുകളടച്ച്. മയക്കത്തിലായിരുന്നു അയാള്‍. കള്ളന്‍മാര്‍ കണ്ണുകളെ മാത്രം ഭയന്നാല്‍ മതിയല്ലോ. അഞ്ചുപേരുള്ള വീട്ടില്‍ കയറിയാല്‍ പത്തു കണ്ണുകളെ പേടിക്കണം. വീട്ടില്‍ വേറെ ആരെയും കണ്ടില്ല. എന്റെ പൈസ ഡോക്ടറുടെ കീശയില്‍ തന്നെ ഉണ്ടാര്‍ന്നു. അത് ഞാനെടുക്കുമ്പോള്‍ ചെറിയ പിടിവലിനടന്നു. ഡോക്ടര്‍ ടി.വി സ്റ്റാന്‍ഡിലേക്ക് തലയിടിച്ച് വീണിട്ടുണ്ട്. വൈദ്യന്‍ പിടിച്ചു പറിക്കാരനായപ്പോ കള്ളന്‍ കൊലപാതകിയായെന്ന വാര്‍ത്ത നിങ്ങള്‍ നാളെ കേള്‍ക്കാതിരിക്കട്ടെ! സദാ കയറുപൊട്ടിക്കാന്‍ ശ്രമിക്കുന്ന, ചിട്ടപ്പെടുത്താന്‍ ലേശം പ്രയാസമുള്ള കളിയാണ് ഈ ജീവിതം എന്നുപറയുന്നത് സാറേ...'
പെട്ടെന്ന് വാതിലടച്ച് അയാള്‍ റോഡരികിലൂടെ നടത്തം തുടങ്ങി. അന്നേരം ആറാമത്തെ തവണ ഗ്ലൂമി സണ്‍ഡേ പാട്ട് തുടങ്ങി. കാറ് മുന്നോട്ടെടുത്തപ്പോള്‍ മധ്യവയസ്‌കന്‍ സാമാന്യം ശബ്ദത്തില്‍ പാട്ടു പാടുന്നത് അയാള്‍ കേട്ടു .
സന്ധ്യമയങ്ങുംനേരം
ഗ്രാമചന്ത പിരിയുന്ന നേരം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."