സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കണം: ജില്ലാ വികസന സമിതി
കാസര്‍കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വര്‍ക്കിഡ് അറേന്‍ജ്‌മെന്റില്‍ ഇതര ജില്ലകളിലേക്ക് സ്ഥലം മാറിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ അടിയന്തിരമായി ജില്ലാതലത്തില്‍ ശേഖരിക്കുന്നതിനും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്ത് ജില്ലയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്നതിന് നടപടി സ്വീകരിക്കാനും ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ജനപ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്. ഉദ്യോഗസ്ഥക്ഷാമം ജില്ലയില്‍ രൂക്ഷമാകുമ്പോഴും സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥര്‍ വര്‍ക്കിംഗ് അറേജ്‌മെന്റില്‍ പോവുകയാണ്. .
സെപ്റ്റംബര്‍ മൂന്നിനകം ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വര്‍ക്കിങ് അറേജ്‌മെന്റില്‍ ഇതര ജില്ലകളിലേക്ക് സ്ഥലം മാറിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിനും ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് ലഭ്യമാക്കുന്നതിനും ജില്ലാകലക്റ്റര്‍ മുഴുവന്‍ ജില്ലാതല മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കീഴൂര്‍ അഴിമുഖത്ത് പുലിമുട്ടില്‍ തട്ടി മത്സ്യബന്ധനബോട്ടുകള്‍ തകരുകയും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെടുകയും ചെയ്ത സാഹചര്യത്തില്‍ ഡ്രഡ്ജിങ് ത്വരിതപ്പെടുത്താന്‍ യോഗം നിദ്ദേശം നല്‍കി.
തകര്‍ന്ന മാടക്കാല്‍ തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കണം. ഉദുമ നിയോജകമണ്ഡലത്തില്‍ എം എല്‍ എ ഫണ്ടില്‍ അനുവദിച്ച അഞ്ച് ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ചീമേനി വില്ലേജിലെ കൈവശക്കാരുടെ പട്ടയപ്രശ്‌നം, തിമിരിവില്ലേജില്‍ മിച്ചഭൂമികൈമാറ്റം ചെയ്തവരില്‍ നിന്നും നികുതി സ്വീകരിക്കാത്ത പ്രശ്‌നം എന്നിവയും യോഗത്തില്‍ ഉന്നയിച്ചു.
കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കണമെന്നും നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയുള്ള പൊതുമരാമത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
കന്നട,മലയാളം ഭാഷകളില്‍ അച്ചടി സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ അനിവാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.എല്‍.എ മാരായ എം. രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍റസാഖ്,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നീലേശ്വരം നഗരസഭാചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതിനിധി കെ പത്മനാഭന്‍,സബ്കലക്റ്റര്‍ മൃണ്‍മയിജോഷി എ.ഡി.എം.കെ അംബുജാക്ഷന്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."