സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് സര്‍വേ പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പഠനത്തില്‍ ലഭ്യമായ ഡേറ്റ ക്രോഡീകരിച്ചു വരികയാണ്. പ്രാഥമികമായ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെയാകും.
സിറോ പ്രിവിലന്‍സിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കില്‍ ആന്റിബോഡി ഉല്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രണ്ടുരീതിയിലൂടെ ഇതു കൈവരിക്കാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്സിനേഷനിലൂടെയും ഇത് കൈവരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 93 ശതമാനത്തിനു മുകളില്‍ ആദ്യ ഡോസ് വാക്സിന് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നല്ല രീതിയില്‍ രണ്ടാം ഡോസ് വാക്സിനും നല്‍കാനായി.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കുറേപേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതു രണ്ടുംകൂടി കണക്കിലെടുത്താല്‍ സ്വാഭാവികമായും കൂടുതല്‍ പേര് പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യത.
കൊവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് വാക്സിന് എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ടുലക്ഷത്തോളം പേര് മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്.
ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് കൊവിഡ് മരണങ്ങള് ചേര്‍ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."