താഴ്ന്നുകൊടുത്താല്‍ ചെറുതാകുകയില്ല
സാദിഖ് ഫൈസി താനൂര്‍
സി.ഇ 629 സെപ്റ്റംബര്‍. ഖുള്വാഅ ഗോത്രക്കാര്‍ മദീനയെ അക്രമിക്കാന്‍ കോപ്പുകൂട്ടി വരുന്നു. അവരെ പ്രതിരോധിക്കാന്‍ അംറ് ബിന്‍ ആസ്വി(റ)ന്റെ നേതൃത്വത്തിലുല്‍ മുസ്‌ലിം സേനയെ ദാത്തുസലാസില്‍ പ്രദേശത്തേക്ക് നബി(സ) പറഞ്ഞയച്ചു. അവര്‍ പുറപ്പെട്ടു കുറേ കഴിഞ്ഞപ്പോള്‍, ഖുള്വാഅയെ നേരിടാൻ അംറിന്റെ സൈന്യം മതിയാകാതെ വരുമെന്ന ബോധ്യത്തില്‍ അബൂഉബൈദ ബിന്‍ ജര്‍റാഹ്(റ)ന്റെ നേതൃത്വത്തില്‍ മറ്റൊരു ബെറ്റാലിയനെകൂടി അവിടേക്ക് പ്രവാചകന്‍ പറഞ്ഞയക്കുന്നു.
അങ്ങനെ ഇരുസംഘങ്ങളും ദാത്തുസലാസില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ആരാണ് യുദ്ധത്തിന്റെ ചീഫ് കമാന്‍ഡര്‍ ആകേണ്ടത് എന്നതില്‍ ഭിന്നതയുണ്ടായി. ഇസ്‌ലാമിലെ പാരമ്പര്യവും ജ്ഞാനവും സൂക്ഷ്മതയും പരിഗണിച്ചാല്‍ നായകനാവേണ്ടത് അബൂഉബൈദ(റ)യാണ്. സ്വര്‍ഗംകൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്ത് സ്വഹാബികളില്‍ ഒരാളാണ്. 'ഈ സമുദായത്തിന്റെ വിശ്വസ്തനായ കാര്യസ്ഥന്‍' എന്ന് മുഹമ്മദ്(സ) വാഴ്ത്തിപ്പറഞ്ഞ സ്വഹാബിയാണ്. ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ തന്നെ മുസ്‌ലിമാകുകയും എത്യോപ്യയിലേക്ക് പലായനം ചെയ്യുകയും ചെയ്ത പ്രമുഖനാണ്. ബദര്‍ ഉള്‍പ്പെടെ സര്‍വ സമരങ്ങളിലും പ്രവാചകരോടൊപ്പം നിലകൊണ്ട ധീരനാണ്.
പക്ഷേ, ഈ യുദ്ധത്തിന് നേതൃത്വം നല്‍കാന്‍ പ്രവാചകന്‍ നേരത്തെ അയച്ച സംഘത്തിന്റെ നായകന്‍ അംറാണ്. ഇസ്‌ലാം സ്വീകരിച്ചിട്ട് ഒരു വര്‍ഷംപോലും തികഞ്ഞിട്ടില്ലെങ്കിലും യുദ്ധതന്ത്രം നന്നായി അറിയുന്ന ആളാണ്. പോരാട്ടമുറകളറില്‍ കഴിവു തെളിയിച്ച താന്‍ യുദ്ധം നയിച്ചാലേ വിജയിക്കൂ എന്ന ബോധ്യത്തിലാണ് അദ്ദേഹം. യുദ്ധമുന്നണിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അബൂ ഉബൈദ മുന്നോട്ടുവന്നപ്പോള്‍, നായകന്‍ എന്ന നിലക്ക് ഞാനാണ് അര്‍ഹന്‍ എന്നു പറഞ്ഞു അംറ് അതു സമ്മതിച്ചില്ല.
ശാന്തനായ അബൂ ഉബൈദ(റ) തന്റെ യോഗ്യത പറഞ്ഞ് അവിടെ കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. തര്‍ക്കിച്ചാല്‍ സംഘത്തില്‍ ചേരിതിരിവ് രൂപപ്പെടുമെന്നും അത് യുദ്ധവിജയത്തെ ബാധിക്കുമെന്നും അബൂഉബൈദക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അദ്ദേഹം കൂടുതലൊന്നും പറയാതെ പിന്മാറി. അംറ് നിസ്‌കാരത്തിനും യുദ്ധത്തിനും നേതൃത്വം നല്‍കി. സ്വഹാബികള്‍ വിജയശ്രീലാളിതരായി മടങ്ങി. പിന്നീട് അബൂഉബൈദ(റ)യുടെ മഹത്വവും സ്ഥാനവും അംറു ബിന്‍ ആസ്(റ) തന്നെ തിരിച്ചറിഞ്ഞു. ചരിത്രപ്രസിദ്ധമായ യര്‍മൂഖ് യുദ്ധം വന്നപ്പോള്‍, അബൂ ഉബൈദയുടെ കീഴിലെ വെറുമൊരു പടയാളിയായിരുന്നു അംറ്.
(ഇബ്‌നു ഹിശാം: സീറത്തു ന്നബവിയ്യ 6/35, ഇബ്‌നു കസീര്‍: സീറത്തു ന്നബവിയ്യ 3/517, ഇബ്‌നുല്‍ അസീര്‍: അല്‍ കാമില്‍ 1/324)
ഞങ്ങളുടെ ഗുരുവിനാണ് മഹത്വം!
ബഗ്ദാദിലെ മഹാ പണ്ഡിതനാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌റാഹീമുല്‍ ഹര്‍ബി(813-898). ഹദീസ് വിജ്ഞാനീയങ്ങളുടെ ഇമാം. കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. നിരവധി മഹാപണ്ഡിതന്മാരുടെ ഗുരുവര്യന്‍.
ശിഷ്യന്മാര്‍ക്കെല്ലാം ഇമാമിനെ വലിയ ആദരവും ബഹുമാനവുമാണ്. അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും ആദ്ധ്യാത്മിക ഭാവവുമെല്ലാം അവരെ നന്നായി ആകര്‍ഷിച്ചതാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഗുരുവിന്റെ മഹത്വം പറയാന്‍ ശിഷ്യന്മാര്‍ക്ക് ആയിരം നാവാണ്. അങ്ങനെയിരിക്കെ, ഒരുപറ്റം ശിഷ്യന്മാര്‍ ഒരു വിദ്വല്‍ സദസ്സില്‍ വച്ചു ഇമാം ഇബ്‌റാഹീമുല്‍ ഹര്‍ബിയെ വല്ലാതെ വാഴ്ത്തിപ്പറഞ്ഞു. പുകഴ്ത്തി പുകഴ്ത്തി ഇമാം അഹ്‌മദ് ബിന്‍ ഹമ്പലി(780-885)നെക്കാള്‍ മഹാനാണെന്നും ജ്ഞാനിയാണെന്നും പറഞ്ഞു. ഇമാം അഹ്‌മദും ഇബ്‌റാഹീമുല്‍ ഹര്‍ബിയും സമകാലികരായ മഹാ പണ്ഡിതന്മാരാണ്. ഇരുവരും ഇറാഖികള്‍. പരസ്പരം വൈജ്ഞാനിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നവര്‍. പരസ്പരം ഉദാഹരിക്കാന്‍ പറ്റിയവര്‍ എന്ന് പില്‍ക്കാല ചരിത്രം മുഴുവന്‍ വാഴ്ത്തിപ്പറഞ്ഞ മഹാന്മാര്‍.
ശിഷ്യന്മാരുടെ ഈ പൊക്കിപ്പറച്ചില്‍ ഇബ്‌റാഹീമുല്‍ ഹര്‍ബി പിന്നീടാണ് അറിഞ്ഞത്. അദ്ദേഹം അവരെ വിളിപ്പിച്ചു. കാര്യമന്വേഷിച്ചു. ശിഷ്യന്മാര്‍ ഉണ്ടായ സംഭവം അംഗീകരിച്ചു. ആ സമയത്താണ് ഇബ്‌റാഹീമുല്‍ ഹര്‍ബിയുടെ പ്രഖ്യാപനം! അതിങ്ങനെ; 'എനിക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത പദവിയില്‍ ഇരിക്കുന്ന ഒരു മഹാജ്ഞാനിയെക്കാള്‍ എന്നെ നിങ്ങള്‍ മഹത്വപ്പെടുത്തിയതിലൂടെ നിങ്ങള്‍ എന്നെ തന്നെയാണ് അക്രമിച്ചിരിക്കുന്നത്. ഈ അക്രമം പൊറുക്കാവതല്ല. ആ മഹാനോട് ഒരു നിലക്കും ഞാന്‍ കിടയൊക്കുകയില്ല. ആകയാല്‍ അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ഞാന്‍ സത്യം ചെയ്തു പറയുന്നു: ഇനി നിങ്ങള്‍ എന്നില്‍ നിന്ന് യാതൊരും അറിവും കേള്‍ക്കാനും അറിയാനും പാടില്ല. അതെനിക്ക് ഇഷ്ടമല്ല. ഇന്ന് മുതല്‍ എന്റെ സദസ്സില്‍ നിങ്ങള്‍ പങ്കെടുക്കാന്‍ പാടില്ല....'
(ദഹബി: സിയറു അഅലാമി ന്നുബലാ 13/364, അലി ഖര്‍നി: ദുറൂസ് 29/10)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."