HOME
DETAILS
MAL
പഞ്ചാബ് ആര് ഭരിക്കും?
backup
October 18 2021 | 04:10 AM
എ. റശീദുദ്ദീന്‍
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റി പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ച കോണ്‍ഗ്രസിന്റെ നീക്കം അത്രയൊന്നും മോശപ്പെട്ടതാവാന്‍ വഴിയില്ലെന്നാണ് സംസ്ഥാനരാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ അടിയൊഴുക്കുകള്‍ വിരല്‍ചൂണ്ടുന്നത്. അമരീന്ദര്‍ വലിയൊരളവോളം തന്റെ പദവിയോട് നീതിപുലര്‍ത്താനാവാത്തവിധം അവശ വാര്‍ധക്യത്തിലേക്ക് കടന്നുകഴിഞ്ഞിരുന്നു. പാര്‍ട്ടിക്കകത്ത് പഴയ നിയന്ത്രണം അദ്ദേഹത്തിന് നഷ്ടപ്പെടുന്നുമുണ്ടായിരുന്നു. ഈയൊരവസ്ഥയില്‍ ക്യാപ്റ്റനെ മുന്നില്‍നിര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ജയിക്കാനുള്ള സാധ്യത കുറഞ്ഞുവരുന്നതാണ് കാണാനുണ്ടായിരുന്നത്. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് അമരീന്ദര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കിയിട്ടില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തിലും അദ്ദേഹത്തിന് വാക്കുപാലിക്കാനായിട്ടില്ല. ആകെക്കൂടി അമരീന്ദറിന് ഉണ്ടായിരുന്ന മേല്‍ക്കൈ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ അദ്ദേഹം സ്വീകരിച്ചുകൊണ്ടിരുന്ന നിലപാടുകളാണ്. എന്നാല്‍ രാജിവയ്ക്കുന്നതിനുമുമ്പേ തന്നെ അമരീന്ദറിന്റെ സ്വരം മാറിത്തുടങ്ങിയിരുന്നു. അതുകൊണ്ടൊക്കെയാണ് ചരണ്‍ജിത്ത് സിങ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി അവതരിപ്പിച്ച കോണ്‍ഗ്രസിന്റെ നീക്കം നിര്‍ണായകമായി മാറുന്നത്. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഭൂട്ടാ സിങ്ങിനുശേഷം പഞ്ചാബിലെ ദലിതരില്‍നിന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന നേതാവാണ് ചന്നി. 32 ശതമാനത്തോളം വോട്ടര്‍മാരും ദലിതരായ സംസ്ഥാനമാണ് പഞ്ചാബ് എന്നതുകൊണ്ടുതന്നെ ഈ നീക്കത്തിന് ജാതി സമവാക്യങ്ങളുമായും കര്‍ഷകസമൂഹവുമായും ബന്ധപ്പെട്ട് അതിയായ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അമരീന്ദറിന്റെ വിമതനീക്കങ്ങള്‍ ശക്തമാണെങ്കിലും സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാത്തിടത്തോളം കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായേക്കും. അമരീന്ദര്‍-സിദ്ദു ദ്വന്ദമാണ് ബി.ജെ.പി സ്വപ്നം കണ്ട പഞ്ചാബിലെ ഏറ്റവും വലിയ സാധ്യത. സിദ്ദുവിന്റെ മുഖ്യമന്ത്രി പദവി ചര്‍ച്ചക്കെടുക്കാഞ്ഞതിലൂടെ കോണ്‍ഗ്രസ് അതിന്റെ തലവേദനകളെ കൈയൊഴിയുകയാണെന്നാണ് വ്യക്തമാവുന്നത്. അമരീന്ദറിനും സിദ്ദുവിനും പോരടിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ഇനി ചെറിയ തട്ടകങ്ങളേ ബാക്കിയുള്ളൂ. ഇനിയുള്ള ആറു മാസക്കാലം ഭരണരംഗത്ത് ശ്രദ്ധപതിപ്പിച്ചാല്‍ തന്നെ 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താനുള്ള സാധ്യതകള്‍ ബാക്കിയാവുന്നുണ്ട്. മറുഭാഗത്ത് ലേഖിംപൂര്‍ ഖേരി സംഭവത്തിനുശേഷം കര്‍ഷക പ്രക്ഷോഭത്തിന് കൈവന്ന തീവ്രതയുടെ പശ്ചാത്തലത്തില്‍ അമരീന്ദറിന്റെ ബി.ജെ.പി പ്രവേശനം അടഞ്ഞ അധ്യായമായി മാറാനാണ് സാധ്യത. മുഖ്യമന്ത്രി പദവി രാജിവച്ച് ഡല്‍ഹിയിലെത്തിയ അമരീന്ദര്‍ അമിത് ഷായെ കണ്ടത് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കാനാണെന്ന് ദേശീയ മാധ്യമങ്ങള്‍ ഗോസിപ്പു കഥകള്‍ പ്രചരിപ്പിച്ചതോടെ തന്നെ തത്ത്വത്തില്‍ അദ്ദേഹം തീര്‍ന്നുകഴിഞ്ഞിരുന്നു. താന്‍ ഇത്രയും കാലം കര്‍ഷകര്‍ക്കുവേണ്ടി എതിരിട്ട അതേ ശക്തികളോട് താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിയാവുന്നത് അത്ര ലളിതമായി ന്യായീകരിക്കാനാവുന്ന ഒരു ചുവടുമാറ്റമായിരുന്നില്ല. നേര്‍ക്കുനേരെ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം പുതിയൊരു പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനെതിരേ മത്സരിക്കുമെന്നുമാണ് ഒടുവില്‍ കേള്‍ക്കാനുള്ളത്. ആരായിരിക്കും ഒപ്പം എന്നതാണ് ചോദ്യം. അമരീന്ദര്‍ ബി.ജെ.പിയെ ഒപ്പംനിര്‍ത്തുമോ എന്ന് കണ്ടറിയേണ്ടി വരും. അമരീന്ദര്‍ ഒറ്റക്കാണെങ്കില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി-ശിരോമണി അകാലിദള്‍ സഖ്യവും ബി.ജെ.പിയും കോണ്‍ഗ്രസും ആം ആദ്മിയുമൊക്കെ കൂടി രംഗത്തിറങ്ങുന്ന ചതുഷ്‌കോണ മത്സരത്തില്‍ കാര്യമായൊന്നും മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിയണമെന്നില്ല.
സ്വന്തം പ്രശ്‌നങ്ങളാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പോകുന്നത്. സിദ്ദു രാജി പിന്‍വലിച്ചെങ്കിലും വലിയ അളവില്‍ ആശയക്കുഴപ്പം ബാക്കിവച്ചിട്ടുണ്ട്. കോണ്‍ഗ്രസിനകത്തെ ആഭ്യന്തര കലഹത്തെ വലിയ സാധ്യതയായി മുന്നില്‍ കണ്ടാണ് ആം ആദ്മി പടയൊരുക്കം നടത്തുന്നത്. അതേസമയം ചന്നിയുടെ സര്‍ക്കാരിനെ നേര്‍ക്കുനേരെ വിമര്‍ശിക്കാന്‍ കെജ്‌രിവാള്‍ തയാറായിട്ടില്ല. വായ്പയുടെയും തൊഴിലിന്റെയും കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നും കേന്ദ്രവുമായി ഉണ്ടാക്കിയ വൈദ്യുതി കരാറുകള്‍ റദ്ദാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സ്ഥിതിക്ക് അതുടനെ നടപ്പില്‍വരുത്തണമെന്നുമാണ് കെജ്‌രിവാളും കൂട്ടരും ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍. ചന്നിയുടെ കാബിനറ്റിലും അദ്ദേഹം നടത്തിയ സ്ഥാനചലനങ്ങളിലും അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടത് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിനെയും മക്കളെയും ബാബാ റാം റഹീം സിങ്ങിനെയുമൊക്കെ അന്വേഷണത്തില്‍ കുറ്റവിമുക്തനാക്കിയ ഡി.ജി.പി സഹോതയെ പൊലിസിന്റെ തലപ്പത്ത് നിയമിച്ച നടപടി ഉദാഹരണം. പക്ഷേ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പാര്‍ട്ടി പെട്ടെന്നുതന്നെ ഇടപെട്ടതോടെ കെജ്‌രിവാള്‍ വിഷയദാരിദ്ര്യം നേരിടുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കില്‍ പോലും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ആം ആദ്മിയും കോണ്‍ഗ്രസും തമ്മിലാണ് പഞ്ചാബിലെ പോരാട്ടം ശക്തിപ്പെടുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബഹുദൂരം മുന്നിലേക്കെത്തുന്ന ചിത്രമായിരിക്കും ഇക്കുറി ആം ആദ്മി പാര്‍ട്ടിയുടേത്. സംസ്ഥാനത്ത് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനമായിരിക്കും പാര്‍ട്ടിയുടെ തുരുപ്പുചീട്ട്.
അമരീന്ദര്‍ സിങ് മത്സരിക്കില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി ഒറ്റക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിലേക്ക് കടന്നുകയറുമെന്ന കാര്യം തീര്‍ച്ച. മറുഭാഗത്ത് ബി.ജെ.പിയും ശിരോമണി അകാലിദളും ഇതേ മട്ടില്‍ നഷ്ടം ഏറ്റുവാങ്ങും. അമരീന്ദര്‍ രംഗത്തിറങ്ങുന്നതോടെ ആം ആദ്മി പാര്‍ട്ടിക്കുമുണ്ട് പ്രതിസന്ധി. അവര്‍ക്ക് കിട്ടുമായിരുന്ന കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകുകയാണ് പഞ്ചാബില്‍ സംഭവിക്കുക. അന്തിമവിശകലനത്തില്‍ പരസ്പരം എതിരിടുമ്പോഴും കോണ്‍ഗ്രസും എ.എ.പിയും ശക്തിപ്പെടുകയും ചെയ്യും. തന്റെ തന്നെ സര്‍ക്കാരിനെതിരേയുള്ള വികാരം വോട്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് കോണ്‍ഗ്രസിനെ ചൂണ്ടിക്കാട്ടി അമരീന്ദര്‍ ദുര്‍ബലമാക്കാന്‍ പോകുന്നത്. ഇതിനിടയില്‍ എവിടെയോ ആണ് അകാലിദള്‍-മായാവതി സഖ്യം കുടുങ്ങിപ്പോവുക. അവര്‍ക്ക് എത്രത്തോളം മുന്നോട്ടുപോകാനാവുമെന്ന് കണ്ടുതന്നെ അറിയണം. കര്‍ഷകനിയമം പാസാക്കാന്‍ ബി.ജെ.പിയെ പാര്‍ലമെന്റില്‍ പിന്തുണച്ചതിനു ശേഷമാണ് അകാലികള്‍ ചുവടുമാറ്റിപ്പിടിച്ചത് എന്നതുകൊണ്ടുതന്നെ പഞ്ചാബില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഹര്‍സിംമ്രത്ത് കൗര്‍ രാജിവച്ചുവെങ്കില്‍ കൂടിയും പഞ്ചാബിലെ കര്‍ഷകരെ തണുപ്പിക്കാന്‍ ഇനിയും അകാലിദളിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ബി.ജെ.പിയും അകാലിദളും അമരീന്ദറും കോണ്‍ഗ്രസിനെതിരേയും എ.എ.പിയും കോണ്‍ഗ്രസും ബി.ജെ.പിക്കെതിരേയുമാണ് മത്സരരംഗത്തുണ്ടാവുക. പഞ്ചാബിന്റെ സാഹചര്യത്തില്‍ ഇതില്‍ ഏറ്റവും ശക്തമായ ഭരണവിരുദ്ധ വികാരം മോദി സര്‍ക്കാരിനെതിരേ ആയിരിക്കുമെന്ന് ഏതാണ്ടെല്ലാ രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നുമുണ്ട്.
അതേസമയം, ബി.ജെ.പിയും അമരീന്ദറും കരുത്തരായി മാറുന്ന ഒരു സാങ്കല്‍പ്പിക ചിത്രവുമുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമ്പോഴൊക്കെയും ഈ സാധ്യത സജീവവുമായിരുന്നു. ലേഖിംപൂര്‍ ഖേരി സംഭവത്തിനു ശേഷമാണ് അമരീന്ദര്‍ മാത്രമല്ല പഞ്ചാബില്‍ ബി.ജെ.പിയും മുമ്പെന്നേക്കാളും പരുങ്ങലിലായത്. കര്‍ഷക പ്രക്ഷോഭത്തിന് മാന്യമായ അന്ത്യമുണ്ടാക്കാന്‍ ബി.ജെ.പി തയാറാവുകയും അത് അമരീന്ദറിന്റെ ചെലവില്‍ ആവുകയും ചെയ്യുമ്പോള്‍ പക്ഷേ ഇപ്പോഴും കളി മാറാനിടയുണ്ട്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കര്‍ഷക പ്രക്ഷോഭം തന്നെയാണ് പാര്‍ട്ടിയുടെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്. ഗോവയിലും മണിപ്പൂരിലും ഈ സമരം വലിയൊരു വിഷയമല്ലെങ്കിലും പ്രതിഛായ നഷ്ടപ്പെട്ട മോദി സര്‍ക്കാരിനു മുമ്പില്‍ അവശ്യസാധനങ്ങളുടെയും പ്രെട്രോളിന്റെയുമൊക്കെ വിലക്കയറ്റവും കൊവിഡുമൊക്കെയായി പലതരം പ്രതിസന്ധികളുണ്ട്. മോദിയുടെ മുഖം ഇനി പാര്‍ട്ടിയെ രക്ഷിക്കാന്‍ പോകുന്നില്ലെന്ന അടക്കംപറച്ചിലുകള്‍ ബി.ജെ.പിയെ പോലെ കടുത്ത ഏകാധിപത്യമുള്ള പാര്‍ട്ടിയില്‍ നിന്നുപോലും പുറത്തേക്കു വരാനാരംഭിച്ചു. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് കൈവിടാതിരിക്കാനെങ്കിലും കര്‍ഷക സമരത്തില്‍ പുതിയൊരു നീക്കം കേന്ദ്രം അവസാനവട്ടശ്രമമെന്ന നിലയില്‍ നടത്തിക്കൂടായ്കയില്ല. ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് അമരീന്ദറിനെയാണ് മുന്നില്‍ നിര്‍ത്തുന്നതെങ്കില്‍ ബി.ജ.പി ആസന്നമായ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തിലെങ്കിലും പുഷ്പം പോലെ ജയിച്ചു കയറും. പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ചെയ്യും.
വാല്‍ക്കഷണം: പഞ്ചാബില്‍ ആം ആദ്മി വരുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ സംഘങ്ങള്‍ വിലയിരുത്തുന്നതെന്നും അതുകൊണ്ടാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ അധികാര പരിധി അതിര്‍ത്തിയോടു ചേര്‍ന്ന പതിനഞ്ച് കിലോമീറ്ററില്‍ നിന്ന് 50 ആക്കി ഉയര്‍ത്തിയതെന്നുമുള്ള ഒരു സിദ്ധാന്തം രാഷ്ട്രീയ ഇടനാഴികളിലൂടെ ഓടിനടക്കുന്നുണ്ട്. പഞ്ചാബിന്റെ തലസ്ഥാനമായ അമൃത്‌സര്‍ പാക്കതിര്‍ത്തിയില്‍ നിന്നു 50 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലാണ്. കെജ്‌രിവാളിനെ ഡല്‍ഹിയില്‍ പൊലിസിനെ ഉപയോഗിച്ച് പാഠം പഠിപ്പിക്കുന്നതുപോലെ പഞ്ചാബിലും ഒരു ശ്രമം നടത്താനാണ് ഈ നിയമം ധൃതിപിടിച്ച് പൊടിതട്ടിയെടുത്തതെന്നാണ് മാധ്യമപടുക്കള്‍ വിലയിരുത്തുന്നത്. നേരത്തെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈയിടാനുള്ള നീക്കമായാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഈ ശ്രമത്തെക്കുറിച്ച് പ്രതികരിച്ചത്. അതെങ്ങനെയാണ് ഉപയോഗിക്കുക എന്ന കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ ബോധമുള്ള സ്ഥിതിക്ക് പഞ്ചാബിലുള്ളവര്‍ കാത്തിരുന്നു കൊള്ളുക. ജയിക്കുന്നത് ആരായാലും അമൃത്‌സര്‍ അമിത് ഷാ തന്നെ ഭരിക്കുമെന്നാണ് ഇപ്പറയുന്നതിന്റെ അര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."