HOME
DETAILS

അഫ്‌സൽ ഗുരുവിന് കിട്ടിയതും മറ്റുള്ളവർക്ക് കിട്ടാതിരിക്കുന്നതും

  
backup
December 27 2023 | 17:12 PM

what-afzal-guru-got-and-others-didnt

എ.പി.കുഞ്ഞാമു

പാർലമെന്റ് ആക്രമണക്കേസിൽ പിടിക്കപ്പെട്ട ചെറുപ്പക്കാരെ ഇന്ത്യയിലെ നിയമപാലന നീതിന്യായ വ്യവസ്ഥകൾ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക? അവരുടെ മേൽ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ചു കടക്കൽ, കലാപ പ്രേരണ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഡൽഹി പൊലിസ് പറയുന്നു.

ഭീകരവാദ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടാവാം എന്ന് അനുമാനിക്കപ്പെടുന്നു. അന്വേഷണങ്ങൾ മുന്നോട്ടു പോകുമ്പോൾ അവരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് സാധ്യത. അങ്ങനെ വരുമ്പോൾ വധശിക്ഷ തന്നെയാവാം പ്രതിഫലം. മകൻ തെറ്റു ചെയ്തുവെങ്കിൽ തൂക്കിലേറ്റപ്പെടട്ടെ എന്ന അവരിലൊരാളുടെ അച്ഛന്റെ വാക്കുകൾ പ്രവചനാത്മകമായിത്തീരുമോ?


പക്ഷേ, അവരെക്കുറിച്ച് ഇപ്പോൾ കാര്യമായി ഒന്നും കേൾക്കാറില്ല. അവരുടെ രാഷ്ട്രീയബന്ധം പോലും ദുരൂഹം. മാധ്യമങ്ങളും അതിനു പിന്നാലെയില്ല. മൊത്തം സംഭവങ്ങൾ വിലയിരുത്തുമ്പോൾ നിരാശാഭരിതരായ ചില ചെറുപ്പക്കാരുടെ കാൽപനികവിഭ്രാന്തിയോ സാഹസികതയോ ആവാം ഇതെന്നാണ് കരുതപ്പെടുന്നത്. ഭഗത് സിങ്ങിനോടുള്ള അവരുടെ അഭിനിവേശവും ആരാധനാ മനോഭാവവും അത്തരമൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്.


അതേസമയം, ഇതു ബി.ജെ.പിയുടെ തന്നെ തന്ത്രമാണെന്ന് കരുതുന്ന കടുത്ത സിനിക്കുകളുമുണ്ട്. ഒരു ബി.ജെ.പി എം.പി നൽകിയ പാസുകളുമായാണ് അവർ പാർലമെന്റിൽ പ്രവേശിച്ചത് എന്നതും അവർക്ക് സുഗമമായി പ്രവേശിക്കാവുന്ന തരത്തിൽ സുരക്ഷാ പാളിച്ചയുണ്ടായി എന്നതും മാത്രമല്ല, ഇതിനു പിന്നിലെ ന്യായം. ആക്രമണത്തിനു പിന്നാലെ കേന്ദ്ര സർക്കാർ അതിനോട് പുലർത്തിയ നിസ്സംഗതയും ലാഘവ ബുദ്ധിയുമാണ് പല സംശയങ്ങൾ ഉണർത്തുന്നത്. ഏതായാലും ഒന്നു പറയാം. ഉണ്ടെന്ന് പറയുന്നതും കണ്ടുപിടിക്കപ്പെടുമ്പോൾ മാത്രം ഇല്ലെന്ന് വ്യക്തമാക്കപ്പെടുന്നതുമാണ് നമ്മുടെ ജാഗ്രതകൾ എന്ന കാര്യം.

അല്ലെങ്കിൽ സർക്കാർ മുൻകൈ എടുത്തു നടത്തിയ വ്യാജ ആക്രമണമാവാം ഇത്. വ്യാജ എൻകൗണ്ടറുകളും വ്യാജ പരാതികളുമൊക്കെ സർക്കാർ മുൻകൈയിൽ തന്നെ ധാരാളമുണ്ട് എന്ന വസ്തുതയുള്ളപ്പോൾ ഇതും നാടകമാണെന്ന് സംശയിക്കാമല്ലോ.
ഒളിച്ചുകളികളുടെ രാഷ്ട്രീയമെന്ത്?


ആക്രമണത്തിന് തുനിഞ്ഞിറങ്ങിയവരുടെ സാമൂഹിക പശ്ചാത്തലം താരതമ്യേന മെച്ചപ്പെട്ടതാണ്. അവർക്ക് ഉയർന്ന ആളുകളുമായി ബന്ധമുണ്ട്. ചിലർ നല്ല വിദ്യാഭ്യാസമുള്ളവരാണ്. കേസിൽ ഏറ്റവുമൊടുവിൽ അറസ്റ്റ് ചെയ്യപ്പെട്ട മൈസൂർ സ്വദേശി ഒരു ഡി.എസ്.പിയുടെ മകനാണ്. പാസ് കൊടുത്ത എം.പി കടുത്ത മുസ്‌ലിം വിരുദ്ധനാണ്. ഇതിനോട് ചേർത്തു വായിക്കണം, സംഭവത്തെ നിസാരവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതെല്ലാം ധൃതിപിടിച്ച സാമാന്യവൽക്കരണങ്ങളാവാം. പക്ഷേ, ഈ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ മറവിൽ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തന്നെ കൊലയ്ക്ക് കൊടുക്കുന്നതോ? അതെങ്ങനെ ന്യായീകരിക്കപ്പെടും?


പാർലമെന്റ് ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കടുക്കുന്നത് സ്വാഭാവികമാണ്. തുടർ നടപടികൾ സർക്കാരിന്റെ ഭാഗത്ത് ദുരൂഹമാംവണ്ണം ഇഴഞ്ഞുനീങ്ങുമ്പോൾ സംശയങ്ങൾക്ക് മൂർച്ച കൂടും. അതിനെ ഗൗരവത്തോടെ സ്വീകരിക്കുന്നതിനു പകരം പ്രതിപക്ഷ എം.പിമാരെ ഒന്നടങ്കം സസ്‌പെൻഡ് ചെയ്ത് തങ്ങൾക്കാവശ്യമുള്ള ബില്ലുകൾ പാസാക്കിയെടുക്കുകയാണ് സർക്കാർ. പുകബോംബ് സൃഷ്ടിച്ചവരുടെ ചെയ്തിയേക്കാൾ ഭീകരമായ ആക്രമണമാണ് ഓം പ്രകാശ് ബിർലയും കേന്ദ്ര സർക്കാരും ചേർന്നു നടത്തിയത് എന്നു പറയുന്നതാവും ഭേദം.


പഴയ ഓർമ


ഈ സമയത്ത് പാർലമെന്റിനു നേരെ നടന്ന പഴയൊരു ആക്രമണവും അതിനോട് ഇന്ത്യയുടെ ഭരണ നീതിന്യായ വ്യവസ്ഥകളുടെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങളും എങ്ങിനെയായിരുന്നു എന്ന് ഓർക്കുന്നത് ഉചിതമാകും. 2011 ഡിസംബർ 13ന്, അതായത് ഇപ്പോഴത്തെ ആക്രമണത്തിന് കൃത്യം 22 വർഷങ്ങൾക്ക് മുമ്പാണ് അതു നടന്നത്. അഫ്‌സൽ ഗുരു, ഷൗക്കത്ത് ഹുസൈൻ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്‌സാൻ ഗുരു, ഡൽഹി സർവകലാശാലയിലെ അറബി അധ്യാപകനായ എസ്.എ.ആർ ഗീലാനി എന്നിവരെ അറസ്റ്റ് ചെയ്തു.

ജെയ് ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. അഫ്‌സൽ ഗുരു, ഷൗക്കത്ത്, ജീലാനി എന്നിവർക്ക് പ്രത്യേക കോടതി വധശിക്ഷയും അഫ്‌സാൻ ഗുരുവിന് അഞ്ചു വർഷം തടവും വിധിച്ചുവെങ്കിലും ജീലാനിയേയും അഫ്‌സാനേയും 2003ൽ ഹൈക്കോടതി വെറുതെ വിടുകയും ഷൗക്കത്തിന്റെ വധശിക്ഷ പത്ത് വർഷത്തെ തടവുശിക്ഷയാക്കി മാറ്റുകയും ചെയ്തു. 2010ൽ ഷൗക്കത്ത് ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിൽ മോചിതനായി.


എന്നാൽ, അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയിൽ കോടതി യാതൊരു ഇളവും അനുവദിച്ചില്ല. ആക്രമണത്തിൽ ഗുരു പങ്കെടുത്തിട്ടേയില്ല. ഒരു ഭീകരവാദ സംഘടനയിലും ആ സമയത്ത് അയാൾ അംഗമായിരുന്നില്ല. സാഹചര്യത്തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയാണ് കോടതി ഗുരുവിനെ ശിക്ഷിച്ചത്. അതാകട്ടെ, സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളിൽ അയാൾ കശ്മിരിലുള്ള തന്റെ സഹോദരനോട് നടത്തിയ ഫോൺ സംഭാഷണവും. കശ്മിരിയിലുള്ള ആ സംഭാഷണം തർജമ ചെയ്യാൻ കോടതി ആശ്രയിച്ചത് കാൽ നൂറ്റാണ്ട് മുമ്പ് കശ്മിർ വിട്ട പഴയ നാലാം ക്ലാസുകാരനെ.

എന്നാൽ, കോടതിയുടെ മുമ്പിൽ ഗുരുവിന്റെ കുറ്റസമ്മത മൊഴിയുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ നൽകുന്ന കുറ്റസമ്മത മൊഴിക്ക് തെളിവ് എന്ന നിലയിൽ എത്രത്തോളം സാധ്യതയുണ്ട് എന്നതോ പിന്നീട് ആ കുറ്റസമ്മത മൊഴി ഗുരു നിഷേധിച്ചു എന്നതോ കോടതി ഗൗനിച്ചതേയില്ല. പൊതുജന വികാരവും സ്വാഭാവിക നീതിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നീതി തോറ്റുപോയി എന്നാണ് പലരും ഇതേക്കുറിച്ചു പറയുന്നത്.


2006ലാണ് അഫ്‌സൽ ഗുരുവിന്റെ ഭാര്യ തബസ്സും രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന് ദയാഹരജി നൽകുന്നത്. അതിന്മേൽ തീരുമാനം നീണ്ടുപോയി. പിന്നീട് വന്ന രാഷ്ട്രപതിയും തീരുമാനം വൈകിച്ചു. അഫ്‌സൽ ഗുരുവിന് മാപ്പ് നൽകുന്നതിന് എതിരായി ഉയർന്ന പൊതുവികാരമാണ് രാഷ്ട്രപതിമാരുടെ ഈ നീട്ടിക്കൊണ്ടുപോകലിനു കാരണം. തിളച്ചുമറിയുന്ന ദേശാഭിമാനത്തിന്റെ ചൂടിൽ അഫ്‌സൽ ഗുരുവിനെ വധിക്കുക എന്നത് ഒരു ദേശീയാവശ്യമായി രൂപാന്തരപ്പെട്ടു.

ഇന്ത്യൻ ദേശീയത ഒരു വൈകാരിക വിക്ഷോഭമായി രൂപപ്പെട്ടപ്പോൾ കരുണാരഹിതമായി ആ മനുഷ്യനെ രഹസ്യമായി തൂക്കിക്കൊല്ലാൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. യു.പി.എ സർക്കാരാണ് അന്ന് ഭരണത്തിൽ. കശ്മിരിലെ പ്രാദേശിക രാഷ്ട്രീയവും മാവോയിസ്റ്റുകളും ചില മനുഷ്യാവകാശ സംഘടനകളും മാത്രമാണ് ഈ വധശിക്ഷയ്ക്കെതിരേ ശബ്ദമുയർത്തിയത്. അതേസമയം, ആഗോളതലത്തിൽ ഈ വധശിക്ഷ ശക്തിയായി വിമർശിക്കപ്പെടുകയുണ്ടായി. ദേശാഭിമാനച്ചൂടിൽ ഈ വിമർശനങ്ങൾ വിസ്മൃതമായി.


പൊതുജനാഭിപ്രായം സ്വാഭാവികമായ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ. ഏതാണ്ട് അതേ കാലത്ത് മറ്റു രണ്ടുപേർ കൂടി പൊതുജന ശ്രദ്ധയാകർഷിച്ച് വധശിക്ഷ കാത്തു കഴിയുന്നുണ്ടായിരുന്നു. പഞ്ചാബിലെ ഖാലിസ്താൻ അനുകൂലിയായ ദേവീന്ദർ പാൽ ഭുല്ലർ, രാജീവ് ഗാന്ധി വധക്കേസിലെ പ്രതി മുരുകൻ എന്നിവർ. ഒമ്പതു പേർ മരിക്കുകയും 31 പേർക്ക് പരുക്കേൽക്കുകയും ചെയ്ത 1993ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായിരുന്നു ഭുല്ലർ.


ഖാലിസ്താൻ വാദികളുടെ കണ്ണിലെ കരടായ യൂത്ത് കോൺഗ്രസ് നേതാവ് മണീന്ദർ ബിട്ടയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കിലും അയാൾ രക്ഷപ്പെട്ടു. ഗൂഢാലോചനക്കുറ്റമാണ് കെമിക്കൽ എൻജിനീയറിങ് പ്രൊഫസറായ അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെട്ടത്. വധശിഷ വിധിച്ചുവെങ്കിലും സുപ്രിംകോടതി 2014 മാർച്ച് 31ന് അതു ജീവപര്യന്തത്തടവാക്കി. ദയാഹരജിയിൽ തീർപ്പു കൽപ്പിക്കാൻ എട്ടു കൊല്ലം വൈകി, ദീർഘകാലം തടവുശിക്ഷ അനുഭവിച്ചു,

വ്യക്തിപരമായ കാരണത്തിന്റെ പേരിലല്ല കുറ്റം ചെയ്തത്. മാനസികരോഗിയാണ് ഇങ്ങനെ പല കാരണങ്ങളുമാണ് ഇളവിന് കാരണമായത്. മുരുകന്റെ വധശിക്ഷയും റദ്ദാക്കപ്പെടുകയാണുണ്ടായത്. നിസാരമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരമാവധി ശിക്ഷ എന്ന വാദം കണക്കിലെടുക്കപ്പെട്ടു. മുരുകൻ ചെയ്ത കുറ്റം കൊലനടത്തിയ വ്യക്തിക്ക് ഒരു ബാറ്ററി വാങ്ങിക്കൊടുത്തതാണ്. ആ സമയത്ത് ആ വ്യക്തിയുടെ സംഘടനയായ എൽ.ടി.ടി.ഇ നിരോധിക്കപ്പെട്ടിരുന്നില്ല. ഇത്തരം പരിഗണനകൾ രണ്ടുപേർക്കും ലഭിച്ചു.


എന്തുകൊണ്ടു ഗുരു?


മൂന്നുപേരുടേയും വധശിക്ഷക്കെതിരായി ശക്തമായ പൊതുവികാരമുണ്ടായിരുന്നു എന്നത് സത്യമാണ്. ഭുല്ലറിന്റെ കാര്യത്തിൽ പഞ്ചാബി-സിക്ക് വികാരം, മുരുകനോടൊപ്പം തമിഴ് വികാരം. ഇവ രണ്ടും വിധിന്യായത്തെ സ്വാധീനിച്ചുവെന്നു പറഞ്ഞുകൂടാ. എന്നാൽ, കശ്മിരി വികാരം സൃഷ്ടിച്ച തരംഗങ്ങൾ അഫ്‌സൽ ഗുരുവിന്റെ കഴുത്തിൽ കുരുക്ക് വീഴുന്നതിലേക്കാണ് കാര്യങ്ങൾ നയിച്ചതെന്നു തോന്നുന്നു.

അതിനു ബദൽ എന്ന നിലയിൽ ഗുരുവിനെ തുക്കിലേറ്റാൻ ബി.ജെ.പിയും ഹിന്ദുത്വശക്തികളും ശക്തമായ മുറവിളികൾ ഉയർത്തിയിരുന്നു. രാജ്യത്തിന്റെ പൊതുബോധം എതിരായപ്പോൾ സ്വാഭാവിക നീതി മാറി നിന്നു.
പുതിയ പാർലമെന്റ് ആക്രമണക്കേസിൽ ഇങ്ങനെയൊരു പൊതുബോധം രൂപപ്പെടാനിടയില്ല. സംഭവത്തിന്റെ രാഷ്ട്രീയ വിവക്ഷകൾ ഇനിയും തെളിഞ്ഞു വന്നിട്ടില്ല. പ്രതികളുടെ ജാതിയും മതവുമൊക്കെ അതിനു കാരണമായിരിക്കാം.

പഞ്ചാബ് ഗവർണർക്കയച്ച കത്തിൽ ഭഗത് സിങ് ചോദിച്ചതു പോലെ സർക്കാരിനെതിരേ യുദ്ധം ചെയ്ത ആളുകളെ യുദ്ധക്കുറ്റവാളികളായല്ലേ കാണേണ്ടത്? യുദ്ധക്കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വെടിവച്ചു കൊല്ലുകയാണ് വേണ്ടതെന്ന് ഭഗത് സിങ് വാദിച്ചു. ഭഗത് സിങ്ങിന്റെ നിശിതമായ പരിഹാസത്തിന്റെ മൂർച്ച ഇപ്പോഴത്തെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയേയും ഒരുപക്ഷേ മുറിവേൽപ്പിക്കുന്നുണ്ടാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago