സ്വര്‍ണക്കടത്ത് കേസ് ; കുറ്റപത്രത്തിലെ ആരോപണങ്ങള്‍ സര്‍ക്കാരിന് തലവേദനയാകും
സുനി അല്‍ഹാദി
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ സുരക്ഷാചട്ട ലംഘന ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ഭാവിയിലും തലവേദനയാകും.
എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതി മുമ്പാകെ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള സുരക്ഷാവീഴ്ചകളുടെ നീണ്ടനിര തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ പ്രവര്‍ത്തിച്ചതെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കുറ്റപ്പെടുത്തല്‍. ഇത് സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനുനേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും.
കേന്ദ്ര വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ച നയതന്ത്ര ചട്ടങ്ങള്‍ക്ക് ഉപരിയായി യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്ക് സംസ്ഥാന പ്രോട്ടോക്കോള്‍ വകുപ്പ് സൗകര്യങ്ങളൊരുക്കി കൊടുത്തുവെന്നും അവര്‍ അത് ദുരുപയോഗം ചെയ്തുവെന്നും കസ്റ്റംസ് ആരോപിക്കുന്നുണ്ട്. മാത്രമല്ല ഇത് വിദേശകാര്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും വ്യക്തമാക്കുന്നുമുണ്ട്.
അന്നത്തെ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് എക്‌സ് കാറ്റഗറി സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. കോണ്‍സുല്‍ ജനറലിന് സുരക്ഷാ ഭീഷണിയൊന്നും ഇല്ലെന്നിരിക്കെ ആയിരുന്നു എക്‌സ് കാറ്റഗറി സുരക്ഷ അനുവദിച്ചത്.
ഈ അതീവ സുരക്ഷാ സൗകര്യം സ്വര്‍ണക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ മറയായി ഉപയോഗിക്കുകയും ചെയ്തു. അര്‍ഹതയില്ലാത്ത വ്യക്തികള്‍ക്ക് നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിച്ചതും ഗുരുതര സുരക്ഷാ വീഴ്ചയായി കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഇത്തരം നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വിമാനത്താവളത്തിലും മറ്റും ഇവര്‍ നിര്‍ബാധം കയറിയിറങ്ങുകയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ളവയ്ക്കായി ദുരുപയോഗവും ചെയ്തു.
സംസ്ഥാന പ്രോട്ടോക്കോള്‍ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ചില മന്ത്രിമാരും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും കോണ്‍സുല്‍ ജനറലുമായും കോണ്‍സുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധപ്പെട്ടതിനെതിരേ കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളുണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഇത്തരം നയതന്ത്ര സുരക്ഷാ ചട്ടങ്ങളുടെ ദുരുപയോഗത്തിന് കൂട്ടുനിന്നത് ഗൗരവതരമായി കാണണം. ചില മന്ത്രിമാര്‍ നേരിട്ട് യു.എ.ഇ കോണ്‍സുല്‍ ജനറലുമായി ആശയവിനിമയം നടത്തിയതും ദേശീയ സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ്.
കേന്ദ്ര ഏജന്‍സികള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ കേസിലെ വിചാരണാഘട്ടത്തിലു മറ്റും സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും. ഇത്തരം ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."