ബുര്‍ഹാന്‍ വാനിയുടെ പിതാവും ശ്രീ ശ്രീ രവിശങ്കറും കൂടിക്കാഴ്ച നടത്തി
ബംഗളൂരു: കശ്മിരില്‍ സുരക്ഷാസേന കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ബംഗളൂരുവിലെ രവിശങ്കറിന്റെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച. രവിശങ്കര്‍ തന്നെയാണ് വാര്‍ത്തയും ചിത്രവും പുറത്തുവിട്ടത്. ആനുകാലിക വിഷയങ്ങളെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കശ്മിര് താഴ്വരയില് സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യങ്ങളെകുറിച്ചും ചര്‍ച്ച നടത്തിയെന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസം ബുര്‍ഹാന്‍ വാനിയുടെ പിതാവ് ആശ്രമത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച വിവാദമാക്കേണ്ട കാര്യമില്ല. മനുഷ്യത്വത്തിന്റെ കോണില്‍ ഇത് കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താന്‍ ചികിത്സയ്ക്കായാണ് രവിശങ്കറിന്റെ ആശ്രമത്തിലെത്തിയതെന്നും താനുമായി അദ്ദേഹം അഞ്ചു മിനുട്ടു മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും മുസാഫര്‍ വാനി പറഞ്ഞു. ജൂലൈ എട്ടിനാണ് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.
തുടര്‍ന്ന് കശ്മിരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് ഇപ്പോഴും ശമനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."